തലശ്ശേരി- സി.ഒ.ടി നസീറിനെ വധിക്കാൻ ശ്രമിച്ച കേസിൽ എ.എൻ ഷംസീർ എം.എൽ.എയെ അന്വേഷണ സംഘം ചോദ്യം ചെയ്തിട്ടില്ലെന്ന് ജില്ലാ പോലീസ് ചീഫ് കോടതി മുമ്പാകെ നൽകിയ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. നസീർ വധശ്രമ കേസിൽ കോടതി മേൽനോട്ടത്തിൽ അന്വേഷണം വേണമെന്ന നസീറിന്റെ ഹരജിയെ തുടർന്ന് പോലീസ് കോടതി ആവശ്യപ്പെട്ടപ്രകാരം എസ്.പി സമർപ്പിച്ച റിപ്പോർട്ടിലാണ് ഈ കാര്യം ചൂണ്ടിക്കാട്ടിയത.്
സി.ഒ.ടി നസീറിനെ വധിക്കാൻ ശ്രമിച്ച കേസിൽ എ.എൻ ഷംസീർ എം.എൽ.എക്കെതിരെ ഇതുവരെ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നാണ് നേരത്തെ പോലീസ് കോടതിയെ അറിയിച്ചിരിക്കുന്നത്. പ്രതികളുടെയെല്ലാം ഫോൺ രേഖകൾ പരിശോധിച്ചിട്ടും ഷംസീറിന്റേത് മാത്രം ഇതുവരെ പരിശോധിക്കാനായില്ലെന്നും പോലീസ് കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു. കേസ് അന്വേഷണത്തിൽ ബാഹ്യ ഇടപെടലുകളോ സമ്മർദ്ദങ്ങളോ ഉണ്ടായിട്ടില്ലെന്നും ജില്ലാ പോലീസ് ചീഫ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.
തുടർന്ന് കേസിൽ സി.ഒ.ടി നസീർ നൽകിയ ഹരജിയിൽ തലശ്ശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് വിധി പറയാനായി ഇന്നത്തേക്ക് മാറ്റി.
നസീറിന്റെ ഒഴികെ മറ്റുള്ളവരുടെ ഫോൺ കോൾ ലിസ്റ്റുകൾ പരിശോധിച്ചപ്പോൾ കുറ്റകൃത്യത്തിന് മുൻപോ ശേഷമോ ഷംസീറുമായി ബന്ധപ്പെട്ടതിന് തെളിവൊന്നുമില്ലെന്നും ഷംസീറും നസീറും തമ്മിൽ തർക്കം നടന്ന സ്റ്റേഡിയം നവീകരണവുമായി ബന്ധപ്പെട്ട യോഗത്തിന്റെ മിനുറ്റ്‌സ് നാലുമാസം കഴിഞ്ഞിട്ടും പരിശോധിക്കാൻ കിട്ടിയില്ലെന്നും പോലീസ് നേരത്തെ കോടതിയിൽ മൊഴി നൽകിയിരുന്നു. നസീർ പരാതിപ്പെട്ടപോലെ എം.എൽ.എ ഓഫീസിൽ വെച്ച് നസീറിനെ ഭീഷണിപ്പെടുത്തിയിട്ടില്ലെന്നാണ് ഷംസീറിന്റെ ഓഫീസ് സെക്രട്ടറിയുടെ മൊഴിയെന്നും റിപ്പോർട്ടിലുണ്ടായിരുന്നു.
2019 മെയ് 18ന് രാത്രി 7.35 ഓടെയാണ് തലശ്ശേരി കായ്യത്ത് റോഡിലെ കനക് റസിഡൻസിക്ക് മുന്നിൽ നസീറിനെ വധിക്കാൻ ശ്രമിച്ചത.് ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർഥിയായിരുന്ന നസീറിന് നേരെ പ്രചാരണ സമയത്തും അക്രമം നടത്തിയിരുന്നു. സി.പി.എം ലോക്കൽ കമ്മിറ്റി അംഗമായിരുന്ന നസീർ തലശ്ശേരി നഗരസഭാംഗവും ആയിരുന്നു.
എന്നാൽ അഭിപ്രായ വ്യത്യാസത്തെ തുടർന്ന് പാർട്ടി വിടുകയായിരുന്നു. നസീർ വധശ്രമ കേസുമായി ബന്ധപ്പെട്ട് 12 സി.പി.എം പ്രവർത്തകർക്കെതിരെയാണ് തലശ്ശേരി പോലീസ് കേസെടുത്തത്.