കൊല്ലം- മദ്രാസ് ഐ.ഐ.ടി വിദ്യാർത്ഥിനി ഫാത്തിമ ലത്തിഫിന്റെ മരണവുമായി ബന്ധപ്പെട്ട് ഞെട്ടിപ്പിക്കുന്ന തെളിവുകളുമായി കുടുംബം. ഫാത്തിമയെ മുട്ടുകുത്തിയ നിലയിൽ തൂങ്ങിനിൽക്കുന്നതായാണ് കണ്ടെത്തിയതെന്ന് മൃതദേഹം ആദ്യം കണ്ട സഹപാഠിയുടെ വാട്‌സാപ്പ് സന്ദേശം കുടുംബം ക്രൈംബ്രാഞ്ചിന് കൈമാറി.
ഫാത്തിമ നൈലോൺ കയറിൽ തൂങ്ങി മരിച്ചെന്നാണ് എഫ്‌ഐആറിൽ പറയുന്നത്. എന്നാൽ മൃതദേഹം ആദ്യം കണ്ട സഹപാഠി, ഫാത്തിമ മുട്ടുകുത്തിയ നിലയിൽ തൂങ്ങി നിൽക്കുകയാണെന്ന് ഫാത്തിമയുടെ പിതാവിന് വാട്‌സ്ആപ്പിൽ വോയിസ് മെസേജ് അയച്ചിരുന്നു. മരണത്തിൽ ദുരൂഹതയുണ്ടെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നുത്. മരിക്കുന്നതിന് മുമ്പുള്ള 28 ദിവസങ്ങളിൽ ഫാത്തിമ തന്റെ സ്മാർട് ഫോണിൽ ചില വിവരങ്ങൾ കുറിപ്പുകളായി എഴുതിവെച്ചിരുന്നു. ഇതിൽ ചില നിർണായക വിവരങ്ങളുണ്ട്. ഇത് മരണകാരണത്തിലേക്ക് വെളിച്ചം വീശുന്നതാണെന്ന് ബന്ധുക്കൾ വ്യക്തമാക്കി. ഇവ ഇപ്പോൾ പുറത്തു വിടുന്നതിന് പരിമിതിയുണ്ട്. അന്വേഷണം നല്ല നിലയിലല്ലെങ്കിൽ അവ പുറത്തുവിടുമെന്നും ബന്ധുക്കൾ വ്യക്തമാക്കി.
ഇതോടൊപ്പം തന്റെ മാർക്ക് ഷീറ്റുമായി ബന്ധപ്പെട്ട് ഫാത്തിമ ചില സംശയങ്ങൾ ഉന്നയിച്ചിരുന്നു. ഭയപ്പെടുന്ന നിലയിലായിരുന്നു ഫാത്തിമ. തുടർന്ന് തിരുത്തൽ ആവശ്യപ്പെട്ട് ഫാത്തിമയുടെ സുഹൃത്തുക്കൾ ആരോപണ വിധേയനായ അധ്യപകൻ സുദർശൻ പത്മനാഭനെയടക്കം സമീപിച്ചിരുന്നു. ഇക്കാര്യങ്ങൾ വ്യക്തമാക്കുന്ന വോയ്‌സ് മെസേജും കുടുംബത്തിന്റെ കൈവശമുണ്ട്.
അതേസമയം, ഇതെല്ലാം പരിശോധിച്ച് മുന്നോട്ട് പോകണമെന്നാണ് കുടുംബം വ്യക്തമാക്കുന്നത്. ഫാത്തിമയുടെ പിതാവ് ലത്തീഫിൽ നിന്നും ബന്ധുക്കളിൽ നിന്നും െ്രെകംബ്രാഞ്ച് മൊഴിയെടുത്തു. അഡീഷണൽ കമ്മീഷ്ണർ ഈശ്വരമൂർത്തിയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരാണ് മൊഴി രേഖപ്പെടുത്തിയത്.