ലഖ്‌നൗ- സ്മാര്‍ട്ട് സിറ്റി പദ്ധതിക്കുവേണ്ടി ഭൂമി ഏറ്റെടുത്തതിനെ തുടര്‍ന്ന് കര്‍ഷകരും പോലീസും ഏറ്റുമുട്ടിയ ഉത്തര്‍പ്രദേശിലെ ഉന്നാവില്‍ സംഘര്‍ഷം തുടരുന്നു. സ്മാര്‍ട്ട് സിറ്റി നിര്‍മാണ സ്ഥലത്ത് നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങള്‍ക്ക് കര്‍ഷകര്‍ തീയിട്ടു. പ്രദേശത്ത് സൂക്ഷിച്ചിരുന്ന പ്ലാസ്റ്റിക് പൈപ്പുകള്‍ കത്തിച്ചു. വ്യവസായ വികസന അതോറിറ്റി (യുപിഎസ്‌ഐഡിഎ) നിര്‍മിക്കുന്ന ട്രാന്‍സ് ഗംഗ സിറ്റി പദ്ധതി പ്രദേശത്ത് തടിച്ചുകൂടിയ കര്‍ഷകരും പോലീസും തമ്മിലാണ് ഏറ്റുമുട്ടിയത്.
സ്ഥലം ഏറ്റെടുത്തതിന്റെ നഷ്ടപരിഹാരം നല്‍കാന്‍ അധികൃതര്‍ ഇതുവരെ തയ്യാറായിട്ടില്ലെന്ന് കര്‍ഷകര്‍ ആരോപിച്ചു. ലഖ്‌നൗവില്‍നിന്ന് 40 കിലോമീറ്റര്‍ അകലെയാണ് ട്രാന്‍സ് ഗംഗ സിറ്റി വികസിപ്പിക്കാനൊരുങ്ങുന്നത്. യോഗി ആദിത്യനാഥ് സര്‍ക്കാര്‍ ബലപ്രയോഗത്തിലൂടെയാണ് പദ്ധതിക്കുവേണ്ടി സ്ഥലം ഏറ്റെടുത്തതെന്നും നഷ്ടപരിഹാരം നല്‍കാന്‍ അധികൃതര്‍ തയ്യാറായിട്ടില്ലെന്നും കര്‍ഷകര്‍ പറയുന്നു.
കര്‍ഷകര്‍ ആക്രമണത്തിന് മുതിര്‍ന്നപ്പോള്‍ പ്രതിരോധിക്കുക മാത്രമാണ് ചെയ്തതെന്ന് പോലീസ് പറയുന്നു. എന്നാല്‍ സ്ത്രീകളെയടക്കം പോലീസ് മര്‍ദ്ദിച്ചുവെന്ന് കര്‍ഷകര്‍ ആരോപിക്കുന്നു.