റിയാദ് - ഇൻഷുറൻസില്ലാത്ത വാഹനങ്ങൾക്ക് സൗദി ട്രാഫിക് ഡയറക്ടറേറ്റ് ഓട്ടോമാറ്റിക് രീതിയിൽ പിഴ ചുമത്താൻ തുടങ്ങി. മറ്റു ഗതാഗത നിയമ ലംഘനങ്ങൾ രജിസ്റ്റർ ചെയ്യുമ്പോഴാണ് ഇൻഷുറൻസില്ലാത്തതിനും പിഴ ചുമത്തുക. അടിസ്ഥാന ഗതാഗത നിയമ ലംഘനത്തിൽനിന്ന് സ്വതന്ത്രമായി മറ്റൊരു നമ്പറിലാണ് ഇൻഷുറൻസില്ലാത്തതിനുള്ള പിഴ ചുമത്തുകയെന്ന് സൗദി ട്രാഫിക് ഡയറക്ടറേറ്റ് മേധാവി മേജർ ജനറൽ മുഹമ്മദ് അൽബസ്സാമി പുറത്തിറക്കിയ സർക്കുലർ വ്യക്തമാക്കി.
ആദ്യത്തെ അടിസ്ഥാന നിയമ ലംഘനം രേഖപ്പെടുത്തി 72 മണിക്കൂറിനകം ഇൻഷുറൻസില്ലാത്തതിനുള്ള നിയമ ലംഘനവും രേഖപ്പെടുത്തി പിഴ ചുമത്തും. ഓട്ടോമാറ്റിക് രീതിയിൽ ഗതാഗത നിയമ ലംഘനങ്ങൾ രജിസ്റ്റർ ചെയ്യുമ്പോൾ വാഹനങ്ങൾക്ക് ഇൻഷുറൻസുണ്ടോയെന്ന് കംപ്യൂട്ടർ സംവിധാനത്തിൽ പരിശോധിച്ചാണ് പിഴ ചുമത്തുക. ഇൻഷുറൻസ് പരിരക്ഷയില്ലാത്ത വാഹനങ്ങൾക്ക് 100 റിയാൽ മുതൽ 150 റിയാൽ വരെ പിഴയാണ് ചുമത്തുക.