അബുദാബി - അബുദാബിയില്‍ കാറിന് തീപ്പിടിച്ച് രണ്ടു കുട്ടികള്‍ വെന്തുമരിച്ചു. സ്വദേശി കുടുംബത്തിലെ സഹോദരങ്ങളായ മക്തൂം ഇബ്രാഹിം അല്‍ഹസൂനി, ശമായില്‍ ഇബ്രാഹിം അല്‍ഹസൂനി എന്നിവരാണ് ദാരുണമായി മരിച്ചത്. ഒന്നര വയസും മൂന്നു വയസും വീതം പ്രായമുള്ള കുട്ടികളാണ് മരിച്ചത്. സംഭവ സമയത്ത് കാറില്‍ ഇവര്‍ മാത്രമാണുണ്ടായിരുന്നത്.
അല്‍ മിന പ്രദേശത്താണ് ദാരുണ സംഭവം. നിര്‍ത്തിയിട്ടിരുന്ന കാര്‍ കത്തിയമരുകയായിരുന്നു. മെര്‍സിഡസ് ബെന്‍സ് ജി ക്ലാസ്സില്‍ പെട്ട കാറാണ് കത്തിയത്. കാര്‍ കത്തിയതിന്റെ കാരണം വ്യക്തമായിട്ടില്ലെന്ന് പോലീസ് പറഞ്ഞു.
കുട്ടികളെ കാറിലിരുത്തി മാതാപിതാക്കള്‍ പുറത്തുപോയതാകുമെന്നാണ് കരുതുന്നത്. കുട്ടികളെ കാറുകളില്‍ ഒറ്റക്കാക്കരുതെന്ന് പല തവണ മുന്നറിയിപ്പ് നല്‍കിയിട്ടുള്ളതാണെന്ന് അബുദാബി പോലീസ് ക്രിമിനല്‍ സെക്യുരിറ്റി വിഭാഗം ബ്രിഗേഡിയര്‍ ജനറല്‍ മുഹമ്മദ് സുഹൈല്‍ അല്‍ റഷീദ് പറഞ്ഞു.
ബനീയാസില്‍ ദുഹ്ര്‍ നമസ്‌കാരാന്തരം കുട്ടികളുടെ മയ്യിത്തുകള്‍ മറവു ചെയ്തു.