ബ്രസീലിയ- അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പ് വീണ്ടെടുത്ത് ബ്രസീൽ. ഫൈനലിൽ 2-1 ന് മെക്‌സിക്കോയെ തകർത്തുകൊണ്ടാണ് ബ്രസീൽ നാലാം തവണയും കപ്പിൽ മുത്തമിട്ടത്. ബ്രസീലിയയിൽ നടന്ന കലാശപ്പോരാട്ടത്തിൽ ഒരു ഗോളിന് പിന്നിലായശേഷമായിരുന്നു ബ്രസീലിന്റെ ഉജ്വല തിരിച്ചുവരവ്. അവസാന പത്ത് മിനിറ്റിലായിരുന്നു അവരുടെ രണ്ട് ഗോളുകളും.
മൂന്ന് ദിവസം മുമ്പ് സെമി ഫൈനലിൽ ഫ്രാൻസിനോട് രണ്ട് ഗോളിന് പിന്നിലായശേഷം മൂന്ന് ഗോൾ തിരിച്ചടിച്ച് വിജയം കൈവരിച്ചതിന്റെ ആവേശം മാറുംമുമ്പാണ് ഫൈനലിലും അതേ രീതിയിൽ മറ്റൊരു തിരിച്ചുവരുമായി ബ്രസീൽ ആരാധകരെ ആവേശത്തിലാഴ്ത്തിയത്.
മത്സരത്തിന്റെ തുടക്കം മുതൽ മുന്നിട്ടുനിന്നതും, കൂടുതൽ ഗോളവസരങ്ങൾ സൃഷ്ടിച്ചതും ബ്രസീലാണ്. എന്നാൽ ആദ്യം ഗോളടിച്ചത് മെക്‌സിക്കോ ആയിരുന്നു. 66-ാം മിനിറ്റിൽ ബ്രയാൻ ഗോൺസാലസായിരുന്നു സ്‌കോറർ. 86-ാം മിനിറ്റിൽ വാർ റീപ്ലേക്കുശേഷം റഫറി അനുവദിച്ച പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച കായിഗോ ഗോർഗെ ബ്രസീലിന് സമനില നേടിക്കൊടുത്തു. മൂന്ന് മിനിറ്റ് കഴിഞ്ഞപ്പോൾ സബ്സ്റ്റിറ്റിയൂട്ട് ലാസാറോയുടെ മനോഹര ഗോൾ ബ്രസീലിന്റെ വിജയം ഉറപ്പിച്ചു. 2005 ലെ അണ്ടർ 17 ലോകകപ്പ് ഫൈനലിൽ മെക്‌സിക്കോയിൽനിന്നേറ്റ തോൽവിക്കുള്ള പകരം വീട്ടൽ കൂടിയായി ബ്രസീലിന് ഈ ജയം.
രണ്ട് വർഷം മുമ്പ് ഇന്ത്യയിൽ നടന്ന അണ്ടർ 17 ലോകകപ്പിൽ ഇംഗ്ലണ്ടായിരുന്നു ചാമ്പ്യന്മാർ.