തിരുവനന്തപുരം- കോഴിക്കോട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മുസ്ലിം തീവ്രവാദ സംഘടനയാണ് മാവോയിസ്റ്റുകളെ വളർത്തുന്നതെന്ന സിപി.എം ജില്ലാ സെക്രട്ടറി പി. മോഹനൻ മാസ്റ്ററുടെ പ്രസ്താവന നിയമസഭയിൽ ആയുധമാക്കി പ്രതിപക്ഷം. പി. മോഹനൻ ആരോപിച്ച ഇസ്ലാമിക തീവ്രവാദ സംഘടന ഏതാണെന്ന് സർക്കാറിന് വിവരമുണ്ടോ എന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ചോദിച്ചു. എന്നാൽ പൊതുയോഗത്തിൽ രാഷ്ട്രീയ നേതാക്കൾ ഉയർത്തുന്ന ആരോപണങ്ങൾ സഭയിൽ ഉന്നയിക്കുന്നത് മോശം പ്രവണതയാണെന്ന് ഇ.പി ജയരാജൻ മറുപടി പറഞ്ഞു.
കോഴിക്കോട്ട് മാവോയിസ്റ്റുകൾക്ക് സഹായം നൽകുന്നത് മുസ്ലിം തീവ്രവാദ സംഘടനകളാണെന്ന് പി.മോഹനൻ മാസ്റ്റർ ആരോപിച്ചിരുന്നു. അതേസമയം, മോഹനൻ മാസ്റ്ററുടെ പ്രസ്താവനയെ ബി.ജെ.പി സ്വാഗതം ചെയ്തു. ഇക്കാര്യത്തിൽ സമഗ്രമായ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടു. മാവോയിസ്റ്റുകളുടെ അഭയകേന്ദ്രമായി സി.പി.എം മാറിയെന്ന് മുസ്ലിം ലീഗ് കോഴിക്കോട് ജില്ലാ പ്രസിഡന്റ് ഉമ്മർ പാണ്ടികശാല പറഞ്ഞു. മാവോയിസ്റ്റുകളെ സഹായിക്കുന്ന മുസ്ലിം സംഘം ഏതാണെന്ന് സി.പി.എം വ്യക്തമാക്കണമെന്നും ലീഗ് ആവശ്യപ്പെട്ടു.