റിയാദ് - സൗദിയിൽ 38 ലക്ഷത്തിലേറെ പ്രമേഹ രോഗികളുള്ളതായി നാഷണൽ ഗാർഡ് മന്ത്രാലയത്തിനു കീഴിലെ കിംഗ് അബ്ദുൽ അസീസ് മെഡിക്കൽ സിറ്റിയിലെ ഇന്റേണൽ മെഡിസിൻ വിഭാഗം മേധാവിയും എൻഡോക്രിനോളജി ആന്റ് ഡയബെറ്റിസ് കൺസൾട്ടന്റുമായ ഡോ. താരിഖ് നാസിർ പറഞ്ഞു. സൗദി ഡയബറ്റിസ് അസോസിയേഷൻ 2017 ൽ രാജ്യത്ത് നടത്തിയ സർവേയിൽ ടൈപ്പ് ടു ഇനത്തിൽ പെട്ട 38,52,000 പ്രമേഹ രോഗ കേസുകൾ രജിസ്റ്റർ ചെയ്തിരുന്നു. ഓരോ വർഷം കഴിയുംതോറും പ്രമേഹ രോഗ വ്യാപനം കൂടുന്നു.
നേരത്തെയുള്ള മരണം, അന്ധത, വൃക്ക രോഗം, ഹൃദയാഘാതം, മസ്തിഷ്‌കാഘാതം, കാലുകൾ മുറിച്ചുമാറ്റൽ എന്നിവക്കുള്ള പ്രധാന കാരണമാണ് പ്രമേഹമെന്ന് ലോകാരോഗ്യ സംഘടന നടത്തിയ പഠനങ്ങൾ വ്യക്തമാക്കുന്നു. 2030 ഓടെ ലോകത്ത് ഏറ്റവും കൂടുതൽ മരണത്തിന് ഇടയാക്കുന്ന ഏഴാമത്തെ കാരണമായിരിക്കും പ്രമേഹം.
ലോകത്ത് 42.5 കോടി പ്രമേഹ രോഗികളുണ്ടെന്ന് ഇന്റർനാഷണൽ ഡയബെറ്റിസ് ഫെഡറേഷൻ കണക്കുകൾ വ്യക്തമാക്കുന്നു. 2035 ഓടെ പ്രമേഹ രോഗികളുടെ എണ്ണം 59.2 കോടിയായി ഉയരും. ലോക ജനസംഖ്യയിൽ പത്തിലൊരാൾ വീതം പ്രമേഹ രോഗികളായി മാറും. ലോകത്ത് പ്രമേഹ രോഗികളുടെ അനുപാതം ഏറ്റവും കൂടുതൽ ഗൾഫ് രാജ്യങ്ങളിലാണ്. 35 നും 40 നും മുകളിൽ പ്രായമുള്ളവർക്കാണ് ടൈപ്പ് ടു ഇനത്തിൽ പെട്ട പ്രമേഹം ബാധിക്കുന്നത്. പ്രമേഹ രോഗികളിൽ 90 ശതമാനവും ടൈപ്പ് ടു പ്രമേഹം ബാധിച്ചവരാണ്.
ഖത്തറിലും സൗദിയിലും യു.എ.ഇയിലും പ്രായപൂർത്തിയായവരിൽ 20 മുതൽ 24 ശതമാനം വരെ പേർ പ്രമേഹ രോഗികളാണെന്നും ഡോ. താരിഖ് നാസിർ പറഞ്ഞു. ലോക പ്രമേഹ ദിനാചരണത്തോടനുബന്ധിച്ച് കിംഗ് അബ്ദുൽ അസീസ് മെഡിക്കൽ സിറ്റിയിൽ വ്യത്യസ്ത ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിച്ചിരുന്നു. ഇന്നലെയായിരുന്നു ലോക പ്രമേഹ ദിനം.