കൊല്ലം- മദ്രാസ് ഐ.ഐ.ടിയിലെ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ ഫാത്തിമ ലത്തീഫിന്റെ മൊബൈൽ ഫോണിൽ രണ്ട് അധ്യാപകരുടെ കൂടി പേരുകൾ കണ്ടെത്തി. ഫോണിൽ പ്രത്യേകം എഴുതി സൂക്ഷിച്ച കുറിപ്പിലാണ് ഇവരുടെ പേരുകളുള്ളത്. ചില വിദ്യാർഥികൾക്കെതിരെയും കുറിപ്പിൽ പരാമർശമുണ്ട്. മാതാപിതാക്കളെയും സഹോദരിമാരെയും ഏറെ സ്‌നേഹിക്കുന്നുവെന്നും ഇപ്പോഴത്തെ സ്ഥലത്തെ വെറുപ്പോടെ കാണുന്നുവെന്നും എഴുതിയിട്ടുണ്ട്. ഇതോടൊപ്പമാണ് രണ്ടു അധ്യാപകരുടെ പേരും കുറിച്ചുവെച്ചിരിക്കുന്നത്. ഇവരെ മരണത്തിന് കാരണക്കാരായാണ് ചിത്രീകരിച്ചിരിക്കുന്നത്.
മൊബൈൽ ഫോണിലെ പാസ്‌വേഡ് ഒഴിവാക്കിയ ഫാത്തി ആർക്കും ഫോൺ തുറക്കാൻ കഴിയുന്ന വിധമാക്കിയിരുന്നു. ബാറ്ററി ചാർജ് തീർന്നു ഓഫ് ആയ മൊബൈൽ ഫോൺ മരണവിവരമറിഞ്ഞ് എത്തിയ ബന്ധുക്കളാണ് ഓണാക്കിയത്. വോൾപേപ്പറിൽ തെളിഞ്ഞ കുറിപ്പ് ബന്ധുക്കൾ മറ്റൊരു മൊബൈൽ ഫോണിൽ പകർത്തുകയും ചെയ്തിരുന്നു.