റിയാദ്- സ്വകാര്യ മേഖലയിൽ പതിനായിരം റിയാലും അതിൽ കൂടുതലും വേതനം ലഭിക്കുന്ന സൗദി ജീവനക്കാരുടെ എണ്ണം ഈ വർഷം രണ്ടാം പാദത്തിൽ 8.2 ശതമാനം തോതിൽ വർധിച്ചു. ഈ വർഷം രണ്ടാം പാദാവസാനത്തെ കണക്കുകൾ പ്രകാരം പതിനായിരം റിയാലും അതിൽ കൂടുതലും വേതനം ലഭിക്കുന്ന 2,47,096 സൗദികൾ സ്വകാര്യ മേഖലയിലുണ്ട്. 2018 രണ്ടാം പാദത്തിൽ ഈ വിഭാഗത്തിൽ പെട്ട സൗദി ജീവനക്കാർ 2,28,286 ആയിരുന്നു.
ഈ വർഷം ഒന്നാം പാദത്തിൽ പതിനായിരം റിയാലും അതിൽ കൂടുതലും വേതനം ലഭിക്കുന്ന 2,46,298 സൗദികൾ സ്വകാര്യ മേഖലയിലുണ്ടായിരുന്നു. ജനറൽ ഓർഗനൈസേഷൻ ഫോർ സോഷ്യൽ ഇൻഷുറൻസ് കണക്കുകൾ പ്രകാരം സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന ആകെ സൗദികളിൽ 14.8 ശതമാനം പേർ പതിനായിരം റിയാലും അതിൽ കൂടുതലും വേതനം പറ്റുന്നവരാണ്.
വേതനത്തിന്റെ അടിസ്ഥാനത്തിൽ സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന സ്വദേശികളെ ആറു വിഭാഗമായി തരംതിരിച്ചിട്ടുണ്ട്. 1500 റിയാൽ വരെ വേതനം പറ്റുന്നവരാണ് ഒന്നാം വിഭാഗം. രണ്ടാം വിഭാഗം 1501 റിയാൽ മുതൽ 2999 റിയാൽ വരെ വേതനം ലഭിക്കുന്നവരും മൂന്നാം വിഭാഗം മൂവായിരം റിയാൽ വേതനം പറ്റുന്നവരുമാണ്. നാലാമത്തെ വിഭാഗത്തിന്റെ വേതനം 3001 റിയാൽ മുതൽ 4,999 റിയാൽ വരെയാണ്. 5000 റിയാൽ മുതൽ 9999 റിയാൽ വരെ വേതനം പറ്റുന്നവരാണ് അഞ്ചാമത്തെ വിഭാഗം. ആറാമത്തെ വിഭാഗത്തിന്റെ വേതനം പതിനായിരം റിയാലും അതിൽ കൂടുതലുമാണ്.
മൂവായിരം റിയാലും അതിൽ കുറവും വേതനം ലഭിക്കുന്ന സൗദികളുടെ എണ്ണം 10.3 ശതമാനം തോതിൽ കുറഞ്ഞിട്ടുണ്ട്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന ആകെ സൗദികളിൽ 41.7 ശതമാനമാണ് ഈ ഗണത്തിൽ പെട്ടത്. മൂവായിരം റിയാലും അതിൽ കൂടുതലും വേതനം ലഭിക്കുന്ന സൗദികളുടെ എണ്ണം 1.9 ശതമാനം തോതിൽ വർധിച്ചു. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ഈ ഗണത്തിൽപെട്ട സൗദികൾ 58.3 ശതമാനമാണ്. 2015 ആദ്യ പാദത്തിനു ശേഷം ആദ്യമായാണ് മൂവായിരം റിയാലും അതിൽ കൂടുതലും വേതനം ലഭിക്കുന്ന സൗദികളുടെ അനുപാതം ഇത്രയും ഉയരുന്നതെന്ന് ജനറൽ ഓർഗനൈസേഷൻ ഫോർ സോഷ്യൽ ഇൻഷുറൻസ് കണക്കുകൾ വ്യക്തമാക്കുന്നു.