റിയാദ് - അർബുദ മരുന്ന് നിർമാണ മേഖലയിൽ സഹകരിക്കുന്നതിന് സൗദി, ഇന്ത്യൻ കമ്പനികൾ തമ്മിൽ കരാർ ഒപ്പുവെച്ചു. സൗദിയിലെ പ്രമുഖ മരുന്ന് നിർമാണ കമ്പനിയായ സൗദി ഫാർമസ്യൂട്ടിക്കൽ ഇൻഡസ്ട്രീസ് ആന്റ് മെഡിക്കൽ അപ്ലിയൻസസ് കോർപറേഷ (സ്പിമാകോ) നും ഇന്ത്യൻ ബഹുരാഷ്ട്ര ഫാർമസ്യൂട്ടിക്കൽ കമ്പനിയായ സിപഌയും തമ്മിലാണ് കരാർ ഒപ്പുവെച്ചത്.
സ്പിമാകോ ഡയറക്ടർ ബോർഡ് ചെയർമാൻ മുഹമ്മദ് ബിൻ ത്വലാൽ അൽനുഹാസിന്റെയും സിപഌകമ്പനി തലവന്മാരുടെയും സാന്നിധ്യത്തിലാണ് കരാർ ഒപ്പുവെച്ചത്.
മരുന്നു നിർമാണ വ്യവസായ മേഖലയുമായി ബന്ധപ്പെട്ട സാങ്കേതിക വിദ്യകൾ പരിചയപ്പെടുത്തി, ഫ്രാങ്ക്ഫർട്ടിൽ നടന്ന മുപ്പതാമത് സി.പി.എച്ച്.ഐ സമ്മേളനത്തോടനുബന്ധിച്ചാണ് ഇരു കമ്പനികളും കരാർ ഒപ്പുവെച്ചത്. കരാർ പ്രകാരം ഏതാനും അർബുദ മരുന്നുകളുടെ നിർമാണ സാങ്കേതിക വിദ്യ ഇന്ത്യൻ കമ്പനി സൗദി കമ്പനിക്ക് കൈമാറും. ആഗോള കമ്പനികളുമായി സഹകരണ കരാറുകൾ ഒപ്പുവെക്കുന്നത് കമ്പനിയുടെ പുതിയ തന്ത്രവുമായും വിഷനുമായും മരുന്ന് നിർമാണ സാങ്കേതിക വിദ്യ സ്വദേശിവൽക്കരിക്കുന്നതിനുള്ള പ്രതിജ്ഞാബദ്ധതയുമായും ഒത്തുപോകുന്നതാണെന്ന് സ്പിമാകൊ സി.ഇ.ഒ ഡോ. മുഹമ്മദ് അൽസുൽത്താൻ പറഞ്ഞു. സൗദിയിൽ മരുന്ന് സുരക്ഷ ഉറപ്പു വരുത്തുന്നതിൽ കമ്പനിക്കുള്ള പങ്കും പ്രതിജ്ഞാബദ്ധതയും ഇത് ഉദ്‌ഘോഷിക്കുന്നതായും ഡോ. മുഹമ്മദ് അൽസുൽത്താൻ പറഞ്ഞു. സൗദിയിലെ പ്രഥമ ഫാർമസ്യൂട്ടിക്കൽസ് കമ്പനിയാണ് സ്പിമാകോ.