Sorry, you need to enable JavaScript to visit this website.

അറാംകൊ ഓഹരി വിൽപന: സാമ്പത്തിക വളർച്ച ശക്തിപ്പെടുത്തും

റിയാദ്- സൗദി അറാംകൊ ഓഹരി വിൽപന രാജ്യത്ത് സാമ്പത്തിക വളർച്ച ശക്തിപ്പെടുത്തുന്നതിന് സഹായകമാകുമെന്ന് അന്താരാഷ്ട്ര റേറ്റിംഗ് ഏജൻസിയായ സ്റ്റാന്റേർഡ് ആന്റ് പുവേഴ്‌സ് പ്രതീക്ഷ പ്രകടിപ്പിച്ചു. 
അറാംകൊ ഷെയറുകൾ പ്രാദേശിക ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യുന്നത് സർക്കാർ ആസ്തികൾ മെച്ചപ്പെടുത്താൻ സഹായിച്ചേക്കും. ഓഹരി വിൽപനയിലൂടെ ലഭിക്കുന്ന വരുമാനം ദീർഘകാലാടിസ്ഥാനത്തിൽ സൗദിയിൽ സാമ്പത്തിക വളർച്ച ശക്തമാക്കുമെന്നും സ്റ്റാന്റേർഡ് ആന്റ് പുവേഴ്‌സ് പറഞ്ഞു. 
ഓഹരി വിൽപനയിലൂടെ ലഭിക്കുന്ന വരുമാനത്തിന്റെ മഹാഭൂരിഭാഗവും പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് വഴി സർക്കാറിന്റെ കൈകളിലെത്തും. ഇത് ഗവൺമെന്റിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തും. ഓഹരി വിൽപനയിലൂടെ ലഭിക്കുന്ന വരുമാനം ഫലപ്രദമായി പ്രയോജനപ്പെടുത്തുകയാണെങ്കിൽ അത് രാജ്യത്ത് സാമ്പത്തിക വളർച്ച ശക്തമാക്കുന്നതിന് സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സ്റ്റാന്റേർഡ് ആന്റ് പുവേഴ്‌സ് പറഞ്ഞു. 
അതേസമയം, സൗദി അറാംകൊ ഇനീഷ്യൽ പബ്ലിക് ഓഫറിംഗിൽ ഭാഗഭാക്കാകുന്ന മുഴുവൻ ബാങ്ക് ശാഖകളുടെയും പ്രവൃത്തി സമയം ദീർഘിപ്പിക്കുമെന്ന് ഏതാനും ബാങ്കുകൾ അറിയിച്ചു. ബാങ്ക് ശാഖകളുടെ പ്രവൃത്തി സമയം രണ്ടു മണിക്കൂറാണ് ദീർഘിപ്പിക്കുന്നത്. സൗദി അറേബ്യക്കു പുറത്തുനിന്ന് വരുന്നവർക്കു കൂടി ഇനീഷ്യൽ പബ്ലിക് ഓഫറിംഗിൽ പങ്കെടുക്കുന്നതിന് അവസരമൊരുക്കാൻ ശ്രമിച്ച് കിഴക്കൻ പ്രവിശ്യയിലെ ചില ബാങ്ക് ശാഖകളുടെ പ്രവൃത്തി സമയം മൂന്നു മണിക്കൂർ ദീർഘിപ്പിച്ചിട്ടുണ്ട്. 
സൗദി അറാംകൊ ഐ.പി.ഒ നടക്കുന്ന കാലത്ത് മുഴുവൻ ശാഖകളുടെയും പ്രവൃത്തി സമയം രണ്ടു മണിക്കൂർ ദീർഘിപ്പിക്കുമെന്ന് അൽബിലാദ് ബാങ്ക് അധികൃതർ പറഞ്ഞു. കിഴക്കൻ പ്രവിശ്യയിലെ ശാഖകളുടെ പ്രവൃത്തി സമയം മൂന്നു മണിക്കൂർ ദീർഘിപ്പിച്ചിട്ടുണ്ട്. ഗൾഫ് പൗരന്മാർക്കു കൂടി ഐ.പി.ഒയിൽ പങ്കെടുക്കുന്നതിന് അവസരമൊരുക്കാൻ കിഴക്കൻ പ്രവിശ്യയിലെ ശാഖകൾ വൈകീട്ട് ഏഴു വരെ തുറന്ന് പ്രവർത്തിപ്പിക്കുമെന്ന് അൽബിലാദ് ബാങ്ക് അധികൃതർ അറിയിച്ചു. 
അറാംകൊ ഐ.പി.ഒക്ക് ബാങ്ക് ശാഖകളെ നേരിട്ട് സമീപിക്കുന്നതിനു പകരം സാങ്കേതിക പോംവഴികൾ പ്രയോജനപ്പെടുത്തേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ച് ബാങ്കുകൾ ഉപയോക്താക്കളെ ബോധവൽക്കരിക്കുന്നുണ്ട്. ബാങ്ക് ശാഖകൾ നേരിട്ട് സന്ദർശിക്കാതെ ഓഹരി വാങ്ങൽ നടപടികൾ ഓൺലൈൻ വഴി എളുപ്പത്തിൽ പൂർത്തിയാക്കാൻ സാധിക്കുമെന്ന് സൗദി ഫ്രാൻസി ബാങ്ക് അധികൃതർ പറഞ്ഞു. സാധാരണ ദിവസങ്ങളിൽ രാവിലെ ഒമ്പതു മുതൽ വൈകീട്ട് നാലു വരെയാണ് സൗദി ബാങ്കുകളുടെ പ്രവൃത്തി സമയം. 


 

Latest News