റിയാദ്- ലോക പ്രശസ്ത പ്രതിഭകളെയും താരങ്ങളെയും പങ്കെടുപ്പിച്ചുള്ള സാംസ്‌കാരിക, വിനോദ മാമാങ്കമായ റിയാദ് സീസൺ പരിപാടികൾ ജനുവരി അവസാനം വരെ ദീർഘിപ്പിക്കുന്നതിന് കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ നിർദേശം നൽകി. ജനറൽ എന്റർടൈൻമെന്റ് അതോറിറ്റി ഡയരക്ടർ ബോർഡ് ചെയർമാൻ തുർക്കി ആലുശൈഖ് അറിയിച്ചതാണിത്. ഒരു മാസത്തിനിടെ റിയാദ് സീസൺ പരിപാടികൾ 76.5 ലക്ഷം പേർ സന്ദർശിച്ചതായും തുർക്കി ആലുശൈഖ് പറഞ്ഞു. ഒക്‌ടോബർ 11 ന് ആരംഭിച്ച റിയാദ് സീസൺ പരിപാടികൾ ഡിസംബർ 15 ന് അവസാനിക്കേണ്ടതായിരുന്നു.