പാലക്കാട് - ലോക അത്ല്റ്റിക് മീറ്റിൽ പങ്കെടുക്കാൻ കഴിയുമെന്ന പ്രതീക്ഷയുണ്ടായിരുന്നുവെന്നും ഒഴിവാക്കി എന്നറിഞ്ഞപ്പോൾ സങ്കടം തോന്നിയെന്നും പി.യു. ചിത്ര. കായിക മന്ത്രി എ.സി മൊയ്തീൻ തന്റെ കുടുംബത്തെ സന്ദർശിച്ച വേളയിൽ സംസാരിക്കുകയായിരുന്നു അത്‌ലറ്റ്. പ്രതിസന്ധികളിൽ തളരില്ലെന്നും ഭാവിയിൽ ഒരു ജോലി പ്രതീക്ഷിക്കുന്നുണ്ടെന്നും ചിത്ര പറഞ്ഞു. കുടുംബത്തെ സംരക്ഷിക്കണം. വിദേശ പരിശീലനത്തിൽ താൽപര്യമില്ല. നാട്ടിൽ പരിശീലനം ആർജിക്കാനാണ് താൽപര്യം. ഇപ്പോഴത്തെ പരീശിലനരീതികളിൽ തൃപ്തിയുണ്ടെങ്കിലും കൂടുതൽ മെച്ചപ്പെട്ടത് സ്വീകാര്യമാണ്. ഭക്ഷണവും മെച്ചപ്പെടേണ്ടതുണ്ടെന്ന് ചിത്ര പറഞ്ഞു.
വിട്ടുപോയതാണെന്ന് പറഞ്ഞ് ന്യായീകരിച്ചു -മന്ത്രി
ചിത്രയെ ബോധപൂർവം സെലക്ഷൻ കമ്മിറ്റി ഒഴിവാക്കിയതാണെന്ന് മന്ത്രി എ.സി മൊയ്തീൻ ആരോപിച്ചു. പട്ടികയുടെ രഹസ്യസ്വഭാവം അവസാനംവരെ കാത്തുസൂക്ഷിച്ചു. സർക്കാറും സ്പോർട്സ് കൗൺസിലും കേന്ദ്രകായിക മന്ത്രാലയവും അത്ലറ്റിക് ഫെഡറേഷനോട് ഇതിന്റെ കാരണങ്ങൾ ആരാഞ്ഞിട്ടുണ്ട്. ആദ്യ പട്ടികയിൽ ചിത്രയെ ഒഴിവാക്കിയതു കണ്ട് ചോദിച്ചപ്പോൾ വിട്ടുപോയതാണെന്ന മറുപടിയാണ് കിട്ടിയത്. ഇത്തരം പ്രവണതകൾ കായിക ഭാവിയെ ബാധിക്കുമെന്നുളളത് കൊണ്ടാണ് സർക്കാർ ഇടപെടുന്നത്. രാജ്യത്തിനുവേണ്ടി വിജയം കൈവരിച്ച ചിത്രക്ക് നാടിന്റേയും സർക്കാറിന്റേയും കായികപ്രേമികളുടെയും പിന്തുണയുണ്ടെന്ന് മന്ത്രി പറഞ്ഞു. എത്ര ഒറ്റപ്പെടുത്താൻ ശ്രമിച്ചാലും തന്നെ പിന്തുണക്കുന്ന നാടിന് വേണ്ടി നിലകൊള്ളുമെന്ന് ചിത്ര ഉറപ്പാക്കണമെന്നും മന്ത്രി ഓർമ്മിച്ചു. സംസ്ഥാന സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് ടി.പി. ദാസൻ, സെക്രട്ടറി സഞ്ജയൻ കുമാർ, ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് ടി.എൻ.കണ്ടമുത്തൻ തുടങ്ങിയവർ മന്ത്രിയെ അനുഗമിച്ചു. മന്ത്രിയുടെ സന്ദർശന സമയത്ത് അമ്മ വസന്തയും അച്ഛൻ ഉണ്ണികൃഷ്ണനും വീട്ടിലുണ്ടായിരുന്നു.