അപ്രതീക്ഷിതമായിരുന്നു മഹാരാഷ്ട്രയിലെ അസംബ്ലി തെരഞ്ഞെടുപ്പ് ഫലം, അനിശ്ചിതത്വമാണ് അതിനു ശേഷം സംസ്ഥാന രാഷ്ട്രീയത്തിൽ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. എറ്റവുമൊടുവിൽ സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയിരിക്കുകയാണ് കേന്ദ്ര സർക്കാർ. വിദേശ പര്യടനത്തിനുള്ള യാത്ര പോലും വൈകിപ്പിച്ച് പ്രധാനമന്ത്രി പങ്കെടുത്ത പ്രത്യേക മന്ത്രിസഭാ യോഗമാണ് മഹാരാഷ്ട്രയിൽ രാഷ്ട്രപതി ഭരണത്തിനുള്ള തീരുമാനമെടുത്തത്.
ഒട്ടും വൈകാതെ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അതിൽ ഒപ്പുവെക്കുകയും ചെയ്തു. രാഷ്ട്രപതി ഭരണം ഏർപ്പെടുത്താനുള്ള ഗവർണർ ഭഗത് സിംഗ് കോഷിയാരിയുടെ ശുപാർശ അങ്ങനെ നടപ്പിൽ വന്നു. തെരഞ്ഞെടുപ്പിൽ ഒരു കക്ഷിക്കും ഒറ്റക്ക് ഭൂരിപക്ഷം കിട്ടാത്തതുകൊണ്ടും സർക്കാറിന് രൂപം നൽകാൻ ഒരു കക്ഷിക്കും കഴിയാത്തതുകൊണ്ടുമാണ് രാഷ്ട്രപതി ഭരണത്തിലേക്ക് കാര്യങ്ങൾ എത്തിയത്.
ആറ് മാസത്തേക്കാണ് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയിരിക്കുന്നത്. അതുവരെ സംസ്ഥാന നിയമസഭ മരവിപ്പിച്ചിരിക്കുകയാണ്.
ഇന്ത്യയിൽ തെരഞ്ഞെടുപ്പിനു ശേഷം ഇത്തരം സംഭവങ്ങളുണ്ടാകുന്നത് അത്ര പുതുമയുള്ള കാര്യമല്ല. കേരളത്തിലടക്കം എത്രയോ സംസ്ഥാനങ്ങളിൽ പല തവണ ഇത്തരം നാടകങ്ങൾ ഇതിനു മുമ്പ് അരങ്ങേറിയിരിക്കുന്നു. ഓരോ തവണയും കേന്ദ്രം ഭരിക്കുന്ന കക്ഷി തങ്ങൾക്ക് അനുകൂല സാഹചര്യം ഒരുങ്ങുന്നതു വരെ ഇത്തരം നാടകങ്ങൾ നീട്ടിക്കൊണ്ടുപോവും.
എങ്കിലും ഇത്തവണത്തെ മഹാരാഷ്ട്ര തെരഞ്ഞെടുപ്പ് പലതുകൊണ്ടും പ്രത്യേകതയുള്ളതായിരുന്നു. ഏറ്റവും വലിയ വിശേഷം ഭരണ കക്ഷിയായ ബി.ജെ.പിക്ക് ഒറ്റക്ക് ഭൂരിപക്ഷം കിട്ടിയില്ല എന്നതാണ്. 288 അംഗ നിയമസഭയിൽ ബി.ജെ.പിക്ക് കിട്ടിയത് 105 സീറ്റ് മാത്രം. മാസങ്ങൾക്കു മുമ്പ് നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ലഭിച്ച വൻ വിജയത്തിന്റെ അടിസ്ഥാനത്തിൽ 145 എന്ന മാന്ത്രിക സംഖ്യ മറികടക്കാനാവുമെന്ന് അവർ പ്രതീക്ഷിച്ചിരുന്നു. അതിനു കഴിഞ്ഞില്ലെന്ന് മാത്രമല്ല, കഴിഞ്ഞ തവണത്തേക്കാൾ ഇരുപതോളം സീറ്റുകൾ കുറയുകയും ചെയ്തു. ഫലത്തിൽ ബി.ജെ.പിയെ ഞെട്ടിക്കുന്നതായി തെരഞ്ഞെടുപ്പു ഫലം.
സഖ്യ കക്ഷിയായ ശിവസേന ബി.ജെ.പിയുമായി തെറ്റിപ്പിരിഞ്ഞതാണ് ഏറ്റവും വലിയ രാഷ്ട്രീയ നാടകം. മുഖ്യമന്ത്രി പദത്തെ ചൊല്ലിയായിരുന്നു അത്. സേനാ തലവൻ ഉദ്ധവ് താക്കറെയുടെ മകൻ ആദിത്യ താക്കറെയെ മുഖ്യമന്ത്രിയാക്കണമെന്നാണ് അവരുടെ ആവശ്യം. അതിനു വഴങ്ങാൻ ബി.ജെ.പി ഒരുക്കമല്ല. അതോടെ സഖ്യം പൊളിഞ്ഞു. 56 സീറ്റ് നേടിയ ശിവസേന ബി.ജെ.പിക്കൊപ്പം നിന്നാൽ സർക്കാർ രൂപീകരിക്കാവുന്നതേയുള്ളൂ. എന്നാൽ ബി.ജെ.പിയിൽനിന്ന് നിരന്തരം അവഗണന നേരിടുന്ന ശിവസേന ഒരവസരം കിട്ടിയപ്പോൾ അതിനെല്ലാം പകരം വീട്ടി. മുഖ്യമന്ത്രി പദത്തിൽ കുറഞ്ഞ് ഒരു ഒത്തുതീർപ്പിനുമില്ലെന്ന് ശഠിച്ചു. അതോടെ സഖ്യം പൊളിഞ്ഞു.
തെരഞ്ഞെടുപ്പിൽ അപ്രതീക്ഷിത നേട്ടം കൈവരിച്ച എൻ.സി.പിയും കോൺഗ്രസും ചിത്രത്തിൽ വരുന്നത് അങ്ങനെയാണ്. എൻ.സി.പിക്ക് 54 ഉം കോൺഗ്രസിന് 44 ഉം സീറ്റാണ് ലഭിച്ചത്. ബി.ജെ.പിയും ശിവസേനയും പിരിഞ്ഞതോടെ വിചിത്രമായ രാഷ്ട്രീയ നാടകങ്ങൾ അരങ്ങേറി. ശിവസേനയും എൻ.സി.പിയും ചേർന്ന് സർക്കാർ രൂപീകരിക്കുക, കോൺഗ്രസ് പുറമെ നിന്ന് പിന്തുണ നൽകുക എന്നതാണ് അതിലൊന്ന്.
മറ്റൊന്ന് ശിവസേന-എൻ.സി.പി-കോൺഗ്രസ് സർക്കാറിന് രൂപം നൽകുകയായിരുന്നു. കാര്യങ്ങൾ ഈ വഴിക്ക് നീങ്ങുമ്പോഴാണ് ബി.ജെ.പി പ്രസിഡന്റായ ആഭ്യന്തര മന്ത്രി അമിത് ഷാ ചരട് വലിച്ചുമുറുക്കുന്നത്. അതോടെ കാര്യങ്ങൾ പെട്ടെന്ന് മാറിമറിഞ്ഞു. ആദ്യം ബി.ജെ.പിക്ക് സർക്കാർ രൂപീകരിക്കാൻ രണ്ട് ദിവസത്തെ സാവകാശം നൽകിയ ഗവർണർ പിന്നീട് ശിവസേനയെ ക്ഷണിച്ചിട്ട് ഒരു ദിവസമാണ് നൽകിയത്. അത് നടക്കുന്നില്ലെന്ന് കണ്ടപ്പോൾ എൻ.സി.പിയെ വിളിച്ചു, 24 മണിക്കൂർ നൽകി. ആ സമയം തീരുന്നതിനു മുമ്പു തന്നെ രാഷ്ട്രപതി ഭരണത്തിന് ശുപാർശ ചെയ്തുകൊണ്ട് കേന്ദ്രത്തിന് കത്തയക്കുകയും ചെയ്തു.
ജനാധിപത്യ സർക്കാരിന്റെ രൂപീകരണം വൈകിയെങ്കിലും ഇപ്പോഴത്തെ നടപടി കൊണ്ട് ഒരു ഗുണമുണ്ടായി. ഒരു രാഷ്ട്രീയ അശ്ലീലം ഒഴിവായിക്കിട്ടി എന്നതാണത്. വർഗീയതയുടെ കാര്യത്തിൽ ബി.ജെ.പിയേക്കാൾ ഒരു പടി മുന്നിൽനിൽക്കുന്ന, ബാബ്‌രി മസ്ജിദ് തകർത്തത് തങ്ങളാണെന്ന് ഇപ്പോഴും അഭിമാനത്തോടെ പറയുന്ന ശിവസേനക്കൊപ്പം കോൺഗ്രസും എൻ.സി.പിയും അധികാരത്തിൽ പങ്കാളികളാകുന്നത് വലിയൊരു രാഷ്ട്രീയ ദുരന്തമായേനേ, പ്രത്യേകിച്ച് കോൺഗ്രസിന്. ഒരു കാലത്ത് ശക്തിദുർഗമായിരുന്ന സംസ്ഥാനത്ത് പാർട്ടി നാമാവശേഷമാകാൻ ഇടയാകുന്ന ആത്മഹത്യാപരമായ നീക്കം. അതിന്റെ അലയൊലികൾ അങ്ങ് കേരളത്തിലുമെത്തും. അവിടെ കോൺഗ്രസും എൻ.സി.പിയും വിരുദ്ധ മുന്നണികളിലാണെന്ന പ്രത്യേകതയുമുണ്ട്.
രാഷ്ട്രീയത്തിൽ സ്ഥിരമായ ശത്രുക്കളോ, മിത്രങ്ങളോ ഇല്ലെന്ന് എല്ലായ്‌പ്പോഴും എല്ലാ പാർട്ടികളും പറയുന്ന കാര്യമാണ്. വിചിത്ര സഖ്യങ്ങൾക്ക് നമ്മുടെ രാജ്യത്ത് ഒരു പഞ്ഞവുമില്ലതാനും. അത്തരം സഖ്യങ്ങൾക്കൊന്നും ആയുസ്സുണ്ടാവാറില്ലെന്ന് മാത്രം. രാഷ്ട്രീയ വിരുദ്ധ ധ്രുവങ്ങളിലുള്ള ബി.ജെ.പിയും പി.ഡി.പിയും ചേർന്ന് ജമ്മു കശ്മീർ സർക്കാറിന് രൂപം നൽകിയത് മറക്കാനായിട്ടില്ല. ഉത്തർ പ്രദേശിൽ ബദ്ധവൈരികളായ മായാവതിയുടെ ബി.എസ്.പിയും മുലായം സിംഗിന്റെ സമാജ് വാദി പാർട്ടിയും പല തവണ സഖ്യത്തിലായിട്ടുണ്ട്, പിന്നീട് പിണങ്ങിപ്പിരിഞ്ഞിട്ടുമുണ്ട്. ജെ.ഡി.യു നേതാവ് നിതീഷ് കുമാറിന് ബി.ജെ.പിയോട് അത്ര പ്രിയമല്ലെങ്കിലും ഇരുകൂട്ടരും ചേർന്നാണ് ബിഹാർ ഇപ്പോഴും ഭരിക്കുന്നത്. 1989 ൽ കേന്ദ്രത്തിൽ വി.പി. സിംഗ് സർക്കാർ അധികാരത്തിലെത്തിയപ്പോൾ ഒരു ഭാഗത്ത് ബി.ജെ.പിയും മറുഭാഗത്ത് ഇടതുപക്ഷവും പുറത്തുനിന്ന് പിന്തുണ നൽകി. ഇന്ന് ബി.ജെ.പിയെ നഖശിഖാന്തം എതിർക്കുന്ന ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുടെ തൃണമൂൽ കോൺഗ്രസ്, മുമ്പ് അവിടെ ബി.ജെ.പിയുമായി സഖ്യമുണ്ടാക്കിയിട്ടുണ്ട്. കർണാടകയിൽ ബി.ജെ.പിയെ അകറ്റിനിർത്താൻ ജെ.ഡി.എസിന് പിന്തുണ നൽകിയ കോൺഗ്രസിന്റെ സാഹസം ഒടുവിൽ പരാജയപ്പെടുന്നതും നാം കണ്ടു.
ഇത്തരമൊരു അനുഭവമുള്ളതുകൊണ്ടു കൂടിയാകാം മഹാരാഷ്ട്രയിൽ ശിവസേനയുമായി ചേർന്നുള്ള സർക്കാറിന് കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി വൈമുഖ്യം കാട്ടിയത്. എന്നാൽ പാർട്ടി നേതാക്കളിൽ ഒരു വിഭാഗം ശിവസേനയുമായി സഖ്യത്തിന് അനുകൂല നിലപാടെടുത്തതോടെ കാര്യങ്ങൾ മാറി. പക്ഷേ അതെല്ലാം പൊളിച്ചുകൊണ്ടാണ് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയിരിക്കുന്നത്.
ഇപ്പോഴത്തെ സാഹചര്യത്തിൽ വൈകാതെ ബി.ജെ.പി തന്നെ മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരിക്കാനാണ് സാധ്യത. ആറ് മാസത്തെ കാലാവധിക്കുള്ളിൽ അവർ ശിവസേനയെ അനുനയിപ്പിക്കും. അല്ലെങ്കിൽ ശിവസേന, എൻ.സി.പി, കോൺഗ്രസ് കക്ഷികളിൽനിന്ന് എം.എൽ.എമാരെ അടർത്തിയെടുക്കും. എങ്കിൽ പോലും ശിവസേനയുമായി സഖ്യ സർക്കാർ ഉണ്ടാക്കുന്നതിൽനിന്ന് കോൺഗ്രസും എൻ.സി.പിയും വിട്ടുനിൽക്കുന്നതു തന്നെയാണ് നല്ലത്. അതിന്റെ ഫലം കിട്ടുക അടുത്ത തെരഞ്ഞെടുപ്പിലാവും.