ദോഹ- ഖത്തറിലെ ജീവകാരുണ്യ, കലാ സാംസ്‌കാരിക പ്രവര്‍ത്തകര്‍ രൂപം നല്‍കിയ ഫ്രണ്ട്‌സ് ഓഫ് റിഥം ആന്റ് മേഴ്‌സി (ഫോം ഖത്തര്‍) സംഘടിപ്പിക്കുന്ന എരഞ്ഞോളി മൂസ സ്മാരക അവാര്‍ഡ് ദാനവും സംഗീത സന്ധ്യയും ഡിസംബര്‍ 12 ന് നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഈ വര്‍ഷത്തെ അവാര്‍ഡ് മാപ്പിളപ്പാട്ട് രംഗത്ത് നിന്നുളള മികച്ച കലാകാരനായിരിക്കുമെന്നു സംഘാടകര്‍ പറഞ്ഞു. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതായിരിക്കും അവാര്‍ഡ്.
ഡിസംബര്‍ 12 വ്യാഴം വൈകുന്നേരം 7 മണിക്ക് അല്‍ അറബി ഇന്‍ഡോര്‍ വോളിബോള്‍ ഹാളില്‍ നടക്കുന്ന മഞ്ഞണിപ്പൂനിലാവ് സംഗീത സന്ധ്യയില്‍ അവാര്‍ഡ് സമ്മാനിക്കും. മലയാള ചലച്ചിത്രഗാന രംഗത്ത് ഇരുപത്തിയഞ്ച് വര്‍ഷം പൂര്‍ത്തിയാക്കിയ എം. ജയചന്ദ്രനെ ചടങ്ങില്‍ ആദരിക്കും. പിന്നണിഗായകരായ വിജയ് യേശുദാസ്, കാര്‍ത്തിക്, ശ്വേത മോഹന്‍, ജ്യോത്സ്‌ന, മാപ്പിളപ്പാട്ട് ഗായകരായ കണ്ണൂര്‍ ഷരീഫ്, രഹ്‌ന എന്നിവര്‍ അണിനിരക്കുന്ന സംഗീത സന്ധ്യയും എം. ജയചന്ദ്രന്റെ നേതൃത്വത്തില്‍ നടക്കും.