കോട്ടയം - യു.ഡി.എഫിലെ വി.എം. സിറാജ് ഈരാറ്റുപേട്ട നഗരസഭാ ചെയർമാനായി. ആകെയുളള 25 അംഗങ്ങളിൽ വോട്ടെടുപ്പിൽ പങ്കെടുത്ത 17 പേരിൽ നിന്നായി 12 വോട്ടുകൾ നേടിയാണ് സിറാജ് ചെയർമാനായത്. ടി.എം.റഷീദടക്കം അഞ്ച് അംഗങ്ങളുടെ വോട്ടുകൾ അസാധുവായി. നാല് സി.പി.എം അംഗങ്ങളും നാല് എസ്.ഡി.പി.ഐ അംഗങ്ങളും വോട്ടെടുപ്പിൽനിന്ന് വിട്ടു നിന്നു. സി.പി.എം വിമതൻ ടി.എം.റഷീദായിരുന്നു എതിർ സ്ഥാനാർഥി.
അഞ്ചാമത്തെ ചെയർമാൻ തെരഞ്ഞെടുപ്പിലാണ് ഈരാറ്റുപേട്ട നഗരസഭയ്ക്ക് മൂന്നാമത്തെ ചെയർമാനുണ്ടാകുന്നത്. ഒക്ടോബർ 16 ലെ വോട്ടെടുപ്പിന്റെ തുടർച്ചയാണ് ഇന്ന് നടന്നത്. ഇതുപ്രകാരം യു.ഡി.എഫ് സ്ഥാനാർഥിയായി വി.എം. സിറാജും എൽ.ഡി.എഫ് വിമതനായി ടി.എം.റഷീദും മാത്രമാണ് മത്സരിച്ചത്. സി.പി.ഐയിലെ റജീന നൗഫലും സി.പി.എമ്മിലെ ഇൽമുന്നിസ ഷാഫിയും വിട്ടുനിന്നു.
വോട്ടെടുപ്പിൽ 17 പേർ മാത്രമാണ് പങ്കെടുത്തത്. ഇതിൽ 12 എണ്ണം സാധുവായി. യു.ഡി.എഫിലുള്ള 11 വോട്ടുകൾക്കൊപ്പം ജനപക്ഷത്തിന്റെ ജോസ് മാത്യു വള്ളിക്കാപ്പിലിന്റെ വോട്ടും വി.എം.സിറാജിന് ലഭിച്ചു. എസ്.ഡി.പി.ഐ വോട്ടെടുപ്പിൽനിന്നും വിട്ടുനിന്നു. ഈരാറ്റുപേട്ട നഗരസഭയുടെ ഏറ്റവും മികച്ച മുന്നേറ്റത്തിന് പരിശ്രമിക്കുമെന്ന് വി.എം.സിറാജ് തെരഞ്ഞെടുപ്പിന് ശേഷം പ്രതികരിച്ചു. നാടിനുവേണ്ടി എല്ലാവരെയും ഒന്നായിക്കണ്ട് പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. കൗൺസിലർമാരുടെ വിധിയെ മാനിക്കുന്നുവെന്നും വാർഡിന്റെ തുടർവികസനത്തിനായി പ്രവർത്തനം തുടരുമെന്നും ടി.എം.റഷീദ് പ്രതികരിച്ചു. ഒക്ടോബർ 16 ലെ വോട്ടെടുപ്പിന്റെ തുടർച്ച വേണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ച് അനുകൂല വിധി നേടിയത് ടി.എം.റഷീദ് ആയിരുന്നു. ഇലക്ഷന് മുൻപ് നഗരസഭാ ഹാളിന് പുറത്ത് പോലീസും സി.പി.എം പ്രവർത്തകരും തമ്മിൽ വാക്കുതർക്കവും ഉന്തുംതള്ളുമുണ്ടായി. നേരിയ സംഘർഷത്തിൽ ഡി.വൈ.എഫ്.ഐ പ്രവർത്തകൻ അനസിന് പരിക്കേറ്റു.
ബി.ജെ.പിയോടു ചേർന്ന പി.സി. ജോർജിന്റെ ജനപക്ഷത്തെ ഭരണപങ്കാളിത്തത്തിൽനിന്നും അകറ്റി നിർത്താനാണ് ഈരാറ്റുപേട്ട നഗരസഭാ ചെയർമാൻ തെരഞ്ഞെടുപ്പിൽനിന്നും എസ്.ഡി. പി.ഐ കൗൺസിലർമാർ വിട്ടു നിന്നതെന്ന് അറിയിച്ചു. കാഞ്ഞിരപ്പള്ളി ഐ. റ്റി.ഡി.പി ഓഫീസർ എസ്.വിനോദ് വരണാധികാരിയായിരുന്നു.