കൊച്ചി- നടിയെ അക്രമിച്ച കേസിൽ നടി കാവ്യമാധവന് കുരുക്ക് മുറുകുന്നു. കാവ്യാമാധവന്‍റെ ഡ്രൈവറായി രണ്ടു മാസം ജോലി ചെയ്തിട്ടുണ്ടെന്ന് കേസിലെ മുഖ്യപ്രതി പൾസർ സുനി വ്യക്തമാക്കി. എന്നാൽ, സുനിയെ അറിയില്ലെന്ന നിലപാടാണ് കാവ്യ സ്വീകരിച്ചത്. സുനിയുടെ മൊഴി ശരിയാണോ എന്ന് സ്ഥിരീകരിക്കാനുള്ള ശ്രമത്തിലാണ് പോലീസ്. കാവ്യയുമായി അടുപ്പമുള്ള കൂടുതൽ പേരെ പോലീസ് ചോദ്യം ചെയ്യും. സുനിയുമായി കാവ്യക്ക് മുൻ പരിചയമുണ്ടോ എന്നറിയുന്നതിനായി സിനിമകളുടെ ലൊക്കേഷനിലും പോലീസ് പരിശോധന നടത്തിയിരുന്നു.
കഴിഞ്ഞദിവസം കാവ്യയെ പോലീസ് മണിക്കൂറുകളോളം ചോദ്യം ചെയ്തിരുന്നു. ദിലീപിന്‍റെ തറവാട് വീട്ടിൽ വെച്ചായിരുന്നു ചോദ്യം ചെയ്യൽ. നടി ആക്രമിക്കപ്പെട്ടതിന് ശേഷം കാവ്യാ മാധവന്‍റെ വസ്ത്രവ്യാപാരശാലയായ ലക്ഷ്യയിലെത്തിയെന്ന് മുഖ്യപ്രതിയായ പൾസർ സുനി മൊഴി നൽകിയിരുന്നു. ഇതിന് പിന്നാലെ പൊലീസ് കാക്കനാട്ടുള്ള വസ്ത്രവ്യാപാരശാലയിൽ റെയ്ഡ് നടത്തുകയും ചെയ്തിരുന്നു. അതിനിടെ, നടിയെ ആക്രമിച്ച കേസിൽ നടനും താരസംഘടനയുമായ അമ്മയുടെ വൈസ് പ്രസിഡന്റ് ഇടവേള ബാബുവിനെ പോലീസ് ചോദ്യം ചെയ്യുകയാണ്. ആലുവ പോലീസ് ക്ലബ്ബിലേക്ക് വിളിച്ചുവരുത്തിയാണ് ചോദ്യം ചെയ്യൽ.