Sorry, you need to enable JavaScript to visit this website.

മത്സ്യ ബന്ധന മേഖലയിൽ സ്വദേശികൾക്ക്  പരിശീലനം നൽകും -അൽശൈഖി


റിയാദ് - മത്സ്യബന്ധന മേഖലയിൽ 2500 സൗദി യുവാക്കൾക്ക് അടുത്ത വർഷത്തോടെ പരിശീലനം നൽകാൻ നാഷണൽ ഫിഷറീസ് ഡെവലപ്‌മെന്റ് പ്രോഗ്രാം ലക്ഷ്യമിടുന്നതായി പ്രോഗ്രാം സി.ഇ.ഒ ഡോ. അലി അൽശൈഖി വെളിപ്പെടുത്തി. മത്സ്യബന്ധന മേഖലയിൽ സ്വദേശികളെ ശാക്തീകരിക്കുകയാണ് പ്രോഗ്രാമിന്റെ പ്രധാന ലക്ഷ്യം. പരിസ്ഥിതി, ജല, കൃഷി മന്ത്രാലയം സൗദി യുവാക്കൾക്ക് 183 ബോട്ടുകൾ സൗജന്യമായി വിതരണം ചെയ്യും. സൗദികൾക്കു മാത്രം മത്സ്യബന്ധനം നടത്തുന്നതിന് ചില പ്രദേശങ്ങൾ പ്രത്യേകം നീക്കിവെക്കുകയും ചെയ്യും. സ്വകാര്യ മേഖലയിൽ മത്സ്യ കൃഷി പ്രോത്സാഹിപ്പിക്കും. ഇതിന്റെ ഭാഗമായി മത്സ്യ കൃഷി പദ്ധതികൾക്ക് 70 ശതമാനത്തോളം വായ്പ ലഭ്യമാക്കും. 
ഭക്ഷ്യസുരക്ഷ ഉറപ്പു വരുത്തുന്നതിന് കൂടുതൽ ശ്രദ്ധയും പ്രാധാന്യവും നൽകേണ്ടതുണ്ട്. അനിയന്ത്രിതമായ മത്സ്യബന്ധനത്തിന്റെ ഫലമായി ഓരോ വർഷം കഴിയുംതോറും മത്സ്യ സമ്പത്ത് കുറഞ്ഞുവരികയാണ്. ഇതേസമയം, ജനസംഖ്യ വർധിച്ചുവരികയും ചെയ്യുന്നു. സമുദ്ര മലിനീകരണം മത്സ്യങ്ങളുടെ പലായനത്തിനും മത്സ്യങ്ങൾ ചത്തൊടുങ്ങുന്നതിനും ഇടയാക്കുന്നു. പരിസ്ഥിതി സന്തുലിതാവസ്ഥക്ക് ഇത് കോട്ടം തട്ടിക്കുകയാണ്. ഈ പശ്ചാത്തലത്തിൽ മത്സ്യ കൃഷിക്ക് ഏറെ പ്രാധാന്യമുണ്ട്. ഏറ്റവുമാദ്യം മത്സ്യ കൃഷി ആരംഭിച്ച രാജ്യം ചൈനയാണ്. കിഴക്കനേഷ്യൻ രാജ്യങ്ങളിലും ദക്ഷിണ അമേരിക്കൻ രാജ്യങ്ങളിലും പിന്നീട് ഇത് വ്യാപിച്ചു. അറബ് രാജ്യങ്ങളുടെ കൂട്ടത്തിൽ ഈജിപ്ത് ആണ് ഏറ്റവുമാദ്യം മത്സ്യ കൃഷി ആരംഭിച്ചത്. 
2015 ൽ സൗദിയിൽ മത്സ്യ സമ്പത്ത് മേഖലയിലെ ഉൽപാദനം 16,000 ടൺ ആയിരുന്നു. കഴിഞ്ഞ കൊല്ലം ഇത് 72,000 ടൺ ആയി ഉയർന്നു. അടുത്ത വർഷാവസാനത്തോടെ ഒരു ലക്ഷം ടൺ ആയി ഉയർത്തുന്നതിനാണ് ലക്ഷ്യമിടുന്നത്. 2030 ഓടെ ഇത് ആറിരട്ടി വർധിപ്പിച്ച് ആറു ലക്ഷം ടണ്ണിൽ എത്തിക്കാനും ലക്ഷ്യമിടുന്നു. 
ഗൾഫ് ഉൾക്കടലിൽ മത്സ്യബന്ധനത്തിന് നീക്കിവെച്ച പ്രദേശത്തിന്റെ വിസ്തീർണം 400 ചതുരശ്ര കിലോമീറ്റർ കവിയില്ല. സൗദി അറേബ്യയുടെ മത്സ്യ ഉൽപാദനത്തിന്റെ 64 ശതമാനവും ഇവിടെ നിന്നാണ്. ചെങ്കടലിൽ മത്സ്യ ബന്ധനത്തിന് 1800 ചതുരശ്ര കിലോമീറ്റർ പ്രദേശം നീക്കിവെച്ചിട്ടുണ്ട്. ലോകത്ത് മത്സ്യ സമ്പത്ത് ഏറ്റവും കുറഞ്ഞ സമുദ്രങ്ങളിൽ ഒന്നായ ചെങ്കടൽ ജൈവവൈവിധ്യത്താൽ സമ്പന്നമാണ്. ഏറ്റവും സ്വാദിഷ്ടവും വിലപിടിച്ചതുമായ അപൂർവ ഇനങ്ങളിൽ പെട്ട മത്സ്യങ്ങൾ ചെങ്കടലിലുണ്ട്. 
മത്സ്യ ബന്ധന മേഖലയിൽ പ്രവർത്തിക്കുന്നവർക്കു വേണ്ടി പരിസ്ഥിതി, ജല, കൃഷി മന്ത്രാലയം ആറു ബോട്ട് ജെട്ടികൾക്ക് കരാറുകൾ നൽകിയിട്ടുണ്ട്. 12 ബോട്ട് ജെട്ടികളുടെ പ്ലാനുകൾ തയാറാക്കിവരികയാണ്. 2023 ഓടെ 26 ബോട്ട് ജെട്ടികൾ നിർമിക്കാനാണ് പദ്ധതി. ഐസും ബോട്ടുകൾക്ക് ഇന്ധനം നൽകുന്നതിനുള്ള പെട്രോൾ ബങ്കുകളും വർക്ക് ഷോപ്പുകളും മത്സ്യബന്ധന ഉപകരണങ്ങളുടെ സ്‌പെയർപാർട്‌സും മറ്റും എളുപ്പത്തിൽ ലഭ്യമാക്കുന്ന ബോട്ട് ജെട്ടികൾ മത്സ്യത്തൊഴിലാളികളുടെ ജോലി എളുപ്പമാക്കും. 
പകുതി വേവിച്ച മത്സ്യങ്ങൾ വിപണിയിലിറക്കുന്നതു പോലെയുള്ള പദ്ധതികളിലൂടെ മത്സ്യ വിഭവ മേഖലയെ അധിക മൂല്യമാക്കി പരിവർത്തിക്കുന്നതിന് ശ്രമിക്കും. ചെങ്കടലിൽ കൃഷി ചെയ്യുന്നതിന് അനുയോജ്യമായ ഇനം മത്സ്യങ്ങളെ വികസിപ്പിക്കുന്നതിനുള്ള ഗവേഷണങ്ങൾക്ക് കിംഗ് അബ്ദുല്ല യൂനിവേഴ്‌സിറ്റി അടക്കമുള്ള സർക്കാർ യൂനിവേഴ്‌സിറ്റികളുമായി സഹകരിക്കും. ഈ വർഷാവസാനത്തോടെ ചെങ്കടലിൽ കൃഷി ചെയ്യുന്നതിന് അനുയോജ്യമായ ഏഴിനം മത്സ്യങ്ങളെ ലഭ്യമാക്കുന്നതിന് ലക്ഷ്യമിടുന്നു. 
സൗദിയിൽ നിന്നുള്ള മത്സ്യ ഉൽപന്നങ്ങൾ ലോകത്തെ 32 രാജ്യങ്ങളിലേക്ക് കയറ്റി അയക്കുന്നുണ്ട്. സൗദി അറേബ്യയുടെ ഭൂമിശാസ്ത്രപരവും പരിസ്ഥിതിപരവുമായ പ്രത്യേകതകളും മത്സ്യ കൃഷിക്ക് ഏറ്റവും മികച്ച രീതികൾ അവലംബിക്കുന്നതിനാലും സൗദി മത്സ്യ ഉൽപന്നങ്ങൾക്ക് വിദേശ രാജ്യങ്ങളിൽ ഉയർന്ന ഡിമാന്റുണ്ട്. 
സൗദിയിൽ 70,000 ടൺ ചെമ്മീനാണ് ഉൽപാദിപ്പിക്കുന്നത്. ഇതിൽ 12,000 മുതൽ 15,000 ടൺ വരെ പ്രാദേശിക വിപണിയിൽ ഉപയോഗിക്കുന്നു. അവശേഷിക്കുന്നവ വിദേശങ്ങളിലേക്ക് കയറ്റി അയക്കുകയാണ്. പ്രാദേശിക വിപണിയിൽ വർഷം മുഴുവൻ കിലോക്ക് 22 റിയാൽ നിരക്കിൽ ചെമ്മീൻ ലഭ്യമാക്കുന്നതിന് പരിസ്ഥിതി, ജല, കൃഷി മന്ത്രാലയം പ്രതിജ്ഞാബദ്ധമാണ്. പെട്രോളും പെട്രോൾ ഉൽപന്നങ്ങളും കഴിഞ്ഞാൽ സൗദി അറേബ്യ ഏറ്റവുമധികം കയറ്റി അയക്കുന്നത് ചെമ്മീനാണ്. 2030 ഓടെ 1500 കോടി റിയാലിന്റെ കയറ്റുമതിയാണ് ലക്ഷ്യമിടുന്നത്. 
സൗദിയിലെ മുഴുവൻ മത്സ്യ കൃഷി പദ്ധതികളും ഗ്രാമപ്രദേശങ്ങളിലാണ്. ഈ പ്രദേശങ്ങളുടെ വികസനത്തിന് മത്സ്യ കൃഷി പദ്ധതികൾ കരുത്തു പകരുകയും തൊഴിലവസരങ്ങൾ ലഭ്യമാക്കുകയും ചെയ്യുന്നു. വൈകാതെ മത്സ്യ കൃഷി മേഖല 30,000 ലേറെ തൊഴിലവസരങ്ങളും 57,000 ഓളം പരോക്ഷ തൊഴിലവസരങ്ങളും ലഭ്യമാക്കും. സൗദിയിൽ വൈകാതെ പരിസ്ഥിതി പോലീസ് സേന നിലവിൽവരും. പുതിയ നിയമത്തിൽ പരിസ്ഥിതി നിയമ ലംഘകർക്ക് ഉയർന്ന പിഴകൾ വ്യവസ്ഥ ചെയ്യുമെന്നും ഡോ. അലി അൽശൈഖി പറഞ്ഞു. 

 

Latest News