അബുദാബി- പിടികൂടുന്ന കുറ്റവാളികളെ താമസിപ്പിക്കുന്ന ഡിറ്റന്‍ഷന്‍ സെന്ററില്‍ കുഴപ്പമുണ്ടാക്കുകയും തുടര്‍ന്നുണ്ടായ തീപ്പിടിത്തത്തില്‍ 14 പേര്‍ മരിക്കാനിടയാകുകയും ചെയ്ത സംഭവത്തില്‍ ജീവപര്യന്തം തടവ് അനുഭവിക്കുന്ന പ്രതിക്ക് യു.എ.ഇ മാപ്പു നല്‍കുന്നു. ഇയാളുടെ മാപ്പപേക്ഷ പരിഗണിച്ചും ജയില്‍ അധികൃതല്‍ നല്‍കിയ സ്വഭാവ സര്‍ട്ടിഫിക്കറ്റ് കണക്കിലെടുത്തുമാണ് നടപടി.
40 കാരനായ പ്രതി 2001 ലാണ് സംഭവത്തില്‍ ഉള്‍പ്പെടുന്നത്. ബര്‍ദുബായിലെ ഡിറ്റന്‍ഷന്‍ കേന്ദ്രത്തിലാണ് സംഭവം. പ്രതിയും മറ്റ് നാലുപേരും ഉള്‍പ്പെട്ട സംഘര്‍ഷത്തിനിടെ തീപ്പിടുത്തമുണ്ടാകുകയും പുക ശ്വസിച്ച് 14 പേര്‍ മരിച്ച വന്‍ ദുരന്തമായി അത് മാറുകയുമായിരുന്നു. വിവിധ കേസുകളില്‍ പ്രതികളായി ഇവിടെയെത്തിയവരായിരുന്നു മരിച്ചത്. പലരും മയക്കുമരുന്ന് കേസില്‍ ഉള്‍പ്പെട്ടവരായിരുന്നു.
ജയില്‍ ജീവിതം തന്നെ മെച്ചപ്പെട്ട മനുഷ്യനാക്കി മാറ്റിയെന്നും അതിനാല്‍ മോചനം നല്‍കണമെന്നുമായിരുന്നു പ്രതിയുടെ മാപ്പപേക്ഷ. തന്റെ മാതാവിനെ കാണാന്‍ കാത്തിരിക്കുകയാണെന്നും ചെയ്തതിനെല്ലാം അവരോട് മാപ്പു പറയണമെന്നും പ്രതി പറഞ്ഞു.
2003 ലാണ് ദുബായ് ഉന്നത കോടതി പ്രതിക്കും കൂട്ടാളികള്‍ക്കും ജീവപര്യന്തം തടവും 2.1 ദശലക്ഷം ദിര്‍ഹം പിഴയും വിധിച്ചത്.