കാടിന്റെ കനിവിലേക്ക് ക്യാമറയുമായി കയറിച്ചെല്ലുന്നവർക്ക് കരുതലോടെ കൈകാര്യം ചെയ്യാൻ കാര്യങ്ങളൊരുപാടുണ്ട് എന്ന് അസീസ് മാഹി പറയും. വന്യജീവി ഫോട്ടോഗ്രഫി എന്നത് ഹോബിയും ദൗത്യവുമായി കൊണ്ടുനടക്കുന്ന അദ്ദേഹത്തിന് അന്നുമിന്നും ആവർത്തിക്കാനുള്ളത് കാട് നമ്മുടേതല്ല, അവരുടേതാണ് (വന്യമൃഗങ്ങളുടേത്) എന്ന ശാശ്വത സത്യം മാത്രം...
യാഷികയുടെ ഇലക്‌ട്രോ 38 ക്യാമറയുമായി ഫോട്ടോ എടുത്തു തുടങ്ങിയ കൗമാരത്തിലും പിന്നീട് ഫോട്ടോഗ്രഫി ഒരു കലയും കമ്പവുമായി വളർന്ന പഠന കാലത്തും താനൊരു വൈൽഡ്‌ലൈഫ് ഫോട്ടോഗ്രാഫറായി തീരുമെന്ന് അബ്ദുൽ അസീസ് എന്ന അസീസ് മാഹി കരുതിയതല്ല. തലശ്ശേരി ബ്രണ്ണൻ കോളേജിൽ നിന്ന് പഠിച്ചിറങ്ങിയ എം.എൻ.വിജയൻ മാഷുടെ ഈ അരുമശിഷ്യൻ മാഹിയിലെ ഉസ്മാൻ സ്മാരക കോളേജിൽ അധ്യാപകനായപ്പോഴും അങ്ങനെ വിചാരിച്ചതല്ല. എന്നാൽ 1989ൽ വിദ്യാഭ്യാസ വകുപ്പിൽ ജോലി കിട്ടി കൽപറ്റയിൽ എത്തിയതോടെയാണ് അദ്ദേഹം കാടിനെ ക്യാമറക്കണ്ണിലൂടെ കാണാൻ തുടങ്ങിയത്. അത് നാട്ടിലിരുന്ന് കാട് സ്വപ്‌നം കാണുന്നവർക്കും കാടിനെ അറിയാതെ കാടുകയറുന്നവർക്കും പുതിയ ദർശനങ്ങളുടെ പാഠവും പാഠഭേദവുമായി. സത്യത്തിൽ വനമുള്ള വയനാട്ടിലേക്കുള്ള വരവാണ് തലവര തിരുത്തി തന്നെ ഒരു വന്യജീവി ഫോട്ടോഗ്രാഫർ ആക്കി മാറ്റിയത് എന്ന് മാഹിക്കാരുടെ പ്രിയപ്പെട്ട അസീസ് മാഷ് പറയും.
അനുനിമിഷം മാറുന്നതാണ് കാടിന്റെ ദൃശ്യങ്ങളും സൗന്ദര്യവുമെന്ന് മനസ്സിലായത് വയനാട്ടിലെത്തിയപ്പോഴാണ്. ഇന്ന് കണ്ട കാടല്ല നാളെ നമുക്കു മുമ്പിൽ തെളിയുക. കാട് എത്ര കണ്ടാലും മതിവരാത്ത കൗതുകങ്ങളുടെ കലവറയാണ്. അത് തിരിച്ചറിഞ്ഞ ചില കൂട്ടുകാരുമായി മാഷ്, രാവിലെ ബൈക്കിൽ കാടു കാണാനിറങ്ങും. കാടു കയറാതെ റോഡിലൂടെയുള്ള ആ യാത്രകൾ ഓഫീസ് സമയം തുടങ്ങുന്നതിന് മുമ്പായി അവസാനിക്കും. അതിനിട യിൽ കാണുന്ന കാടിന്റെ കാഴ്ചകളും പക്ഷി-മൃഗാദികളും ഒക്കെ ക്യാമറയിൽ പകർത്തും. പിന്നെയും കുറേ കഴിഞ്ഞാണ് കാടുകയറുന്നത്. അമ്പലവയൽ സ്‌കൂളിൽ നിന്ന് കുട്ടികളുമായി മുത്തങ്ങ വനത്തിൽ ക്യാമ്പ് പോയത് അതിനൊരു നിമിത്തമായി. അതോടെ കാടിനെ അറിയുകയും അനുഭവിക്കുകയും ചെയ്യുക അദ്ദേഹത്തിന് ഹരമായി. 2010ൽ ജോലിയിൽ നിന്ന് വിരമിച്ചതോടെ മുഴുവൻ സമയവും ഈ രംഗത്ത് സജീവമായി. പ്രായം കൂടുമ്പോഴും പക്ഷേ കാടുകയറാനുള്ള ആവേശത്തിന് ഒട്ടും കുറവുണ്ടായില്ല.
ഈ കാലയളവിനുള്ളിൽ അദ്ദേഹം കറങ്ങിയ കാടുകളുടെ കണക്കെടുത്താൽ കണ്ണു തള്ളിപ്പോകും. കേരളത്തിൽ മുത്തങ്ങ, തേക്കടി, ചിന്നാർ, ഗവി, ചിമ്മിണി, തോൽപെട്ടി, നെല്ലിയാമ്പതി, സൈലന്റ്‌വാലി, പറമ്പിക്കുളം, ഇരവികുളം. തമിഴ്‌നാട്ടിൽ ആനമല, മുതുമല തുടങ്ങിയ വന്യജീവി സങ്കേതങ്ങൾ സന്ദർശിച്ചിട്ടുണ്ട്. കർണാടകയിൽ ബന്ദിപ്പൂർ, നാഗർഹോള, കബനി എന്നിവിടങ്ങളിൽ ഒന്നിലധികം തവണ യാത്ര ചെയ്തു. മഹാരാഷ്ട്രയിലെ തഡോബ-അന്ധാരി, മഹാരാഷ്ട്രയിലും മധ്യപ്രദേശിലും വ്യാപിച്ചു കിടക്കുന്ന പെഞ്ച്, പശ്ചിമ ബംഗാളിലെ സുന്ദർബൻ, ഉത്തരാഖണ്ഡിലെ ജിംകോർബറ്റ് നാഷണൽ പാർക്ക്, ഗൾഫ് രാജ്യങ്ങളിലെ വന്യജീവി സങ്കേതങ്ങൾ എന്നിവിടങ്ങളിലും സഞ്ചരിച്ചിട്ടുണ്ട്. ഏറ്റവും ഒടുവിലായി ഈ വർഷം ജൂലൈയിൽ യാത്ര പോയത് കെനിയയിലെ പ്രസിദ്ധമായ മസായ്മാര കാടുകളിലാണ്. സഞ്ചാര പഥങ്ങളിൽ തനിക്കു താണ്ടാൻ കാടുകളിനിയും ഒരുപാടുണ്ട് എന്നദ്ദേഹം പറഞ്ഞു. ടാൻസാനിയയിലെ സരിംഗേറ്റി കാടുകൾ അതിലൊന്നാണ്.
കാട്, കാടാവാൻ കടുവ വേണം എന്നു പറയാറുണ്ട്. കാട്ടിലെ ഏറ്റവും ഹൃദ്യമായ കാഴ്ചയും കടുവ തന്നെ. കടുവാ ദർശനം പുണ്യം എന്ന് മാഷ് പറയും. കാരണമെന്താണെന്നോ? ലോകത്തിലെ 700 കോടിയിലധികം വരുന്ന ജനങ്ങൾക്കെല്ലാം കൂടി കാണാൻ കാടുകളിൽ ആകെ ഉള്ളത് 4000-ൽ താഴെ വരുന്ന കടുവകൾ മാത്രമാണ്. അവയിൽ ഒരാളാണ് മുന്നിൽ നിൽക്കുന്നത് എന്നറിയുമ്പോൾ തീർച്ചയായും നമ്മുടെ തലച്ചോറിലെ ന്യൂട്രോണുകൾ എഴുന്നേറ്റ് നൃത്തം വെക്കും (വാക്കുകൾക്ക് കടപ്പാട് എം.എൻ.വിജയൻ മാഷോട്). ആ കാഴ്ച നമ്മുടെ ആയുസ്സ് വർധിപ്പിക്കും എന്നാണ് മാഷുടെ വാദം. ബന്ദിപ്പൂർ വനത്തിലെ പ്രിൻസ് എന്നു പേരുള്ള കടുവയാണ് അസീസ് മാഷുടെ ക്യാമറയിൽ ഏറ്റവും ആദ്യം പതിഞ്ഞത്. പിന്നീട് കബനിയിലും തഡോബയിലും ജിംകോർബറ്റിലും മസായ്മാരയിലുമായി നിരവധി കടുവകളെ അദ്ദേഹം ക്യാമറയിൽ പകർത്തി.
എന്നാൽ പേരുകേട്ട ബംഗാൾ കടുവകളുള്ള സുന്ദർബൻസിൽ പോയി അവയെ കാണാതെ നിരാശയോടെ മടങ്ങേണ്ടി വന്ന അനുഭവവും അദ്ദേഹത്തിനുണ്ട്. അവിടെ ചതുപ്പിലെ കണ്ടൽക്കാടുകളിലേക്ക് ഇറങ്ങിവന്ന് മീൻ പിടിച്ചു ജീവിക്കുന്ന കടുവകളുടെ ദൃശ്യം പതിവാണ്. അവയെ കാണാൻ ഹുഗ്ലീ നദിയിലൂടെ ഒരു ജംഗാറിൽ (ഉറങ്ങാനും ഭക്ഷണം പാകം ചെയ്യാനും മറ്റും സൗകര്യമുള്ള വലിയ ബോട്ട്) രണ്ട് പകലും ഒരു രാത്രിയും സഞ്ചരിച്ചിട്ടും ഒരു കടുവയെ പോലും കാണാൻ കഴിഞ്ഞില്ല. അതേസമയം, തഡോബ വനത്തിൽ വെച്ച് അപ്രതീക്ഷിതമായി അമ്മയും നാലു കുഞ്ഞുങ്ങളുമടങ്ങിയ ഒരു കടുവാ കുടുംബത്തിനെ കൺനിറയെ കാണാനും പറ്റി. പോക്കുവെയിലിന്റെ പൊൻനിറമുള്ള പിൻവെളിച്ചത്തിൽ അവയെ കണ്ടത് അഭൗമമായ ഒരനുഭൂതിയാണ് മാഷുടെ മനസ്സിൽ സൃഷ്ടിച്ചത്.
ഉത്തരാഖണ്ഡിലെ ജിംകോർബറ്റ് വന്യജീവി സങ്കേതം ഉത്തരേന്ത്യയിൽ വർഷകാലമായാൽ അടച്ചിടുന്ന പതിവുണ്ട്. രാം ഗംഗാ നദി ഇതിലൂടെ കര കവിഞ്ഞ് ഒഴുകുന്നതാണ് കാരണം. അപ്പോൾ മൃഗങ്ങളും പക്ഷികളും കൂട്ടമായി ഇവിടം വിട്ട് ദീർഘദൂരം യാത്ര ചെയ്ത് ടിബറ്റിലേക്കും മറ്റും രക്ഷപ്പെടും. ഗ്രെയ്റ്റ് മൈഗ്രേഷൻ എന്നറിയപ്പെടുന്ന വന്യജീവികളുടെ, കാടുവിട്ട് കാടു കയറുന്ന അത്ഭുതകരമായ ദേശാന്തര ഗമനമാണിത്. മഴക്കാലം കഴിയുന്ന തോടെ അവ ഇവിടേക്ക് തന്നെ തിരിച്ചെത്തും. കടുവകളും ആനകളും മറ്റും രാംഗംഗാ നദി മുറിച്ചു കടക്കുന്നതും അതിനിടയിൽ നദിയിൽ നീന്തിത്തുടിക്കുന്നതും കൂട്ടമായി സഞ്ചരിക്കുന്നതുമായ കാഴ്ചകൾ അവിസ്മരണീയമായ അനുഭവമാണ്. സമാനമായത് കെനിയയിലെ മസായ്മാരാ കാടുകളിലും കാണാൻ കഴിയും. അവിടെ ലക്ഷക്കണക്കിന് വന്യജീവികളാണ് വർഷത്തിലെ ഒരു പ്രത്യേക സീസണിൽ മാരാ നദി കടന്ന് ടാൻസാനിയൻ കാടുകളിലേക്ക് പലായനം ചെയ്യുക.
ഇങ്ങനെ കാടുകൾ തോറും വന്യജീവികളേയും പക്ഷികളേയും തേടി അലയുന്ന ഒരാളുടെ കൈയിൽ ഏറ്റവും അവശ്യം വേണ്ടുന്ന കാര്യമെന്താണ്? നല്ലൊരു ക്യാമറ എന്നാവും നമ്മുടെ ഉത്തരം (മാഷുടെ കൈയിൽ കാനൻ 1 ഡി.എക്‌സ് എന്ന വിലപിടിപ്പുള്ള ക്യാമറയാണ് ഇപ്പോഴുള്ളത്). പക്ഷേ, അല്ല എന്നദ്ദേഹം പറയും. കാടു കയറുന്നവർക്ക് പരമപ്രധാനമായി വേണ്ടത് കാടിനെ സ്‌നേഹിക്കുന്ന, കാടിനായി സമർപ്പിക്കുന്ന, വ്രതനിഷ്ഠവും പ്രാർഥനാനിരതവുമായ ഒരു മനസ്സത്രെ! ക്യാമറ ആർക്കും വിലകൊടുത്തു വാങ്ങാം. എന്നാൽ അങ്ങനെ ഒരു മനസ്സ് വിലകൊടുത്തു വാങ്ങാനാവില്ല. അത് സ്വയം സൃഷ്ടിച്ചെടുക്കേണ്ടതാണ് എന്ന് മാഷ് പറയും. കാടുകയറ്റം ഒരിക്കലും ആർഭാടപൂർവമായ ആഘോഷമല്ല അദ്ദേഹത്തിന്. കബനിയിലെ കാടുകൾക്കകത്ത് കർണാടക സർക്കാരിന്റെ ജംഗിൾ ലോഡ്ജ് ആന്റ് റിസോർട്ട്‌സ് (ജെ.എൽ. ആർ) ഉണ്ട്. ഈ ലക്ഷ്വറി താമസ സൗകര്യത്തിന് ദിവസ വാടക 10,000 രൂപയ്ക്ക് മുകളിലാണ്. ബംഗളൂരുവിൽ നിന്നും മറ്റും വരുന്ന സമ്പന്ന യാത്രികരുടെ താവളമാണിത്. വനയാത്ര വിനോദയാത്രയാക്കി, കാട്ടിൽ ഒന്നോ രണ്ടോ ദിവസം അടിച്ചു പൊളിക്കാനെത്തുന്ന ഇക്കൂട്ടർ കാട്ടിൽ പാലിക്കേണ്ട മര്യാദകളെല്ലാം കാറ്റിൽ പറത്തി കാടിന്റെ കഥകഴിക്കാൻ കച്ച കെട്ടിയവരാണ്.
കാടുകയറുമ്പോൾ നാം കാടിന്റെ ഭാഗമാകണം എന്ന നിഷ്‌കർഷയുണ്ട് മാഷ്‌ക്ക്. കാടിന് ഒരു മനസ്സും ഭാഷയും നിയമവും അച്ചടക്കവുമുണ്ട്. അത് ലംഘിക്കാതെ, അതിലെ അന്തേവാസികൾക്ക് ഒരു പോറലും ഏൽപിക്കാതെ വേണം നാം അവിടെ യാത്ര ചെയ്യാൻ. വനപാലകരുടേയും ഗൈഡുകളുടേയും നിർദേശങ്ങൾ അണുവിട തെറ്റാതെ പാലിക്കണം. മദ്യപിച്ചും പുകവലിച്ചും രൂക്ഷഗന്ധമുള്ള പെർഫ്യൂമുകൾ ഉപയോഗിച്ചും കാടുകയറരുത്. കാട്ടിലെ മൃഗങ്ങൾ, നാട്ടിലെ മനുഷ്യർക്കുള്ള കെട്ടുകാഴ്ചകളൊന്നും ഇല്ലാത്തവരാണ്. പ്രകോപിപ്പിച്ചില്ലെങ്കിൽ കാട്ടിലെ ഒരു മൃഗവും അക്രമത്തിന് മുതിരില്ല എന്നാണ് മാഷുടെ വാദം. മൃഗങ്ങൾക്ക് മനുഷ്യരോട് പ്രത്യേകിച്ച് ശത്രുതയൊന്നുമില്ല. കാട്ടിൽ അതിക്രമിച്ചു കയറി മൃഗങ്ങളെ ശത്രുക്കളായി കണ്ട് കൊല്ലുന്നവരാണ് മനുഷ്യർ. മൃഗങ്ങൾ കാടിന്റെ ക്രമം പാലിക്കുന്നവരാണ്. മനുഷ്യരാകട്ടെ കാടിന്റെ ക്രമം തെറ്റിച്ച്, അക്രമം കാണിക്കുന്നവരും.
അനുഭവങ്ങളാണ് മാഷുടെ അഭിപ്രായങ്ങളായി പുറത്തു വരുന്നത്. പറമ്പിക്കുളത്ത് ആദിവാസി ഗൈഡിനൊപ്പം ട്രക്കിംഗിന് പോയപ്പോൾ കേവലം 10 അടി ദൂരെയാണ് കടുവയെ കണ്ടത്. അവൻ ഒരു അക്രമത്തിനും മുതിർന്നില്ല. പാറപ്പുറത്ത് രാജാവിന്റെ പ്രൗഢിയോടെ അവർക്ക് ഫോട്ടോകൾ എടുക്കാൻ പാകത്തിൽ ഒരു നിമിഷം പോസു ചെയ്ത്, പിന്നെ അലസ ഭാവത്തിൽ നടന്ന് കാടുകയറി. മസായ്മാരയിലും കടുവയെ അടുത്തു നിന്നു തന്നെ കണ്ട് ഒരു ഭയവുമില്ലാതെ ക്യാമറയിൽ പകർത്താൻ തനിക്ക് കഴിഞ്ഞു എന്ന് മാഷ് അഭിമാനത്തോടെ പറഞ്ഞു.
ജിംകോർബറ്റിൽ പോയപ്പോൾ ഒരിടത്ത് വിദേശ ഫോട്ടോഗ്രാഫർമാരുടേതടക്കം നിരവധി വാഹനങ്ങളുടെ നീണ്ട നിര കണ്ടു. ഒരു കടുവയുടെ വരവ് ക്യാമറയിൽ പകർത്താനുള്ള തിരക്കാണ്. മാഷുടെ ഗൈഡ് പക്ഷേ, ആ നിരയിൽ കണ്ണിചേരാതെ വാഹനം ഒരൽപം അകലെ കൊണ്ടിട്ടിട്ടു പറഞ്ഞു, നമുക്കിവിടെ നിൽക്കാം, കടുവ മിക്കവാറും ഈ വഴിയാണ് വരിക. ഇത്രയധികം ആളുകൾ കടുവയെ കാണാൻ മറ്റൊരിടത്ത് നിൽക്കുമ്പോൾ ഇയാളിത് എന്തും ഭാവിച്ചാ... എന്ന് നീരസം തോന്നിയെങ്കിലും മിണ്ടിയില്ല. അരമണിക്കൂർ നേരത്തെ കാത്തിരിപ്പിനൊടുവിൽ കടുവ വന്നു. കൃത്യമായും ഗൈഡ് സൂചിപ്പിച്ച അതേ വഴിയിലൂടെ തന്നെ! പതുക്കെ നടന്നുവന്ന് അവരുടെ വാഹനത്തിന്റെ മുൻവശത്ത് മൂക്കുകൊണ്ട് ഒന്നുരസിയിട്ട് നടന്നു പോയി. അവർക്ക് കടുവയുടെ മുൻവശം തന്നെ ക്യാമറയിൽ പകർത്താൻ പറ്റിയപ്പോൾ, മണി ക്കൂറുകളായി കാത്തിരുന്നവർക്ക് കഷ്ടിച്ച് അതിന്റെ പിൻഭാഗമേ കണി കാണാൻ കിട്ടിയുള്ളൂ.
പരിഷ്‌കാരത്തിന്റെ പകിട്ടിൽ നാട്ടിലെ മനുഷ്യരിൽ അന്യമാകുന്ന സ്‌നേഹ-വാത്സല്യ പ്രകടനങ്ങൾ അതിന്റെ എല്ലാ തീവ്രതയോടെയും കാട്ടിലെ പല മൃഗങ്ങളിലും പക്ഷികളിലും തനിക്ക് കാണാൻ കഴിഞ്ഞിട്ടുണ്ട് എന്നദ്ദേഹം പറഞ്ഞു. ആനക്കൂട്ടത്തിലെ പിടിയാന കുട്ടികളെ തുമ്പിക്കൈയിൽ വാരിയെടുത്ത് ലാളിക്കുന്നത്, കാലുകൾക്കിടയിൽ ചേർത്ത് നിർത്തി ഒപ്പം നടത്തുന്നത്, കുരങ്ങ് അതിന്റെ കുട്ടികളേയും അമ്മയേയും സ്‌നേഹാധിക്യത്താൽ അണച്ചു പിടിക്കുന്നത്, കടുവക്കുട്ടികളും സിംഹക്കുട്ടികളും അവയുടെ അമ്മമാർക്കൊപ്പം കെട്ടിമറിഞ്ഞ് കളിക്കുന്നത് ഒക്കെ കോരിത്തരിപ്പിക്കുന്ന കാഴ്ചകളത്രെ. ഏകദാമ്പത്യത്തിൽ അടിയുറച്ച വേഴാമ്പൽ പക്ഷിയുടെ ജീവിതം പ്രണയാതുരവും അത്ഭുതകരവുമാണ്. വലിയ മരത്തിന്റെ ഉയരത്തിലെ പൊത്തിൽ പെൺപക്ഷി സ്വന്തം തൂവൽ പൊഴിച്ച് മെത്തയാക്കി അതിൽ മുട്ടയിട്ട് കുഞ്ഞുങ്ങളെ വിരിയിക്കും. പറക്കമുറ്റുന്നതു വരെ അവയ്ക്കും അമ്മപ്പക്ഷിക്കും പുറമെ നിന്നും കൃത്യമായി ഭക്ഷണമെത്തിക്കുന്ന ആൺപക്ഷിയുടെ ത്യാഗ സന്നദ്ധത സത്യത്തിൽ നാം കണ്ടു പഠിക്കേണ്ടതാണ് എന്നദ്ദേഹം പറയുന്നു. നൂറുകണക്കിന് വെളുത്ത പാരച്യൂട്ടുകൾ ആകാശത്ത് വിടർന്ന് നീങ്ങുന്നതു പോലെ പറക്കുന്ന രാജഹംസങ്ങൾ മാനത്തും ഭൂമിയിലും കൂട്ടമായി സഞ്ചരിക്കുന്നത് കാട്ടിലെ മറ്റൊരു അപൂർവ കാഴ്ചയാണ്. ആ ഒരുമ നാം, മനുഷ്യർ ക്ക് ഇല്ലാതെ പോയതിൽ സത്യത്തിൽ തനിക്ക് ഖേദം തോന്നി എന്നദ്ദേഹം കൂട്ടിച്ചേർത്തു.
2016 വരെ തന്റെ കാടനുഭവങ്ങൾ പങ്കുവെക്കുന്ന ആയിരക്കണക്കിന് ഫോട്ടോകൾ അസീസ് മാഷ് ആരുമറിയാതെ സ്വകാര്യമായി സൂക്ഷിക്കുകയായിരുന്നു. ഒരിക്കൽ യാദൃഛികമായി അത് കണാനിടയായ സജിത് നാരായണൻ എന്ന സുഹൃത്താണ് അവ പുറംലോകത്തിന് പരിചയപ്പെടുത്താനുള്ള ആവേശം അദ്ദേഹത്തിന് നൽകിയത്. അതോടെ പത്ര മാസികകളിൽ കാടിനെ പരിചയപ്പെടുത്തുന്ന അനേകം ഫോട്ടോ ഫീച്ചറുകളും പംക്തികളും അദ്ദേഹം എഴുതാൻ തുടങ്ങി. ഇന്ന്, കാടിനെക്കുറിച്ച് നാട്ടിലുള്ളവർക്ക് കൃത്യമായ അറിവു നൽകുന്ന വിവിധ സാമൂഹ്യ ബോധവൽക്കരണ പദ്ധതികൾക്ക് നേതൃത്വം നൽകുകയാണ് മാഷ്. ഇന്ത്യൻ പരസ്യ രംഗത്തെ ഓസ്‌കർ എന്നറിയപ്പെടുന്ന ആബിസ് പുരസ്‌കാരത്തിനായി 2016 ലെ ഏറ്റവും മികച്ച രണ്ടാമത്തെ ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടത് യാത്രാ മാഗസിന്റെ കവർച്ചിത്രമായി വന്ന അദ്ദേഹത്തിന്റെ ഫോട്ടോ ആണ്.
വന്യജീവി സംരക്ഷണം, പരിസ്ഥിതി ദിനം, കാട് സംരക്ഷണം എന്നിവ ആണ്ടിലൊരിക്കൽ വഴിപാട് പോലെ മാത്രം ആഘോഷിക്കേണ്ടതല്ലെന്നും മറിച്ച് വർഷം മുഴുവൻ അനുഷ്ഠാനം പോലെ ആചരിക്കേണ്ടതാണെന്നുമാണ് മാഷുടെ പക്ഷം. കാടിന്റെ ആവാസ വ്യവസ്ഥയ്ക്ക് ഭംഗം വരുത്തുന്നതൊന്നും വനയാത്രികർ ചെയ്യരുത്. തങ്ങളുടെ വാസയിടം കൈയേറുന്ന മനുഷ്യർക്കെതിരെ മൃഗങ്ങൾ സ്വാഭാവികമായും പ്രതിരോധിക്കുന്നതിനെ നാം പലപ്പോഴും വന്യജീവി ആക്രമണമായി തെറ്റിദ്ധരിക്കുകയാണ്. കാടുണ്ടെങ്കിലേ നാട് നിലനിൽക്കൂ എന്നതാണ് നാം തിരിച്ചറിയേണ്ട വലിയ സത്യം എന്നദ്ദേഹം വ്യക്തമാക്കുന്നു. തന്റെ 101 മികച്ച വനചിത്രങ്ങളുമായി പ്രദർശനത്തിനൊരുങ്ങുന്ന മാഷ്‌ക്ക് ഈ രംഗത്ത് എല്ലാവിധ പിന്തുണയുമായി ഭാര്യ ജാനകിയും ദുബായിൽ ഡോക്ടറായ മകനും ഫോട്ടോഗ്രാഫറുമായ ഷബിനും (ഈ മകനൊപ്പമാണ് മാഷ് മസായ്മാര സന്ദർശിച്ചത്) വില്യാപ്പള്ളി എം.ജെ ഹയർ സെക്കണ്ടറി സ്‌കൂൾ അധ്യാപികയായ ഷെറിനുമുണ്ട്.