Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ആമിൽ വിസ നിർത്തലാക്കുമ്പോൾ ആ പ്രൊഫഷനിലുള്ള പ്രവാസികൾ എന്ത് ചെയ്യണം

റിയാദ്- അവിദഗ്ധ തൊഴിലാളികളുടെ എണ്ണം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ആമിൽ (ലേബർ) വിസയും പ്രൊഫഷനും പൂർണമായും നിർത്തലാക്കാനും വിവിധ പ്രൊഫഷനുകൾക്ക് പരീക്ഷയും നടപ്പാക്കാനുള്ള തൊഴിൽമന്ത്രാലയത്തിന്റെ നീക്കം ഇന്ത്യക്കാരടക്കമുള്ള വിദേശികളെ പ്രതികൂലമായി ബാധിച്ചേക്കും. എന്നാൽ പരീക്ഷക്ക് വിധേയമാകുന്ന പ്രൊഫഷനുകളിലുളളവരും ആമിൽ പ്രൊഫഷനുകളിലുള്ളവരും ഇപ്പോൾ തന്നെ അതിനാവശ്യമായ ഒരുക്കങ്ങൾ നടത്തേണ്ടതുണ്ട്.
ആമിൽ എന്ന് മാത്രമുള്ള പ്രൊഫഷനുകളിലെ ഇഖാമയാണ് മാറ്റത്തിന് വിധേയമാവുന്നതിൽ പ്രധാനമായുള്ളത്. ആമിൽ എന്നാൽ തൊഴിലാളി എന്നാണ് അർഥം. അഥവാ എന്ത് തൊഴിൽ എന്നത് ഇതിൽനിന്ന് വ്യക്തമല്ല. പ്രൊഫഷനുകളെ തരം തിരിക്കാനും ചില പ്രൊഫഷനുകളുടെ രൂപഘടനയിൽ മാറ്റം വരുത്താനുമുള്ള പദ്ധതിയുടെ ഭാഗമായാണ് ഈ പ്രൊഫഷൻ പിൻവലിക്കാനിരിക്കുന്നത് എന്നാണ് മന്ത്രാലയം വ്യക്തമാക്കിയിട്ടുളളത്. എന്നാൽ ആമിലിനോടൊപ്പം ഒരു തൊഴിൽ മേഖല കൂടി ചേർത്തിട്ടുണ്ടെങ്കിൽ അത്തരം പ്രൊഫഷനുകൾക്ക് പ്രശ്‌നങ്ങൾ ഉണ്ടാവാനിടയില്ല. നിയമം പ്രാബല്യത്തിലായാൽ ആമിൽ പ്രൊഫഷൻ മാറ്റാൻ കമ്പനികൾക്കും സ്ഥാപനങ്ങൾക്കും അവസരം നൽകുമെന്ന് മന്ത്രാലയം അറിയിച്ചിട്ടുണ്ടെങ്കിലും അതിന്റെ വ്യവസ്ഥകൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല. നിബന്ധനകൾ വരുന്നതിന് മുമ്പ് തന്നെ ചെയ്യുന്ന തൊഴിലിനനുസരിച്ചുള്ള പ്രൊഫഷനാക്കി മാറ്റുന്നതാണ് ഉചിതം. തൊഴിൽ വിപണിയിൽ തൊഴിൽ മന്ത്രാലയം നടത്തിയ പഠനത്തിൽ 2878 പ്രൊഫഷനുകളാണുള്ളത്. അവയെ 259 പ്രൊഫഷനുകളിലേക്ക് ചുരുക്കിക്കൊണ്ടുവരുമെന്ന് മന്ത്രാലയത്തിലെ തൊഴിൽ പരീക്ഷ പദ്ധതി ഡയറക്ടർ നായിഫ് അൽമൈർ പറയുന്നത് തന്നെ ഇനിയും നിരവധി പ്രൊഫഷനുകൾ ഇല്ലാതാകുമെന്നതിന്റെ സൂചനയാണ്.
ഇലക്ട്രീഷ്യൻ, പ്ലംബർ, എസി മെക്കാനിക്, ഓട്ടോമോട്ടീവ് ഇലക്ട്രീഷ്യൻ, കാർപെന്റർ, വെൽഡർ, കൊല്ലപ്പണി, തേപ്പ് ജോലി, പെയിന്റിംഗ്, ടൈൽസ് ജോലി, കെട്ടിട നിർമാം, കാർ ബോഡിവർക്‌സ് തുടങ്ങിയ മേഖലകളിലാണ് തൊഴിൽ പരീക്ഷ വരാനിരിക്കുന്നത്. ഇലക്ട്രീഷ്യൻ, പ്ലംബർ പ്രൊഫഷനുകാർ നിലവിൽ രണ്ടുലക്ഷത്തിലധികമാണ് സൗദി തൊഴിൽ വിപണിയിലുള്ളത്. അടുത്ത മാസം മുതലാണ് ഈ പ്രൊഫഷനിൽ പരീക്ഷ നടക്കാനിരിക്കുന്നത്. വ്യവസ്ഥ നിലവിൽ വരുന്നതിന് മുമ്പ് തന്നെ ഇഖാമ പുതുക്കിയാൽ അവർക്ക് പിന്നീട് പുതുക്കുമ്പോൾ പരീക്ഷക്ക് വിധേയമായാൽ മതിയാകും.
ഈ പ്രൊഫഷനുകളിലുള്ളവരിൽ ഏറ്റവും കൂടുതൽ ഇന്ത്യക്കാരാണെന്നതിനാൽ ആദ്യഘട്ട പരീക്ഷ ഇന്ത്യക്കാർക്കായിരിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. ടെക്‌നിക്കൽ ജോലികളുടെ വിഭാഗത്തിലായതിനാൽ എഞ്ചിനീയറിംഗ് കൊൺസിലിന്റെ നേതൃത്വത്തിൽ തന്നെയായിരിക്കും പരീക്ഷ നടക്കുക. സൗദിയിലുള്ളവർക്ക് ഇഖാമ പുതുക്കുന്ന സമയത്ത് രജിസ്‌ട്രേഷൻ നടത്തി ഓൺലൈനിൽ പരീക്ഷ നടപടികൾ പൂർത്തിയാക്കേണ്ട സംവിധാനമായിരിക്കും വരിക. 450 മുതൽ 600 റിയാൽ വരെയാണ് പരീക്ഷ ഫീസ്. എന്നാൽ നാട്ടിൽ നിന്ന് ഇത്തരം വിസകളിൽ പുതുതായി എത്തുന്നവർ നാട്ടിൽ നിന്ന് തന്നെ പരീക്ഷ പൂർത്തിയാക്കേണ്ടിവരും. അപ്പോൾ 100 മുതൽ 150 റിയാൽ വരെയായിരിക്കും ഫീസ്. 
ഇഖാമ പുതുക്കുന്നതിനോടനുബന്ധിച്ചായിരിക്കും പുതിയ പ്രൊഫഷൻ വ്യവസ്ഥ സംബന്ധിച്ച കൃത്യത ലഭിക്കുക. നേരത്തെ എഞ്ചിനീയറിംഗ്, ടെക്‌നീഷ്യൻ, അകൗണ്ടന്റ് എന്നീ പ്രൊഫഷനുകളിൽ ചില പരിഷ്‌കാരങ്ങൾ നടപ്പാക്കിയപ്പോഴും ഇഖാമ പുതുക്കാൻ അപേക്ഷ നൽകുമ്പോഴായിരുന്നു അത് സംബന്ധിച്ച കൃത്യമായ വിവരം ലഭ്യമായിരുന്നത്. ചില പ്രൊഫഷനുകാർക്ക് സൗദിയിൽ തന്നെയുള്ള കോഴ്‌സുകളിൽ രജിസ്‌ട്രേഷൻ നടത്തി പുതുക്കാനുള്ള അവസരവും ലഭിച്ചു. അവിദഗ്ധ തൊഴിൽ മേഖലയിലുള്ളവരുടെ പ്രൊഫഷനുകളായതിനാൽ എങ്ങനെയാണ് തൊഴിൽ പരീക്ഷ നടത്തുകയെന്ന് ഇപ്പോഴും വ്യക്തമല്ല. 

Latest News