Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

സഹപാഠികളുടെ കൂട്ടായ്മയിൽ ഫരീദക്ക് വീടൊരുക്കി

പന്നിപ്പാറയിൽ പണിത ഫരീദയുടെ വീടിന്റെ പാലുകാച്ചലിന് എത്തിയ സഹപാഠികൾ.

വിദ്യാനഗർ- പടുവടുക്കത്തെ വാടക ക്വാർട്ടേഴ്‌സിൽ കഴിയുമ്പോഴും മനോഹരമായ വീട് ഫരീദയുടെ സ്വപ്‌നമായിരുന്നു. ഞായറാഴ്ച രാവിലെ കുട്ടികൾക്കൊപ്പം പന്നിപ്പാറ റിഫായി നഗറിലെ പുതിയ വീട്ടിലേക്ക് കാലെടുത്തുവെക്കുമ്പോൾ സ്വപ്‌നം യാഥാർഥ്യമായത് ഉൾക്കൊള്ളാൻ കഴിയാത്ത അവസ്ഥയിലായിരുന്നു അവർ.
നായന്മാർമൂല തൻബിഹുൽ ഇസ്‌ലാം ഹയർ സെക്കൻഡറി സ്‌കൂളിൽ 1994-95 വർഷം എസ്.എസ്.എൽ.സി പഠിച്ചിറങ്ങിയ സുമനസുകളായ സഹപാഠികളുടെ കൂട്ടായ്മയാണ് ഫരീദയുടെ സ്വപ്‌നത്തിന് വർണപ്പകിട്ടോടെ പൂർണത നൽകി യാഥാർഥ്യമാക്കിയത്. സൗഹൃദം പുതുക്കുന്നതിന് പഴയ സഹപാഠികൾ രണ്ടര പതിറ്റാണ്ടിന് ശേഷമാണ് വാട്‌സ് ആപ്പിലൂടെ കൂട്ടായ്മക്ക് രൂപം നൽകിയത്. മുഹമ്മദ് അസ്‌ലം, ഫൗസിയ, അസ്മിന, ഷബാന, ഖലീൽ മദീന, ഹാരീസ് തോക്ക്, ജലീൽ തുരുത്തി എന്നിവരുടെ നേതൃത്വത്തിലാണ് വാട്‌സ് ആപ്പ് കൂട്ടായ്മ പിറവിയെടുത്തത്.
120 പേർ ബാച്ചിലുണ്ടായിരുന്നതിൽ 85 പേരെ വാട്‌സാപ്പ് കൂട്ടായ്മയുടെ ഭാഗമാക്കാൻ കഴിഞ്ഞു. പടുവടുക്കം അങ്കണവാടിക്ക് സമീപമുള്ള വാടക ക്വാർട്ടേഴ്‌സിൽ കഴിഞ്ഞിരുന്ന ഫരീദയുടെയും കുടുംബത്തിന്റെയും മനസ് കൂട്ടുകാർ കണ്ടു. വീടൊരുക്കി നൽകാൻ തീരുമാനിച്ചു. നാട്ടിലും മറുനാട്ടിലുമുള്ള പഴയ കൂട്ടുകാർ 2000 രൂപ മുതൽ രണ്ടര ലക്ഷം വരെ മനസറിഞ്ഞ് നൽകി. 
1200 സ്‌ക്വയർ ഫീറ്റിൽ രണ്ട് കിടപ്പ് മുറിയും അടുക്കളയും ഹാളും രണ്ട് ശുചിമുറികളും ഉൾപ്പെടുന്ന മനോഹരമായ വീട് ആറ് മാസത്തിനകം പൂർത്തിയാക്കി. കൂട്ടായ്മ നേരത്തെ കുടുംബ സംഗമം ഉൾപ്പെടെ നടത്തിയിരുന്നു. സഹപാഠികളുടെ ശസ്ത്രക്രിയ ഉൾപ്പെടെയുള്ള ചികിത്സക്ക് കൈത്താങ്ങാകാനും കഴിഞ്ഞു.
ഞായറാഴ്ച നടന്ന വീടിന്റെ പാലു കാച്ചൽ ചടങ്ങിൽ കോഴിക്കോട്, മംഗളൂരു ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽനിന്ന് അമ്പതോളം കൂട്ടുകാരെത്തിയിരുന്നു.  

 

Latest News