കോഴിക്കോട്- മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യു.എ.പി.എ കേസ് ചുമത്തിയ വിദ്യാർഥികളായ എസ്.എഫ്.ഐ പ്രവർത്തകർ അലൻ ഷുഹൈബിനെയും താഹ ഫസലിനെയും കസ്റ്റഡിയിൽ എടുക്കുമ്പോൾ ഒപ്പമുണ്ടായിരുന്ന മൂന്നാമനെ പോലീസ് തിരിച്ചറിഞ്ഞു.
മലപ്പുറം പാണ്ടിക്കാട് സ്വദേശി ഉസ്മാൻ (21) എന്നയാളാണ് കോഴിക്കോട് പന്തീരാങ്കാവിൽ നിന്നും പോലീസിനെ കണ്ടപ്പോൾ ഓടി രക്ഷപ്പെട്ടതെന്നും ഇയാൾ നിരവധി കേസുകളിൽ പ്രതിയാണെന്നും പോലീസ് വ്യക്തമാക്കി. നവംബർ ഒന്നിന് രാത്രിയാണ് പോലീസ് അലനെയും താഹയെയും പന്തീരാങ്കാവ് പാറമ്മൽ അങ്ങാടിയിൽ വെച്ച് കസ്റ്റഡിയിൽ എടുത്തത്. അന്ന് ഇവർക്കൊപ്പം ഉണ്ടായിരുന്നത് ഉസ്മാൻ ആണെന്നാണ് ഇപ്പോൾ പോലീസ് കണ്ടെത്തിയിരിക്കുന്നത്. എന്നാൽ ഇയാളെക്കുറിച്ച് കൂടുതൽ വിവരങ്ങളൊന്നും പോലീസിന് ലഭ്യമായിട്ടില്ല. ഓടി രക്ഷപ്പെട്ടയാളാണ് കേസിലെ മുഖ്യപ്രതിയെന്നാണ് തുടക്കം മുതൽ പോലീസ് പറഞ്ഞിരുന്നത്. രണ്ടാഴ്ച കഴിഞ്ഞിട്ടും ഇയാളെ പിടികൂടാൻ പോലീസിന് കഴിഞ്ഞിട്ടില്ല.
അതേസമയം, അലൻ ഷുഹൈബിന്റെയും താഹ ഫസലിന്റെയും കസ്റ്റഡി കാലാവധി ഈ മാസം 30 വരെ കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതി നീട്ടി.
ഇരുവരുടെയും കസ്റ്റഡി കാലാവധി ഇന്നലെ അവസാനിച്ചിരുന്നു. അലനെ അഞ്ച് ദിവസത്തേക്കും താഹയെ നാലു ദിവസത്തേക്കുമായിരുന്നു പോലീസ് കസ്റ്റഡിയിൽ വിട്ടിരുന്നത്. കേസ് ഡയറി പോലീസ് ഇന്നലെ ഹൈക്കോടതിയിൽ ഹാജരാക്കി. യു.എ.പി.എ ചുമത്താവുന്ന തരത്തിലുള്ള യാതൊന്നും തങ്ങളിൽ നിന്ന് പിടിച്ചെടുത്തിട്ടില്ലെന്നും ജാമ്യം അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് ഇവർ ജാമ്യഹരജി നൽകിയിരിക്കുന്നത്.