Sorry, you need to enable JavaScript to visit this website.

ഫീസ് അടക്കാത്തതിന് സ്വകാര്യ സ്‌കൂളിൽ  വിദ്യാർഥികളെ ബന്ദികളാക്കി 

ജിദ്ദ - ഉത്തര ജിദ്ദയിൽ പ്രവർത്തിക്കുന്ന സ്വകാര്യ എലിമെന്ററി സ്‌കൂളിൽ ട്യൂഷൻ ഫീസ് അടക്കാത്തതിന് ഇരുപതോളം വിദ്യാർഥികളെ മുറിയിൽ ബന്ദികളാക്കിയ സംഭവത്തിൽ ജിദ്ദ വിദ്യാഭ്യാസ വകുപ്പ് അന്വേഷണം നടത്തുന്നു. സ്‌കൂൾ വിടുന്നതു വരെയാണ് വിദ്യാർഥികളെ സ്‌കൂൾ അധികൃതർ എയർ കണ്ടീഷനർ ഓഫാക്കിയ മുറിയിൽ അടച്ചിട്ടത്. തന്റെ മക്കളെ മൂന്നു ദിവസം ഇതേ രീതിയിൽ എയർ എ.സി ഇല്ലാത്ത മുറിയിൽ സ്‌കൂൾ അധികൃതർ അടച്ചിട്ടതായി രക്ഷാകർത്താക്കളിൽ ഒരാൾ പറഞ്ഞു. മൂന്നു ദിവസവും രാവിലെ മുതൽ സ്‌കൂൾ വിടുന്നതു വരെ മക്കളെ മുറിയിൽ അടച്ചിട്ടു. കുട്ടികളെ സ്‌കൂൾ അധികൃതർ തെറിവിളിക്കുകയും നമസ്‌കാരം നിർവഹിക്കുന്നതിൽ നിന്ന് വിലക്കുകയും ചെയ്തു. 
സംഭവത്തെ കുറിച്ച് വിദ്യാഭ്യാസ വകുപ്പിന് പരാതി നൽകിയിട്ടുണ്ട്. മൂന്നു ദിവസത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. വിദ്യാഭ്യാസ വകുപ്പിൽ നിന്നുള്ള സൂപ്പർവൈസർ സ്‌കൂളിലെത്തി പരാതിയിൽ റിപ്പോർട്ട് തയാറാക്കിയിട്ടുണ്ട്. താനുമായി ആശയ വിനിമയം നടത്താതെയാണ് മക്കളെ സ്‌കൂൾ അധികൃതർ ബന്ദികളാക്കിയത്. പഠനം നിഷേധിക്കുക മാത്രമല്ല, പലവിധേനെയും മക്കളെ സ്‌കൂൾ അധികൃതർ ഉപദ്രവിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തതായി രക്ഷാകർത്താവ് പറഞ്ഞു. 
മൂന്നു മാസം മുമ്പ് ഫീസ് അടച്ചിട്ടും തന്റെ മകനെ എയർ കണ്ടീഷനറില്ലാത്ത മുറിയിൽ അടച്ചിട്ടതായി മറ്റൊരു രക്ഷിതാവ് പറഞ്ഞു. യെമനിൽ നിയമാനുസൃത ഭരണകൂടം പുനഃസ്ഥാപിക്കുന്നതിന് പ്രവർത്തിക്കുന്ന സഖ്യസേനയുടെ ഭാഗമായി ദക്ഷിണ സൗദിയിലാണ് താൻ സേവനമനുഷ്ഠിക്കുന്നത്. സ്‌കൂൾ അധികൃതർ ഒരിക്കൽ പോലും താനുമായി ബന്ധപ്പെട്ടിട്ടില്ല. താൻ ജിദ്ദയിലില്ലാത്ത സമയത്ത് മകനെ ഫീസ് അടച്ചിട്ടില്ലെന്ന കാരണം പറഞ്ഞ് സ്‌കൂൾ അധികൃതർ ബന്ദിയാക്കിയത് ഒരുനിലക്കും ന്യായീകരിക്കാൻ കഴിയില്ലെന്ന് ഇദ്ദേഹം പറഞ്ഞു. 
പരാതിയിൽ അന്വേഷണം നടത്തുന്നതിന് പ്രത്യേക കമ്മിറ്റി രൂപീകരിക്കണമെന്നും സ്‌കൂളിലെ സി.സി.ടി.വി പരിശോധിച്ച്, കുട്ടികളെ എയർ കണ്ടീഷനറില്ലാത്ത മുറിയിൽ അടച്ചിട്ടതിൽ കുറ്റക്കാരായ മുഴുവൻ പേർക്കുമെതിരെ ശിക്ഷാ നടപടികൾ സ്വീകരിക്കണമെന്നും രക്ഷാകർത്താക്കൾ ആവശ്യപ്പെട്ടു. രക്ഷാകർത്താക്കളുടെ പരാതിയിൽ അന്വേഷണം തുടരുകയാണെന്നും  റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കുറ്റക്കാർക്കെതിരെ നിയമാനുസൃത നടപടികൾ സ്വീകരിക്കുമെന്നും ജിദ്ദ വിദ്യാഭ്യാസ വകുപ്പ് വക്താവ് ഹമൂദ് അൽസുഖൈറാൻ പറഞ്ഞു. 

 

Latest News