കൊല്ലം- മദ്രാസ് ഐ.ഐ.ടിയില്‍ ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിയായിരുന്ന ഫാത്തിമാ ലത്തീഫിന്റെ മരണവുമായി ബന്ധപ്പെട്ട് അധ്യാപകന്‍ സുദര്‍ശന്‍ പത്മനാഭനെ ക്രൈം ബ്രാഞ്ച് അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തതായി സൂചന.
ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയ മൊബൈല്‍ ഫോണിലെ വിവരങ്ങള്‍ ലഭിച്ചശേഷം സുദര്‍ശന്‍ പത്മനാഭനന്റെ അറസ്റ്റ് രേഖപ്പെടുത്താനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. മൊബൈല്‍ ഫോറന്‍സിക്ക് പരിശോധനക്കയച്ചിരിക്കയാണ്.
കേസില്‍ ആരോപണ വിധേയരായ അധ്യാപകര്‍ കാമ്പസ് വിട്ടുപോകരുതെന്ന് നേരത്തെ അന്വേഷണ സംഘം നിര്‍ദേശം നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ആത്മഹത്യാ കുറിപ്പിലെ ആരോപണവിധേയനായ സുദര്‍ശന്‍ പത്മനാഭനെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്.
അതേസമയം, മാര്‍ക്ക് കുറഞ്ഞത് സംബന്ധിച്ച് ഫാത്തിമയ്ക്ക് വേണ്ടി അപ്പീല്‍ നല്‍കിയത് സഹപാഠിയാണെന്ന് അന്വേഷണ സംഘം കണ്ടെത്തി. മാര്‍ക്ക് 13 ല്‍നിന്ന് 18 ആക്കി ഉയര്‍ത്തികൊണ്ടുള്ള മറുപടി എച്ച്.ഒ.ഡി തിരിച്ചയച്ചത് ഫാത്തിമ മരിച്ചതിന്റെ തലേദിവസമാണ്.
അപ്പീലില്‍ മാര്‍ക്ക് കൂട്ടിക്കിട്ടിയ ഫാത്തിമ അന്നേ ദിവസം രാത്രി 9.30 ന് മെസ്സിലിരുന്നു കരയുന്നു. പിറ്റേന്ന് രാവിലെ നാലേമുക്കാലോടെ മൊബൈല്‍ ഫോണില്‍ ആത്മഹത്യാ കുറിപ്പെഴുതി ആത്മഹത്യ ചെയ്യുന്നു. മാര്‍ക്ക് കുറഞ്ഞതില്‍ വിഷമിച്ചിരുന്ന ഫാത്തിമ മാര്‍ക്ക് കൂടിയതില്‍ സന്തോഷിക്കേണ്ടതിന് പകരം അടുത്ത ദിവസം ജീവനൊടുക്കിയതിന് പിന്നിലുള്ള ദുരൂഹത എത്രയും വേഗം കണ്ടത്തെണമെന്ന് പിതാവ് അബ്ദുല്‍ ലത്തീഫ് ആവശ്യപ്പെട്ടു.
ആരോപണ വിധേയനായ അധ്യാപകന്റെ പങ്ക് എന്തെന്ന് കണ്ടെത്തിയാല്‍ തന്നെ മകളുടെ മരണത്തിന്റെ കാരണവും കണ്ടെത്താം. അപ്പീലിന് മറുപടി തിരികെ ലഭിച്ച ശേഷമുള്ള സംഭവങ്ങളാണ് അന്വേഷിക്കേണ്ടത്. മാര്‍ക്ക് കുറഞ്ഞതുകൊണ്ടാണ് ഫാത്തിമ ജീവനൊടുക്കിയതെന്നുള്ള ചെന്നൈ കോട്ടൂര്‍പുരം പോലീസിന്റെ വ്യാജ പ്രചാരണം ആര്‍ക്കുവേണ്ടിയാണ് നടത്തിയതെന്നുകൂടി കണ്ടെത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
മരണത്തിന് കാരണക്കാരായവരെ വെള്ളിയാഴ്ചയ്ക്കകം അറസ്റ്റ് ചെയ്തില്ലെങ്കില്‍ ആത്മഹത്യയിലേക്ക് നയിച്ച കാരണങ്ങള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പറയും. ഫാത്തിമയുടെ ലാപ്‌ടോപ്പിലും ടാബിലും ചില നിര്‍ണായക തെളിവുകളുണ്ട്. നിയമവിദഗ്ധരുമായി ആലോചിച്ചതിനു ശേഷം ഇവ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കൈമാറുമെന്നും അബ്ദുല്‍ ലത്തീഫ് പറഞ്ഞു.
കൂടാതെ ഫാത്തിമയുടെ ഇരട്ട സഹോദരിയുടെ മൊഴിയെടുക്കാനായി അന്വേഷണ സംഘം കൊല്ലത്തെത്തിയേക്കും. കേസില്‍ ഫാത്തിമയുടെ പിതാവ് അബ്ദുല്‍ ലത്തീഫിന്റേയും ബന്ധുക്കളുടേയും മൊഴി നേരത്തെ എടുത്തിരുന്നു. അബ്ദുല്‍ ലത്തീഫ് ഇന്ന് വീണ്ടും തിരുവനന്തപുരത്തെത്തി മുഖ്യമന്ത്രി പിണറായി വിജയനെ കാണും.
ചെന്നൈ ഐ.ഐ.ടിയുടെ വാദം
തള്ളി അബ്ദുല്‍ ലത്തീഫ്
തിരുവനന്തപുരം- ചെന്നൈ ഐ.ഐ.ടി വിദ്യാര്‍ഥിനി ഫാത്തിമ ലത്തീഫിന്റെ മരണം ഇത്ര സജീവമായി നില്‍ക്കുന്നത് ഫാത്തിമയുടെ പിതാവ് സമ്പന്നനായതുകൊണ്ടാണെന്ന ഐ.ഐ.ടിയുടെ വാദം തള്ളി പിതാവ് അബ്ദുല്‍ ലത്തീഫ്. ഇതുപോലുള്ള എത്രയോ സംഭവങ്ങള്‍ ആ സ്ഥാപനത്തില്‍ ഇതിനുമുമ്പുണ്ടായി. അതൊന്നും ആരും പരാതിപ്പെട്ടില്ല. ഫാത്തിമയുടെ മരണം വഴി കാര്യങ്ങള്‍ ലോകം അറിഞ്ഞുപോയതിനാലാണ് ഇത്തരം പ്രതികരണം. തന്നെക്കാള്‍ സാമ്പത്തിക ശേഷിയുള്ളയാളാണ് സുദര്‍ശന്‍ പത്മനാഭന്‍. മറ്റൊന്നും പറയാനില്ലാത്തതു കൊണ്ടാണ് കള്ളക്കഥകള്‍ പ്രചരിപ്പിക്കുന്നതെന്നും ലത്തീഫ് പറഞ്ഞു. ചെന്നൈയില്‍നിന്ന് നാട്ടിലേക്ക് മടങ്ങിയ അദ്ദേഹം തിരുവനന്തപുരം വിമാനത്താവളത്തില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.
ഇപ്പോള്‍ നടക്കുന്ന അന്വേഷണത്തില്‍ സംതൃപ്തിയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. മരണത്തെക്കുറിച്ച് അന്വേഷിക്കാന്‍ കേന്ദ്ര ഉന്നത വിദ്യാഭ്യാസ സെക്രട്ടറി ആര്‍.സുബ്രഹ്മണ്യം ഇന്ന് ചെന്നൈയിലെത്തുന്നുണ്ട്. അദ്ദേഹം വിശദമായ റിപ്പോര്‍ട്ട് കേന്ദ്ര സര്‍ക്കാരിന് കൈമാറും.
കേസന്വേഷിക്കുന്ന തമിഴ്‌നാട് ക്രൈം ബ്രാഞ്ച് സംഘം ഉടന്‍ കേരളത്തിലും എത്തും. അന്വേഷണത്തിന്റെ കാര്യത്തില്‍ മുഖ്യമന്ത്രിയുടെയും കേരള സര്‍ക്കാരിന്റെയും ഇടപെടല്‍ ഏറെ സഹായകരമായെന്നും അദ്ദേഹം പറഞ്ഞു.
മുസ്‌ലിം ലീഗ് പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു
കൊല്ലം- ചെന്നൈ ഐ.ഐ.ടി വിദ്യാര്‍ഥിനി ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ ഉത്തരവാദികളായവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് മുസ്‌ലിം ലീഗ് ചവറ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. ലീഗ് ജില്ലാ പ്രസിഡന്റ് എം.അന്‍സാറുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. ഇന്ത്യയില്‍ വര്‍ദ്ധിച്ചുവരുന്ന ഫാസിസത്തിന്റെ അടയാളമാണ് ഫാത്തിമ ലത്തീഫിന്റെ മരണമെന്നും ഇതിനെതിരെ ശക്തമായ നടപടി സ്വീകരിക്കാന്‍ കേരള സര്‍ക്കാര്‍ തമിഴ്‌നാട് സര്‍ക്കാരിനോട് ആവശ്യപ്പെടണമെന്നും അദ്ദേഹം പറഞ്ഞു. ലീഗ് ജില്ലാ സെക്രട്ടറി സുല്‍ഫിക്കര്‍ സലാം മുഖ്യപ്രഭാഷണം നടത്തി.