തൃശൂർ- തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിട്ടുള്ള മാവോയിസ്റ്റുകളുടെ മൃതദേഹങ്ങളിൽ സ്ത്രീയുടെ മൃതദേഹം തിരിച്ചറിയാൻ കോയമ്പത്തൂരിൽ നിന്ന് ഒരാളെത്തി. എന്നാൽ മൃതദേഹം തന്റെ മകളുടേതല്ലെന്ന് സ്ഥിരീകരിച്ച് അദ്ദേഹം മടങ്ങി. റിട്ട. ബാങ്ക് ഉദ്യോഗസ്ഥനായ കോയമ്പത്തൂർ കറുക പുത്തർപെട്ടിയിൽ ഷൺമുഖൻ (68) ആണ് ഇന്നലെ രാത്രി എട്ടോടെ തൃശൂർ മെഡിക്കൽ കോളേജിലെത്തിയത്. മെഡിക്കൽ കോളേജ് പോലീസിന്റെ അനുമതിയോടെ അദ്ദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം കണ്ടെങ്കിലും തിരിച്ചറിയാനായില്ല. തുടർന്ന് പോലീസ് കാണിച്ചു കൊടുത്ത ഫോട്ടോകൾ കണ്ടപ്പോഴാണ് ഇത് തന്റെ മകളല്ലെന്ന് ഷൺമുഖൻ സ്ഥിരീകരിച്ചത്. തന്റെ മകൾക്ക് നല്ല വെളുത്ത നിറമായിരുന്നുവെന്ന് മാത്രം പറഞ്ഞ് ഷൺമുഖൻ രാത്രിയിൽ തന്നെ മെഡിക്കൽ കോളേജ് ഭാഗത്ത് നിന്ന് ബസ് കയറി മടങ്ങുകയും ചെയ്തു. രേഖകൾ സഹിതം ഒറ്റയ്ക്കായിരുന്നു ഷൺമുഖൻ എത്തിയത്. 31 വയസ്സുള്ളപ്പോൾ എടുത്ത മകളുടെ ഫോട്ടോയും ഷൺമുഖന്റെ കയ്യിലുണ്ടായിരുന്നു. കൊല്ലപ്പെട്ട നാലിൽ രണ്ടു പേരുടെ മൃതദേഹങ്ങളാണ് ഇപ്പോഴും മോർച്ചറിയിലുള്ളത്. ഡി.എൻ.എ ടെസ്റ്റിന്റെയും മറ്റും ഫലങ്ങൾ വരാനുണ്ട്.