ഖഫ്ജി- ഖഫ്ജി അതിർത്തി പോസ്റ്റിൽ കസ്റ്റംസ് ഉദ്യോഗസ്ഥനു നേരെ ആക്രമണം. കള്ളക്കടത്ത് വസ്തുക്കൾ കടത്താൻ ശ്രമിച്ച ഡ്രൈവർ കസ്റ്റംസ് ഉദ്യോഗസ്ഥനെ കുത്തിപ്പരിക്കേൽപിക്കുകയായിരുന്നു. പ്രൈവറ്റ് കാറിൽ അതിർത്തി പോസ്റ്റിലെത്തിയ ഡ്രൈവറുടെ വാഹനത്തിൽ കസ്റ്റംസ് ഉദ്യോഗസ്ഥൻ നടത്തിയ പരിശോധനയിൽ കള്ളക്കടത്ത് വസ്തുക്കൾ കണ്ടെത്തിയതോടെയാണ് സംഭവങ്ങളുടെ തുടക്കം.
കാറിലെ രഹസ്യ അറകളിൽ നിന്ന് കള്ളക്കടത്ത് വസ്തുക്കൾ പുറത്തെടുക്കുന്നതിനിടെ ഉദ്യോഗസ്ഥനെ ഡ്രൈവർ അടിക്കുകയായിരുന്നു. മറ്റൊരു കസ്റ്റംസ് ഉദ്യോഗസ്ഥൻ ഓടിയെത്തി കള്ളക്കടത്തുകാരനെ ചെറുക്കാൻ ശ്രമിച്ചു. ഇതിനിടെ പോക്കറ്റിൽ നിന്ന് കത്തി പുറത്തെടുത്ത ഡ്രൈവർ രണ്ടാമത്തെ ഉദ്യോഗസ്ഥനെ കുത്തിപ്പരിക്കേൽപിച്ചു. ഉദ്യോഗസ്ഥർ ചേർന്ന് കള്ളക്കടത്തുകാരനെ കീഴടക്കി അറസ്റ്റ് ചെയ്തു. പരിക്കേറ്റ ഉദ്യോഗസ്ഥനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിയമാനുസൃത നടപടികൾ സ്വീകരിക്കുന്നതിന് കേസ് പിന്നീട് ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറിയതായി സൗദി കസ്റ്റംസ് അറിയിച്ചു.