... പുലർച്ചെ നാലു മണി. ഖിലാഫത്ത് സംഘം പാണ്ടിക്കാട്ട് അങ്ങാടിയിൽ.
ഗൂർഖാപട്ടാളം പെട്ടെന്നു തന്നെ 'കുക്രി'യേന്തി യുദ്ധസന്നദ്ധരായി. അപ്പോഴേക്കും വെള്ളപ്പട്ടാളത്തിന്റെ മൂന്നു റാങ്ക് ഓഫീസർമാരെ മാപ്പിളമാർ വെട്ടി നുറുക്കിയിരുന്നു. ഗൂർഖകൾ പലയിടത്തുനിന്നുമായി കുക്രിയുമായി ചാടിവീണു. അരിവാൾ ആകൃതിയിലുള്ള ആ മാരകായുധത്തിന്റെ മിന്നൽ പ്രയോഗത്താൽ അവർ മാപ്പിളപ്പടയെ അരിഞ്ഞു വീഴ്ത്തിക്കൊണ്ടിരുന്നു. അതിനെ ഫലപ്രദമായി തടുക്കാൻ മാപ്പിളപ്പടക്ക് കഴിയുന്നില്ല. അത്രക്ക് ചടുലതയോടെയും തന്ത്രപൂർവവുമാണ് അവരത് പ്രയോഗിക്കുന്നത്. മാപ്പിളമാരുടെ ശരീരങ്ങൾ രണ്ടും മൂന്നും കഷ്ണങ്ങളായി മുറിഞ്ഞുവീണു തുടങ്ങി. ഇരുട്ടിൽ ആർത്തനാദങ്ങളും ദീനരോദനങ്ങളും മുഴങ്ങി.
അവറൽ എന്ന സായിപ്പാണ് വെള്ളപ്പട്ടാളത്തിന്റെ ക്യാപ്റ്റൻ. അയാൾക്ക് ചുറ്റും മറ്റു പട്ടാളക്കാർ ഒരു സംരക്ഷണ വലയം തീർത്തു നിൽപാണ്. വാരിയംകുന്നത്ത് ഉണ്ണിക്കോയയും മുക്രി അഹമ്മദും തൊണ്ടിയിൽ മമ്മദും ബീരാൻ കുട്ടിയും കോമുട്ടിയുമടങ്ങുന്ന സംഘം ഈ സംരക്ഷണ വലയം പൊളിച്ച് അവറലിനെ വെട്ടി. ഉണ്ണിക്കോയയുടെ വാൾത്തലയാണ് ആദ്യം അവറലിന്റെ ശരീരത്തിൽ കയറിയത്. വെട്ടുകൊണ്ട് അയാൾ 'ഓ.. ജീസസ്' എന്ന് നിലവിളിച്ചുകൊണ്ട് എങ്ങോട്ടെന്നില്ലാതെ ഓടി. മുക്രി അഹമ്മദും ബീരാൻ കുട്ടിയും അയാളെ പിന്നാലെയെത്തി വെട്ടിവീഴ്ത്തി. പട്ടാളത്തിന്റെ കമാൻഡറെയാണ് തങ്ങൾ വക വരുത്തിയതെന്നൊന്നും അപ്പോഴവർക്കറിയുമായിരുന്നില്ല.
കമാൻഡർ വീണപ്പോൾ ഉണ്ണിക്കോയ വാളുമുയർത്തിപ്പിടിച്ച് തക്ബീർ മുഴക്കി ഒരു പറ്റം ഗൂർഖകൾക്ക് നേരെ ചാടിവീണു. അവനെന്തെങ്കിലും ചെയ്യാൻ കഴിയുന്നതിനു മുമ്പ് അവന്റെ വയറ്റിലൂടെ ഒരു കുക്രി കയറിയിറങ്ങിക്കഴിഞ്ഞിരുന്നു. അടുത്ത നിമിഷം മറ്റൊന്ന്. കണ്ണടച്ച് തുറക്കും മുമ്പേ അവന്റെ ശരീരം പലതായി മുറിഞ്ഞുപോയി. അതുകണ്ട് അങ്ങോട്ടോടിവന്ന കോമുട്ടിയും മുക്രി അഹമ്മദും ബീരാൻ കുട്ടിയും മറ്റും ഗൂർഖകളുമായി രൂക്ഷമായ പോരാട്ടം തുടങ്ങി.
ആ പോരാട്ടം ചന്തപ്പുരയിൽ പലയിടത്തായി പല രീതിയിൽ നടമാടിക്കൊണ്ടിരുന്നു. അടിയുടെ പടക്കം പൊട്ടൽ, തോക്കുകളുടെ ഗർജനം, ആക്രോശങ്ങൾ, രോദനങ്ങൾ, തക്ബീർ വിളികൾ എന്നിവ കൊണ്ട് ആ പുലർകാലം പ്രകമ്പനം കൊണ്ടു. അങ്ങാടിയിലെ ആൽമരത്തിലും മറ്റും ചേക്കേറിയിരുന്ന കിളികളൊക്കെയും ആ ശബ്ദം കേട്ട് കൂടും കൊമ്പും ഉപേക്ഷിച്ച് പ്രഭാതത്തിന്റെ അരണ്ട വെളിച്ചത്തിൽ പരിഭ്രമത്തോടെ നിലവിളിച്ചുകൊണ്ട് ദൂരേക്കു പറന്നുകൊണ്ടിരുന്നു.
(മലബാർ കലാപത്തെ അടിസ്ഥാനമാക്കി
റഹ്മാൻ കിടങ്ങയം എഴുതിവരുന്ന 'അന്നിരുപത്തൊന്നിൽ' എന്ന നോവലിൽ നിന്ന്)
ഇന്ത്യൻ ദേശീയ സ്വാതന്ത്ര്യ സമരത്തിന്റെ തീച്ചൂളയിലേക്ക് അഗ്നിസ്ഫുലിംഗങ്ങൾ എറിഞ്ഞ 1921 ലെ ഖിലാഫത്ത് പ്രസ്ഥാനത്തിന് കിഴക്കൻ ഏറനാടൻ ഗ്രാമമായ പാണ്ടിക്കാട് സംഭാവന ചെയ്ത ധീരയോദ്ധാക്കളാണ് വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, ആലി മുസ്‌ല്യാർ, ചെമ്പ്രശ്ശേരി കുഞ്ഞിസീതിത്തങ്ങൾ എന്നിവർ. അവരുടെ ഓർമകളിലേക്കുള്ള പിൻവിളി കൂടിയായിരുന്നു, ജിദ്ദയിലെ പാണ്ടിക്കാട് പഞ്ചായത്ത് പ്രവാസികളുടെ കൂട്ടായ്മയായ 'പപ്പ' അണിയിച്ചൊരുക്കിയ എന്റെ നാട് എന്റെ അഭിമാനം എന്ന ശീർഷകത്തിലുള്ള ആഘോഷം.
ജിദ്ദ വാദി മുറീഹ് ദുർറഹ് വില്ലയിലായിരുന്നു പരിപാടി. പാണ്ടിക്കാടിന്റെ പൈതൃകം വിളിച്ചോതുന്ന പരിപാടികൾ ഏറെ ആകർഷകമായി. ക്വിസ് മൽസരം, കുട്ടികൾക്കായി വിവിധ പരിപാടികൾ, കായിക മൽസരങ്ങൾ എന്നിവ പുലരും വരെയുള്ള നെറ്റ് ഫെസ്റ്റിനെ ആകർഷകമാക്കി.
മലയാളം ന്യൂസ് എഡിറ്റർ മുസാഫിർ ചടങ്ങ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കുഞ്ഞിമുഹമ്മദ് കൊടശ്ശേരിയുടെ അധ്യക്ഷതയിൽ ചേർന്ന ഉദ്ഘാടന യോഗത്തിൽ മുഖ്യ രക്ഷാധികാരി സാദിഖ് പാണ്ടിക്കാട്, ചെയർമാൻ സി.എം. അബ്ദുറഹിമാൻ, അഞ്ചില്ലൻ കുഞ്ഞാൻ, എ.ടി. ഇസ്ഹാഖ്, സക്കറിയ പയ്യപ്പറമ്പ്, എ.ടി. അമീൻ തുടങ്ങിയവർ പ്രസംഗിച്ചു. മൂസ വെട്ടിക്കാട്ടിരി സ്വാഗതവും മുഹമ്മദ് കുട്ടി വള്ളുവങ്ങാട് നന്ദിയും രേഖപ്പെടുത്തി.
വിവിധ സബ് കമ്മിറ്റികൾക്ക് മുസ്തഫ കളത്തിൽ, ബാബു പയ്യപ്പറമ്പ്, ഹംസ നെല്ലൂർ, മാനു കക്കുളം (ഭക്ഷണ കമ്മിറ്റി), ഖാലിദ് പാണ്ടിക്കാട്, ആപ്പ പുലിയോടൻ, അൻഷാജ് പൂളമണ്ണ, റഷീദ് പയ്യപ്പറമ്പ്, സന്തോഷ്, സമീർ വളരാട് (സ്‌പോർട്‌സ് കമ്മിറ്റി ), എ.ടി. ഇസ്ഹാഖ്, സാദിഖലി കുള്ളാപ്പ, ഫൈസൽ എം.കെ, സമീർ തറിപ്പടി (ഫാമിലി ആന്റ് കിഡ്‌സ് എന്റർടെയിൻമെന്റ്), ഫിറോസ് പൂളമണ്ണ, ഷാഫി വളരാട്, നൗഷാദ് പയ്യപ്പറമ്പ്, മുനീർ വള്ളുവങ്ങാട് (റിഫ്രഷ്‌മെന്റ് കമ്മിറ്റി), ഫഹദ് പയ്യപ്പറമ്പ്, ഹസ്‌കർ തമ്പാനങ്ങാടി (ലോജിസ്റ്റിക്), മുഹമ്മദ് കുട്ടി വള്ളുവങ്ങാട്, ഉമ്മർ അഞ്ചില്ലൻ (ട്രാൻസ്‌പോർട്ടേഷൻ) തുടങ്ങിയവർ നേതൃത്വം നൽകി.
പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച വിവിധ തരം കലാ കായിക മത്സരങ്ങളിൽ വിജയികളായവർ.
ക്യാരക്‌സ് മെഡിക്കൽ കാർട്ടൻസ് വിന്നേഴ്‌സ് ട്രോഫിക്കും റോളക്‌സ് ഹോട്ടൽ റണ്ണേഴ്‌സ് ട്രോഫിക്കും വേണ്ടി നടന്ന ഫുട്‌ബോൾ സൗഹൃദ മത്സരത്തിൽ ബ്രദേഴ്‌സ് പാണ്ടിക്കാട് ട്രോഫി കരസ്ഥമാക്കി. ടൗൺ ടീം പാണ്ടിക്കാടിനാണ് രണ്ടാം സ്ഥാനം.
മെഗാ മാക്‌സ് വിന്നേഴ്‌സ് ട്രോഫിക്ക് വേണ്ടി നടന്ന വടം വലി മത്സരത്തിൽ ചൈതന്യ ഓടോമ്പറ്റ ഒന്നാം സ്ഥാനം നേടി.
ബ്ലാക്ക് ആൻഡ് വൈറ്റ് സ്‌പോർട്‌സ് വിന്നേഴ്‌സ് ട്രോഫിക്കും ഡ്രീം വേൾഡ് ഷറഫിയ റണ്ണേഴ്‌സ് ട്രോഫിക്കും വേണ്ടി നടന്ന ഷൂട്ട് ഔട്ട് മത്സരത്തിൽ അപ്പോളോ കോടശ്ശേരി ട്രോഫി കരസ്ഥമാക്കി. ചൈതന്യ ഓടോമ്പറ്റയാണ് രണ്ടാം സ്ഥാനം നേടിയത്.
പഞ്ചായത്തിലെ ഏറ്റവും വേഗം കൂടിയ ഓട്ടക്കാരനായി ഫദ്‌ല് വെട്ടിക്കാട്ടിരിയെ തെരഞ്ഞെടുത്തു. സായിദാൻ ടൊയോട്ടയാണ് ഇതിനുള്ള ട്രോഫി സ്‌പോൺസർ ചെയ്തത്.
വനിതകൾക്കുള്ള ക്വിസ് മത്സരത്തിൽ സലീന മുസാഫിർ, ആമിന നിലോഫർ, ഉമ്മുസൽമ പാണ്ടിക്കാട് തുടങ്ങിയവർ വിജയികളായി. വിജയികൾക്കുള്ള ട്രോഫികൾ ബഷീർ ക്യാരക്‌സ്, ഹക്കീം റോളക്‌സ്, സാദിഖ് പാണ്ടിക്കാട്, സി. എം. അബ്ദുറഹിമാൻ, കുഞ്ഞിമുഹമ്മദ് കൊടശ്ശേരി, മൂസ വെട്ടിക്കാട്ടിരി തുടങ്ങിയവർ സമ്മാനിച്ചു.
നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾക്കാണ് പപ്പ നേതൃത്വം നൽകിക്കൊണ്ടിരിക്കുന്നത്. പാണ്ടിക്കാട് പഞ്ചായത്തിലെ നിർധന കുടുംബങ്ങൾക്കും രോഗം മൂലം കഷ്ടപ്പെടുന്നവർക്കും ഇതിനോടകം ലക്ഷക്കണക്കിന് രൂപയാണ് സഹായമായി നൽകിയതെന്ന് സംഘാടകർ അറിയിച്ചു.
സാന്ത്വനം പെയിൻ ആന്റ് പാലിയേറ്റീവ് ക്ലിനിക്കിന് ഇരുപത്തിയഞ്ച് ലക്ഷത്തോളം രൂപ പപ്പ സഹായമായി നൽകുകയുണ്ടായി പഞ്ചായത്തിലെ വീടില്ലാത്ത രണ്ടു കുടുംബങ്ങൾക്ക് മുഖ്യ രക്ഷാധികാരി സാദിഖിന്റെ നേതൃത്വത്തിൽ വീടൊരുങ്ങിക്കൊണ്ടിരിക്കുക
യാണ്. പഞ്ചായത്തിലെ പ്രവാസികൾ നേരിടുന്ന പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാനും പപ്പക്ക് സാധിച്ചിട്ടുണ്ട്.
ഏറനാടൻ പൈതൃകത്തിന്റെ വീണ്ടെടുപ്പാണ് പ്രവാസ ലോകത്തെ പാണ്ടിക്കാട് പഞ്ചായത്ത് പരിധിയിലുള്ളവരുടെ ഈ സ്‌നേഹക്കൂട്ടായ്മയുടെ പരിശ്രമമെന്ന് മുഖ്യ രക്ഷാധികാരി സാദിഖ് പാണ്ടിക്കാട് അറിയിച്ചു.