ഇന്ത്യക്ക് വലിയ ജയം, ലങ്കക്ക് വലിയ തോൽവി
കോഹ്‌ലിക്ക് പതിനേഴാം സെഞ്ചുറി
ഗാൾ - സ്പിന്നർമാരായ ആർ. അശ്വിനും രവീന്ദ്ര ജദേജയും മൂന്നു വീതം വിക്കറ്റെടുത്തതോടെ ശ്രീലങ്കക്കെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്ക് തകർപ്പൻ വിജയം. ഒരു ദിവസത്തിലേറെ ശേഷിക്കെ സ്വന്തമാക്കിയ 304 റൺസ് വിജയം വിദേശത്ത് ഇന്ത്യയുടെ ഏറ്റവും വലുതാണ്. 1986 ൽ ഹെഡിംഗ്‌ലിയിൽ ഇംഗ്ലണ്ടിനെ 279 റൺസിന് തകർത്ത റെക്കോർഡാണ് മറികടന്നത്. മൊത്തത്തിൽ ഇന്ത്യയുടെ നാലാമത്തെ വലിയ വിജയമാണ് ഇത്. ശ്രീലങ്കയുടെ ഏറ്റവും കനത്ത പരാജയവും. ജനുവരിയിൽ ദക്ഷിണാഫ്രിക്കയോട് കേപ്ടൗണിൽ 282 ന് തോറ്റതായിരുന്നു അവരുടെ ഏറ്റവും വലിയ പരാജയം. വിരാട് കോഹ്‌ലിയുടെ നേതൃത്വത്തിൽ ശ്രീലങ്കയിൽ ഇന്ത്യ മൂന്നാമത്തെ വിജയമാണ് നേടുന്നത്. മറ്റ് ഇന്ത്യൻ ക്യാപ്റ്റന്മാരെല്ലാം കൂടി നേടിയത് നാലു വിജയങ്ങൾ മാത്രമാണ്.
പരിക്കേറ്റ ക്യാപ്റ്റൻ രംഗന ഹെറാത്തും അസേല ഗുണരത്‌നെയും ബാറ്റ് ചെയ്യാതിരുന്നതോടെ ഇന്ത്യക്ക് എട്ട് വിക്കറ്റെടുത്താൽ മതിയായിരുന്നു. മൂന്നു മത്സര പരമ്പരയിൽ 1-0 ന് ഇന്ത്യ മുന്നിലെത്തി. കഴിഞ്ഞ തവണ ശ്രീലങ്കയിൽ പര്യടനം നടത്തിയപ്പോൾ ഗാളിൽ തോറ്റാണ് ഇന്ത്യ തുടങ്ങിയത്. രണ്ടാം ടെസ്റ്റ് കൊളംബോയിൽ വ്യാഴാഴ്ച ആരംഭിക്കും.
രാവിലെ മൂന്നിന് 189 ൽ ഇന്നിംഗ്‌സ് പുനരാരംഭിച്ച ഇന്ത്യ 6.3 ഓവർ കൂടി ബാറ്റ് ചെയ്ത് 240 ൽ ഡിക്ലയർ ചെയ്യുകയായിരുന്നു. 76 ൽ ബാറ്റിംഗ് പുനരാരംഭിച്ച കോഹ്‌ലി (103 നോട്ടൗട്ട്) പതിനേഴാം സെഞ്ചുറി പൂർത്തിയാക്കി. ക്യാപ്റ്റനെന്ന നിലയിൽ കോഹ്‌ലിയുടെ പത്താം സെഞ്ചുറിയാണ് ഇത്. അജിൻക്യ രഹാനെ 23 റൺസുമായി പുറത്താവാതെ നിന്നു. നേരിട്ട പന്തുകളിൽ ഏഴെണ്ണത്തിൽ മാത്രമാണ് ഇരുവരും സ്‌കോർ ചെയ്യാതിരുന്നത്. 550 റൺസിന്റെ അസാധ്യ ലക്ഷ്യമാണ് ഇന്ത്യ മുന്നോട്ടുവെച്ചത്. ശ്രീലങ്കയുടെ മറുപടി 76.5 ഓവറിൽ 245 ന് അവസാനിച്ചു. ഓപണർ ദിമുത് കരുണരത്‌നെയും (97) നിരോഷൻ ഡിക്‌വെലയും (67) കുശാൽ മെൻഡിസും (36) മാത്രമാണ് പൊരുതിയത്. ആദ്യ ഇന്നിംഗ്‌സിൽ 92 റൺസുമായി പുറത്താവാതെ നിന്ന ദിൽറുവാൻ പെരേരക്ക് (21 നോട്ടൗട്ട്) ഇത്തവണയും പുറത്താവാതെ ക്രീസ് വിടാനായിരുന്നു വിധി. കരുണരത്‌നെയും ഡിക്‌വെലയും തമ്മിലുള്ള അഞ്ചാം വിക്കറ്റിലെ 101 റൺസ് കൂട്ടുകെട്ട് തകർത്തതോടെയാണ് ഇന്ത്യ ജയത്തിലേക്ക് വഴി കണ്ടത്. സ്വീപ് ചെയ്യാനുള്ള ശ്രമത്തിലാണ് ഇരുവരും പുറത്തായത്.
ചായക്കു ശേഷം അഞ്ചാം ഓവറിലാണ് ജദേജയുടെ പന്തിൽ ഡിക്‌വെലയെ വിക്കറ്റ്കീപ്പർ പിടിച്ചത്. അമ്പയർ അപ്പീൽ അനുവദിച്ചില്ലെങ്കിലും ഇന്ത്യ ഡി.ആർ.എസിലൂടെ അനുകൂല വിധി നേടി. പതിനൊന്നോവറിനു ശേഷം കരുണരത്‌നെ ബൗൾഡായി. അതുവരെ സൂക്ഷിച്ചു കളിച്ച ഓപണർ ക്രോസ് ബാറ്റ് ഷോട്ട് കളിക്കുകയായിരുന്നു. നുവാൻ പ്രദീപിന് (0) രണ്ടു പന്തേ നേരിടാനായുള്ളൂ. ജദേജയെ സ്വീപ് ചെയ്യാനുള്ള ശ്രമത്തിൽ ലാഹിരു കുമാരയും (0) പുറത്തായി.
പെയ്‌സ്ബൗളർമാരാണ് ഇന്ത്യക്ക് ബ്രെയ്ക്ത്രൂ നൽകിയത്. ഓപണർ ഉപുൽ തരംഗയെ (10) കോഹ്‌ലി സ്ലിപ്പിൽ കൈവിട്ടെങ്കിലും അതേ ഓവറിൽ ഓപണറെ മുഹമ്മദ് ഷാമി ബൗൾഡാക്കി. അരങ്ങേറ്റക്കാരൻ ധനുഷ്‌ക ഗുണതിലക (2) ആദ്യ ഇന്നിംഗ്‌സിലെ പോലെ അനാവശ്യ ഷോട്ടിൽ വിക്കറ്റ് വലിച്ചെറിഞ്ഞു. മെൻഡിസും കരുണരത്‌നെയും ലഞ്ച് വരെ ടീമിനെ മുന്നോട്ടു നയിച്ചു. ലഞ്ചിനു ശേഷം സ്പിന്നർമാർ നിയന്ത്രണമേറ്റെടുത്തു. ഏഞ്ചലൊ മാത്യൂസ് (2) അലക്ഷ്യമായടിച്ച് വിക്കറ്റ് തുലച്ചത് ശ്രീലങ്കക്ക് വലിയ നിരാശയായി.
സ്‌കോർബോർഡ്
ഇന്ത്യ - 600, ശ്രീലങ്ക - 291
ഇന്ത്യ
ശിഖർ സി ഗുണതിലക ബി ദിൽറുവാൻ 14 (14, 4-3), അഭിനവ് എൽ.ബി ഗുണതിലക 81 (116, 4-8), പൂജാര സി കുശാൽ ബി ലാഹിരു 15 (35, 4-2), കോഹ്‌ലി നോട്ടൗട്ട് 103 (136, 6-1, 4-5), രഹാനെ നോട്ടൗട്ട് 23 (18, 4-2)
എക്‌സ്ട്രാസ് - 4
ആകെ (മൂന്നിന്) - 240
വിക്കറ്റ് വീഴ്ച: 1-19, 2-56, 3-189
ബൗളിംഗ്: പ്രദീപ് 12-2-63-0, ദിൽറുവാൻ 15-0-67-1, ലാഹിരു 12-1-59-1, ഹെറാത് 9-0-34-0, ഗുണതിലക 5-0-16-1
ശ്രീലങ്ക
കരുണരത്‌നെ ബി അശ്വിൻ 97 (208, 4-9), തരംഗ ബി ഷാമി 10 (10, 4-2), ഗുണതിലക സി പൂജാര ബി ഉമേഷ് 2 (8), കുശാൽ സി സാഹ ബി ജദേജ 36 (71, 4-3), മാത്യൂസ് സി ഹാർദിക് ഹി ജദേജ 2 (10), ഡിക്‌വെല സി സാഹ ബി അശ്വിൻ 67 (94, 4-10), ദിൽറുവാൻ നോട്ടൗട്ട് 21 (50, 4-3), പ്രദീപ് സി കോഹ്‌ലി ബി അശ്വിൻ 0 (2), ലാഹിരു സി ഷാമി ബി ജദേജ 0 (8)
എക്‌സ്ട്രാസ് - 10
ആകെ - 245
വിക്കറ്റ് വീഴ്ച: 1-22, 2-29, 3-108, 4-116, 5-217, 6-240, 7-240, 8-245
ബൗളിംഗ്: ഷാമി 9-0-43-1, ഉമേഷ് 9-0-42-1, ജദേജ 24.4-4-71-3, അശ്വിൻ 27-4-65-3, ഹാർദിക് 7-0-21-0