Sorry, you need to enable JavaScript to visit this website.

സമരതീക്ഷ്ണമായ ജെ.എൻ.യു കാമ്പസ്  

ദൽഹി ജവാഹർലാൽ നെഹ്‌റു സർവകലാശാല വിദ്യാർഥികൾ ന്യായമായ ആവശ്യങ്ങൾ ഉന്നയിച്ച് നടത്തിവരുന്ന സമരത്തെ അമർച്ച ചെയ്യാൻ കേന്ദ്ര സർക്കാറും സർവകലാശാലാ അധികൃതരും ദൽഹി പോലീസും സി.ആർ.പി.എഫും അടക്കം അവലംബിച്ച മാർഗങ്ങൾ രാജ്യം അത്യന്തം ഉൽക്കണ്ഠയോടെയാണ് വീക്ഷിക്കുന്നത്. 
കഴിഞ്ഞ പത്തു ദിവസങ്ങളിലേറെയായി നടന്നുവന്നിരുന്ന വിദ്യാർഥി സമരത്തെ അപ്പാടെ അവഗണിച്ച സർവകലാശാല അധികൃതരും കേന്ദ്ര സർക്കാറും ഇന്നലെ അവർക്കു നേരെ ബലപ്രയോഗവും ലാത്തിയടിയും ജലപീരങ്കിയുമായി ജെ.എൻ.യു കാമ്പസും പരിസരപ്രദേശവും അക്ഷരാർഥത്തിൽ യുദ്ധക്കളമാക്കി. വിദ്യാർഥികൾക്കു നേരെ അവരുടെ മൊത്തം സംഖ്യയിൽ ഏറെ വരുന്ന പോലീസ് സേനാ വ്യൂഹം ക്രൂരമായ ബലപ്രയോഗം നടത്തുന്നതിന്റെ ദൃശ്യങ്ങൾ ദൃശ്യ മാധ്യമങ്ങൾ പുറത്തു കൊണ്ടുവന്നു. നിരവധി വിദ്യാർഥികളെ പോലീസ് കസ്റ്റഡിയിൽ തടഞ്ഞുവെച്ചിരിക്കുന്നതായും വാർത്തകളുണ്ട്. 
ഹോസ്റ്റൽ ഫീ, ഹോസ്റ്റൽ മുറികളിൽ വെള്ളം, വൈദ്യുതി സേവനങ്ങൾക്കുള്ള നിരക്ക്, ഭക്ഷണത്തിന് നൽകേണ്ട വില എന്നിവ കുത്തനെ ഉയർത്തുന്ന കരട് ഹോസ്റ്റൽ മാന്വലിനെതിരെയാണ് എ.ബി.വി.പി അടക്കം വിദ്യാർഥി സംഘടനകൾ ഒന്നടങ്കം സർവകലാശാലാ വിദ്യാർഥി യൂനിയന്റെ നേതൃത്വത്തിൽ പ്രത്യക്ഷ സമരത്തിന് നിർബന്ധിതരായത്.
ഇനിയും നിർവചിക്കപ്പെടാത്ത വസ്ത്രധാരണ ചട്ടവും ഇരുപതു മണിക്കൂർ പ്രവർത്തിക്കുന്ന ലൈബ്രറികളുമുള്ള സ്ഥലത്ത് കർഫ്യൂ ബാധകമാക്കുന്നതും വിദ്യാർഥികളുടെ പ്രതിഷേധം ക്ഷണിച്ചുവരുത്തിയിരുന്നു. 
മേൽപറഞ്ഞ നിർദേശങ്ങൾ ഒന്നും തന്നെ വിദ്യാർഥികളുമായി ചർച്ച ചെയ്യുകയോ അവരുടെ ആവലാതികൾ കേൾക്കണമെന്ന ആവശ്യം വൈസ് ചാൻസലർ അടക്കം ബന്ധപ്പെട്ടവർ കേൾക്കാൻ സന്നദ്ധരാവുകയോ ചെയ്യാതെ വന്നതാണ് പ്രക്ഷോഭത്തിലേക്ക് നയിച്ചത്. ഇപ്പോഴത്തെ വൈസ് ചാൻസലർ മാമിദല ജഗദീഷ് കുമാർ വിദ്യാർഥികളെ കാണാനോ അവരുടെ പരാതികൾക്ക് ചെവികൊടുക്കാനോ തയാറാവുന്നില്ലെന്ന് മാത്രമല്ല, കാമ്പസിലെ അസാന്നിധ്യവും വിദൂര നിയന്ത്രണവും കൊണ്ടാണ് അദ്ദേഹം ശ്രദ്ധേയനാകുന്നത്. വിദ്യാർഥികളോടും അധ്യാപകരുൾപ്പെട്ട സർവകലാശാലാ സമൂഹത്തോടും തികഞ്ഞ നിഷേധാത്മക സമീപനമാണ് ഇണ്ടത്. രാജ്യത്തെ ഏറ്റവും പ്രബുദ്ധമായ ഉന്നത വിദ്യാഭ്യാസ കേന്ദ്രത്തിന്റെ സ്വതന്ത്ര സ്വഭാവത്തെ വന്ധ്യംകരിച്ച് നിശ്ശബ്ദമാക്കാൻ സംഘപരിവാർ ഭരണകൂടത്താൽ നിയോഗിക്കപ്പെട്ട ഒറ്റയാൾ പണ്ടട്ടാളത്തെ പോലെയാണ് ജഗദീഷ് കുമാർ പെരുമാറുന്നത്. ഇന്ത്യയുടെ വൈവിധ്യത്തെയും സാമ്പത്തിക വൈരുധ്യങ്ങളെയും ഒരുപോലെ പ്രതിനിധാനം ചെയ്യുന്നതും അതിനെ പൂർണമായി ഉൾക്കൊണ്ട് പുതുതലമുറയ്ക്ക് ഏറ്റവും മികച്ചതും ലോകോത്തര നിലവാരമുള്ളതുമായ വിദ്യാഭ്യാസം ഉറപ്പു നൽകുന്ന ഒന്നായാണ് ജെ.എൻ.യു വിഭാവനം ചെയ്യപ്പെട്ടിരുന്നത്.
അക്കാദമിക സ്വാതന്ത്ര്യത്തിന്റെയും അന്വേഷണ ത്വരയുടെയും വിദ്യാർഥികളുടെ സ്വതന്ത്ര വ്യക്തിത്വ വികാസത്തിന്റെയും മികച്ച മാതൃകയായി ജെ.എൻ.യുവിന് മാറാൻ കഴിഞ്ഞു. പുരോഗമന ചിന്താഗതിക്കാരായ അധ്യാപക ശ്രേഷ്ഠരും ഇടതുപക്ഷ പുരോഗമന വിദ്യാർഥി സംഘടനകൾക്ക് ആഴത്തിൽ വേരോട്ടവുമുള്ള കലാശാല ചിരപ്രതിഷ്ഠ നേടി. ജെ.എൻ.യുവിന്റെ ഈ പ്രതിഛായ തകർത്ത് വരേണ്യ വിഭാഗങ്ങൾക്കും രാഷ്ട്രീയ യാഥാസ്ഥിതികത്വത്തിനും ആധിപത്യം പുലർത്താവുന്ന ഒന്നായി അതിനെ മാറ്റിയെടുക്കുക എന്നതാണ് സംഘ്പരിവാർ ഭരണകൂടത്തിന്റെ ലക്ഷ്യം. 
സ്വന്തം വിദ്യാഭ്യാസ യോഗ്യതയെപ്പറ്റി ജനങ്ങളെയും ഭരണഘടനാ സ്ഥാപനങ്ങളെയും തെറ്റിദ്ധരിപ്പിക്കുകയും അത് സംബന്ധിച്ച വസ്തുതകൾ പുറത്തു വരുന്നത് തടയുകയും ചെയ്യേണ്ടുന്ന പ്രധാനമന്ത്രി ഉണ്ടായിരിക്കുകയും വിദ്യാഭ്യാസത്തിന്റെ ചുമതല വഹിക്കുന്ന മനുഷ്യ വിഭവ ശേഷി വികസന മന്ത്രി ഉണ്ടായിരുന്നതുമായ ഒരു രാജ്യത്ത് ഇത്തരം വിധ്വംസക പ്രവർത്തനങ്ങൾ അപ്രതീക്ഷിതവും അസാധാരണവുമല്ല. പുരോഗമനേഛുക്കളായ ജെ.എൻ.യു വിദ്യാർഥികളും അധ്യാപകരും മാത്രമല്ല, രാജ്യത്തെ ഉന്നത വിദ്യാഭ്യാസ രംഗത്തുള്ള അത്തരക്കാരെല്ലാം ദേശ വിരുദ്ധരും രാജ്യദ്രോഹികളുമാണെന്ന് വരുത്തിത്തീർക്കാൻ പോലും ശ്രമങ്ങൾ തുടരുകയാണ്.
യാഥാസ്ഥിതികത്വത്തിനും പ്രതിലോമതക്കും അസ്വാതന്ത്ര്യത്തിനും അസമത്വത്തിനും അനീതിക്കും എതിരെ ആദ്യത്തെ ചോദ്യം ഉയരുക ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നും സർവകലാശാലകളിൽ നിന്നുമാണെന്നത് യാദൃഛികമല്ല. മനുഷ്യ ചരിത്രത്തിലുടനീളം നീതിയുടെയും അവകാശങ്ങളുടെയും ചെറുത്തുനിൽപിന്റെയും പ്രതിഷേധത്തിന്റെയും ശബ്ദം ഉയർന്നിട്ടുള്ള സുപ്രധാന കേന്ദ്രങ്ങൾ സർവകലാശാലകളായിരുന്നു. അത്തരം രക്തപങ്കിലമായ അധ്യായങ്ങൾ പോലും ചരിത്രത്തിൽ അസാധാരണമല്ല. യാഥാസ്ഥിതിക മേലാളന്മാരും പ്രതിലോമ ഭരണകൂടങ്ങളും പുതുതലമുറയുടെ ഉയർത്തെഴുന്നേൽപുകളെ തടഞ്ഞുനിർത്താൻ ശ്രമിച്ചിട്ടുമുണ്ട്. 
ജെ.എൻ.യു രാജ്യത്തിന് നൽകുന്നത് ശക്തമായ മുന്നറിയിപ്പും വ്യക്തമായ പ്രതീക്ഷയുമാണ്. സഹസ്രാബ്ദ തലമുറയെപ്പറ്റി നിരാശാഭരിതമായ ചിന്തകൾ വെച്ചുപുലത്തുർന്നവർ കണ്ണു തുറന്നു കാണേണ്ട കാഴ്ചകളാണ്, ചെവി തുറന്നു കേൾക്കേണ്ട ശബ്ദങ്ങളാണ് ജെ.എൻ.യു അനാവരണം ചെയ്യുന്നതും ഉയർത്തുന്നതും.


 

Latest News