ജിദ്ദ - ഹറമൈൻ റെയിൽവേയിൽ സർവീസുകൾ പുനരാരംഭിക്കുന്നതിനുള്ള ഒരുക്കങ്ങൾ വിലയിരുത്തുന്നതിന്റെ ഭാഗമായി ഗതാഗത മന്ത്രിയും സൗദി റെയിൽവേ കമ്പനി ഡയറക്ടർ ബോർഡ് ചെയർമാനുമായ എൻജിനീയർ സ്വാലിഹ് അൽജാസിർ ജിദ്ദ സുലൈമാനിയ റെയിൽവേ സ്റ്റേഷനും ജിദ്ദ എയർപോർട്ട് റെയിൽവേ സ്റ്റേഷനും സന്ദർശിച്ചു. സർവീസുകൾ പുനരാരംഭിക്കാൻ പൂർത്തിയാക്കിയ ക്രമീകരണങ്ങളും ഒരുക്കങ്ങളും മന്ത്രി വിലയിരുത്തി. പൊതുഗതാഗത അതോറിറ്റി പ്രസിഡന്റ് ഡോ. റുമൈഹ് അൽറുമൈഹ്, സൗദി റെയിൽവേ കമ്പനി സി.ഇ.ഒ ഡോ. ബശാർ അൽമാലിക്, ഗതാഗത മന്ത്രിയുടെ ഉപദേഷ്ടാവ് യാസിർ അൽമിസ്ഫർ എന്നിവർ മന്ത്രിയെ അനുഗമിച്ചു.
ജിദ്ദ സുലൈമാനിയ റെയിൽവേ സ്റ്റേഷനു സമീപം താൽക്കാലികമായി നിർമിച്ച ബദൽ പാതയിൽ രണ്ടാഴ്ച മുമ്പു മുതൽ പരീക്ഷണ സർവീസുകൾ ആരംഭിച്ചിട്ടുണ്ട്. യാത്രാ സർവീസ് പുനരാരംഭിക്കുന്നതിനുള്ള മുന്നൊരുക്കങ്ങളുടെ ഭാഗമായി പരീക്ഷണ സർവീസുകൾ നടത്തി റെയിൽ പാതയുടെയും മറ്റു അനുബന്ധ സൗകര്യങ്ങളുടെയും കാര്യക്ഷമതയും സുരക്ഷിതത്വവും ഉറപ്പു വരുത്തുകയാണ് ചെയ്യുന്നത്. ജിദ്ദ സുലൈമാനിയ റെയിൽവേ സ്റ്റേഷനിൽ ഒന്നര കിലോമീറ്റർ നീളത്തിലാണ് താൽക്കാലിക പാത നിർമിച്ചിരിക്കുന്നത്. പ്രധാന സ്റ്റേഷനായി ജിദ്ദ എയർപോർട്ട് സ്റ്റേഷൻ പ്രയോജനപ്പെടുത്തി ജിദ്ദ നിവാസികൾക്കും ഉംറ തീർഥാടകർക്കും സേവനം നൽകാനാണ് നീക്കം.
സുലൈമാനിയ റെയിൽവേ സ്റ്റേഷൻ അഗ്നിബാധയിൽ തകർന്നതിനെ തുടർന്ന് നിർത്തിവെച്ച ട്രെയിൻ സർവീസുകൾ പുനരാരംഭിക്കുന്നതിനാണ് ബദൽ പാത നിർമിച്ചത്. സുലൈമാനിയ റെയിൽ േവ സ്റ്റേഷനും പഴയ റെയിൽപാതയുടെ കിഴക്ക് ഹറമൈൻ റോഡിനും ഇടയിലുള്ള ഭാഗത്താണ് ബദൽ പാത നിർമിച്ചിരിക്കുന്നത്. ഈ മാസാദ്യത്തോടെ ഹറമൈൻ റെയിൽവേയിൽ ട്രെയിൻ സർവീസുകൾ പുനരാരംഭിക്കാനാണ് നേരത്തെ ലക്ഷ്യമിട്ടിരുന്നത്.
അഗ്നിബാധയിൽ തകർന്ന റെയിൽവേ സ്റ്റേഷൻ പുനരുദ്ധാരണ ജോലികളും പുരോഗമിക്കുകയാണ്. ഹറമൈൻ ഹൈസ്പീഡ് റെയിൽവേയിലെ അഞ്ചാമത്തെ സ്റ്റേഷനാണ് പുതിയ ജിദ്ദ എയർപോർട്ടിന്റെ ഭാഗമായി നിർമിച്ചിരിക്കുന്നത്. ഹറമൈൻ റെയിൽവേയിൽ ആകെ അഞ്ചു സ്റ്റേഷനുകളാണുള്ളത്. മക്ക, റാബിഗ്, മദീന എന്നിവിടങ്ങളിൽ ഓരോ സ്റ്റേഷനും ജിദ്ദയിൽ സുലൈമാനിയയിലും വിമാനത്താവളത്തിലും ഓരോ സ്റ്റേഷനുകളുമാണുള്ളത്. സെപ്റ്റംബർ 29 ന് ആണ് സുലൈമാനിയ റെയിൽവേ സ്റ്റേഷൻ കത്തിയമർന്നത്.