സകാക്ക - ബിനാമി ബിസിനസ് കേസ് പ്രതിയായ തുർക്കി പൗരനെ സൗദി അറേബ്യയിൽ നിന്ന് നാടുകടത്തുന്നതിന് സകാക്ക അഡ്മിനിസ്‌ട്രേറ്റീവ് കോടതി വിധിച്ചു. അൽജൗഫിൽ സ്വന്തമായി കാർ വർക്ക്‌ഷോപ്പ് നടത്തിയ ഹുസൈൻ കമാൽ ബുശൈലിനെ നാടുകടത്തുന്നതിനാണ് വിധി.
കാർ വർക്ക്‌ഷോപ്പ് നടത്തുന്നതിന് ബിനാമിയായി തുർക്കി പൗരന് കൂട്ടുനിന്ന സൗദി പൗരൻ മുഹമ്മദ് ബിൻ അബ്ദുല്ല ബിൻ ആയിദ് അൽഅലിയെയും കോടതി ശിക്ഷിച്ചിട്ടുണ്ട്. ഇരുവർക്കും കോടതി പിഴ ചുമത്തി. ബിനാമി സ്ഥാപനം അടച്ചുപൂട്ടുന്നതിനും ലൈസൻസും കൊമേഴ്‌സ്യൽ രജിസ്‌ട്രേഷനും റദ്ദാക്കുന്നതിനും വിധിയുണ്ട്. ഇതേ മേഖലയിൽ പുതിയ സ്ഥാപനങ്ങൾ ആരംഭിക്കുന്നതിൽ നിന്ന് സൗദി പൗരന് വിലക്കേർപ്പെടുത്തിയിട്ടുമുണ്ട്. പുതിയ തൊഴിൽ വിസയിൽ വീണ്ടും രാജ്യത്ത് പ്രവേശിക്കുന്നതിൽ നിന്ന് തുർക്കി പൗരന് ആജീവനാന്ത വിലക്കുമേർപ്പെടുത്തി. സൗദി പൗരന്റെയും തുർക്കി പൗരന്റെയും പേരുവിവരങ്ങളും ഇവർ നടത്തിയ നിയമ ലംഘനവും ഇതിനുള്ള ശിക്ഷയും ഇരുവരുടെയും ചെലവിൽ പ്രാദേശിക പത്രത്തിൽ പരസ്യം ചെയ്യുന്നതിനും കോടതി ഉത്തരവിട്ടു.
ഭീമമായ തുകയുമായി തുർക്കി പൗരൻ പിടിയിലായതോടെയാണ് ബിനാമി ബിസിനസ് സ്ഥാപനത്തെ കുറിച്ച് അധികൃതർക്ക് വിവരം ലഭിച്ചത്. കാർ വർക്ക്‌ഷോപ്പ് നടത്തുന്നതിലൂടെയും പഴയ കാറുകൾ വാങ്ങി കേടുപാടുകൾ തീർത്ത് നിയമാനുസൃത സ്ഥാപന ഉടമയായ സൗദി പൗരന്റെ പേരിൽ വിൽപന നടത്തുന്നതിലൂടെയുമാണ് ഈ തുക താൻ സമ്പാദിച്ചതെന്ന് അന്വേഷണത്തിൽ തുർക്കി പൗരൻ വെളിപ്പെടുത്തി.
ബിനാമി സ്ഥാപനം നടത്തുന്നതിന് കൂട്ടുനിന്ന സൗദി പൗരന് മാസാമാസം നിശ്ചിത തുക കൈമാറുന്നതായും വിദേശി വെളിപ്പെടുത്തി. ഇതിന്റെ അടിസ്ഥാനത്തിൽ ബിനാമി വിരുദ്ധ നിയമം അനുശാസിക്കുന്ന ശിക്ഷകൾ ബാധകമാക്കുന്നതിന് സൗദി പൗരനും തുർക്കിക്കുമെതിരായ കേസ് നിയമ നടപടികൾക്ക് വാണിജ്യ, നിക്ഷേപ മന്ത്രാലയം പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയായിരുന്നു.