നീണ്ട നിയമ പോരാട്ടം അവസാനിപ്പിച്ച് ബാബ്‌രി മസ്ജിദ് - രാമജന്മ ഭൂമി കേസിൽ സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് ചരിത്രപ്രധാനമായ വിധി പറഞ്ഞു. അയോധ്യയിൽ ബാബ്‌രി മസ്ജിദ് - രാമജന്മ ഭൂമി തർക്കം നിലനിന്ന 2.77 ഏക്കർ ഭൂമിയിൽ കേന്ദ്ര സർക്കാറിന്റെ നിയന്ത്രണത്തിൽ ട്രസറ്റ് രൂപീകരിച്ച് രാമക്ഷേത്രം പണിയണമെന്നാണ് സുപ്രീം കോടതിയുടെ ഉത്തരവ്. മസ്ജിദ് നിർമിക്കാൻ അയോധ്യയിൽ അഞ്ച് ഏക്കർ സ്ഥലം സുന്നി വഖഫ് ബോർഡിന് നൽകണമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.
അയോധ്യാ ഭൂമിതർക്ക കേസിൽ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് വായിച്ചത് 1045 പേജുള്ള വിധിന്യായം. വിധിയുടെ പ്രധാന ഭാഗങ്ങളാണ് ചീഫ് ജസ്റ്റിസ് വായിച്ചത്. വിധി
ഏകകണ്ഠമാണെന്നും വായിച്ചു തീരാൻ അര മണിക്കൂർ എടുക്കുമെന്നും അദ്ദേഹം ആമുഖമായി പറഞ്ഞു. ജസ്റ്റിസുമാരായ എസ്.എ. ബോബ്ഡെ (നിയുക്ത ചീഫ് ജസറ്റിസ്), ഡി.വൈ. ചന്ദ്രചൂഡ്, അശോക് ഭൂഷൺ, അബ്ദുൽ നസീർ എന്നിവരായിരുന്നു അഞ്ചംഗ ഭരണഘടനാ ബെഞ്ചിലെ മറ്റ് അംഗങ്ങൾ.
പതിറ്റാണ്ടുകൾ പഴക്കമുള്ള അയോധ്യാ ഭൂമിതർക്ക കേസ് തീർപ്പാക്കി 1045 പേജുള്ള വിധി സുപ്രീം കോടതി അഞ്ചംഗ ഭരണഘടനാ ബെഞ്ച് പുറപ്പെടുവിച്ചെങ്കിലും ആരാണ് വിധിയെഴുതിയതെന്ന് ഉത്തരവിൽ ഇല്ല. വിധിയെഴുതിയ ജഡ്ജിയുടെ പേര് ഉത്തരവിൽ രേഖപ്പെടുത്തുന്നതാണ് കീഴ്വഴക്കം. കൂടുതൽ അംഗങ്ങളായ ബെഞ്ചാണെങ്കിൽ മറ്റുള്ളവർക്കായി ഒരാളാണ് വിധിയെഴുതി ഒപ്പിടുക. സുപ്രീം കോടതിയിൽ സുപ്രധാന കേസുകളിൽ വിധിയെഴുതിയ ജഡ്ജിയുടെ പേരില്ലാതെ പുറത്തിറങ്ങുന്നത് അസാധാരണമാണെന്ന് നിയമ വിദഗ്ധരും ചൂണ്ടിക്കാട്ടുന്നു.
അയോധ്യാ വിധിന്യായത്തിൽ അഞ്ചു ജഡ്ജിമാരിൽ ആരാണെഴുതിയതെന്ന് വെളിപ്പെടുത്തിയിട്ടില്ലാത്ത 116 പേജ് അനുബന്ധം കൂടി ചേർത്തിട്ടുണ്ട്. ബാബ്രി മസ്ജിദ് നിൽക്കുന്ന സ്ഥലം രാമജന്മ ഭൂമിയാണെന്ന വിശ്വാസത്തിന് വില കൽപിക്കണമെന്ന വാദമാണ് ഇതിൽ ജഡ്ജി ഉന്നയിക്കുന്നത്. പാരമ്പരാഗതമായ ആചാരങ്ങൾ, മതാചാരങ്ങൾ എന്നിവയിലൂടെയാണ് ഒരാളുടെ മതപരമായ വിശ്വാസം രൂപപ്പെടുന്നതെന്നും ജഡ്ജി ഇതിൽ ചൂണ്ടിക്കാട്ടുന്നു.
തർക്കത്തിലുള്ള ഭൂമി മൂന്നായി വിഭജിക്കാനുള്ള അലഹബാദ് ഹൈക്കോടതിയുടെ 2010 സെപ്റ്റംബർ 30 ലെ വിധി അസാധുവാക്കിയാണ് രാമക്ഷേത്രം പണിയാൻ സുപ്രീം കോടതി അനുമതി നൽകിയത്. വർഗീയ ശക്തികൾ മുതലെടുപ്പ് നടത്തി വൻതോതിൽ അക്രമത്തിനും ജീവഹാനിക്കും ഇടയാക്കിയ പ്രശ്‌നം എന്നെന്നേക്കുമായി അവസാനിപ്പിക്കാനാണ് വിധിയിലൂടെ സുപ്രീം കോടതി ലക്ഷ്യമിടുന്നത്.
1949 ഡിസംബർ 23 ന് ബാബ്രി മസ്ജിദിൽ രാമവിഗ്രഹം കൊണ്ടുവെച്ചതും 1992 ഡിസംബർ 6 ന് മസ്ജിദ് പൊളിച്ചതും നിയമ വിരുദ്ധമാണെന്ന് കോടതി കണ്ടെത്തി. എന്നാൽ മസ്ജിദ് തകർത്ത ക്രിമിനൽ കേസിനെ കുറിച്ചോ കുറ്റക്കാരായി കണ്ടെത്തിയവരെ കുറിച്ചോ ഒരക്ഷരം പോലും പ്രതിപാദിച്ചില്ലെന്നത് ആശ്ചര്യം തന്നെ. ഇവിടെയാണ് വിധിയുടെ പൂർണതയെ കുറിച്ച് സംശയം നിലനിൽക്കുന്നത്.
ചരിത്രവും വിശ്വാസവും വൈകാരികതയും കൂടിക്കുഴഞ്ഞ ബാബ്‌രി മസ്ജിദ് - രാമജന്മ ഭൂമി വിഷയത്തിൽ പരമോന്നത നീതിപീഠം പുറപ്പെടുവിച്ച വിധിയെ വിവേകത്തോടും സമചിത്തതയോടും സമീപിക്കുകയും അതംഗീകരിക്കുകയും ചെയ്യുക എന്നത് ജനാധിപത്യ രാജ്യത്തു ജീവിക്കുന്നവരുടെ ബാധ്യതയാണ്. മതത്തെയും വിശ്വാസത്തെയും കൂടുതൽ തീവ്രമായും വൈകാരികമായും ഊതിക്കത്തിക്കുന്നതിന്റെ ദുരന്ത ഫലങ്ങൾ വിവിധ ഘട്ടങ്ങളിൽ അനുഭവിച്ചറിഞ്ഞ രാജ്യത്തിന് ഇനിയൊരു ദുരന്തവും ആഘാതവും താങ്ങാവുന്നതിനപ്പുറമാണ്. അതുകൊണ്ടു തന്നെ എന്തായാലും സുപ്രീം കോടതി വിധിയിൽ ഉള്ള ഏറ്റക്കുറച്ചിലുകൾ ഇഴ പിരിയിക്കുന്നതിൽ കഴമ്പില്ല. വിശ്വാസത്തിന്റെയും വൈകാരിക വിക്ഷോഭങ്ങളുടെയും തീവ്രതയിൽ ആർക്കും ഒന്നും നേടാനാവിെല്ലങ്കിലും നഷ്ടം വളരെ വലുതാണ്. മതേതര ഇന്ത്യയെന്ന ആശയത്തെ തന്നെ ഊതിക്കെടുത്തിയ ബാബ്‌രി മസ്ജിദ് - രാമജന്മ ഭൂമി പ്രശ്‌നം ജനാധിപത്യ വിശ്വാസികൾക്ക് വലിയ അനുഭവ പാഠമാണ് സമ്മാനിച്ചത്. ചരിത്രത്തിൽ നിന്ന് പാഠം പഠിക്കുകയും വർത്തമാനത്തെ ഊർജമാക്കി ഭാവിയിലേക്ക് ജീവിതം കരുപ്പിടിപ്പിക്കുകയുമാണ് പുരോഗമന കാഴ്ചപ്പാടുള്ള സമൂഹം ചെയ്യേണ്ടത്. സുപ്രീം കോടതിയുടെ വിധി തീർപ്പിൽ ഏറെ സന്തോഷം കൊണ്ട് ആഘോഷിക്കുകയോ ദുഃഖിക്കുകയോ ചെയ്യേണ്ടതില്ല. ഇതിൽ ഏതെങ്കിലും ഒരു വിഭാഗം ഉണ്ടെങ്കിൽ അവർ സമൂഹത്തെ ഭിന്നിപ്പിക്കുകയും വർഗീയ സംഘർഷങ്ങൾക്ക് പുതിയ മേച്ചിൽപുറങ്ങൾ തേടുകയും ചെയ്യുന്നവരാണ്.
പ്രശ്‌നം സമവായത്തിലൂടെ പരിഹരിക്കണമെന്നും അതിന് കഴിയുന്നില്ലെങ്കിൽ കോടതികളുടെ തീർപ്പിന് വിടണമെന്നുമുള്ള അഭിപ്രായമാണ്. ഇക്കാര്യത്തിൽ കൃത്യമായ ദിശാബോധം നൽകിയിരുന്ന ഇടതുപക്ഷ പാർട്ടികൾ മുന്നോട്ടു വെച്ചിരുന്നത്. കോടതിയുടെ നിരീക്ഷണങ്ങളിൽ ഈ വിധി പരസ്പര വിരുദ്ധമാണെന്ന സംശയം സ്വാഭാവികമായും ഉയർന്നേക്കാം. എന്നാൽ സംശയിക്കുന്നവർക്ക നിയമത്തിന്റെ വഴി തേടാൻ ഇനിയും അവസരമുണ്ട്.
വെറുപ്പിന്റെയും പകയുടെയും പ്രത്യയശാസ്ത്രം അരങ്ങ് വാഴുമ്പോൾ സുപ്രീം കോടതി വിധിയെച്ചൊല്ലി അമിതമായി ആഹ്ലാദിക്കുന്നവരും അമിതമായി അലോസരപ്പെടുന്നവരും ഭിന്നിപ്പിന്റെ ശക്തികൾക്ക് വെള്ളവും വളവും നൽകുകയാണെന്ന് തിരിച്ചറിയണം.
ഈ വിധിന്യായത്തിൽ ഏറ്റവും ശ്രദ്ധേയമായ ഒരു കാര്യം ക്ഷേത്ര നിർമാണത്തിന് മൂന്നു മാസത്തിനുള്ളിൽ കേന്ദ്ര സർക്കാരിന്റെ നേതൃത്വത്തിൽ മൂന്നംഗ ട്രസ്റ്റ് രൂപീകരിക്കണമെന്നതാണ്. ബാബ്രി മസ്ജിദ് തകർത്തപ്പോൾ ഇന്ത്യയുടെ മതേതരത്വത്തിനേറ്റ മുറിവ് ഉണക്കാനോ അന്ന് മുതൽ രൂക്ഷമായി വളർന്നുവന്ന വർഗീയ അവബോധത്തെ തടയാനോ ഈ വിഷയം മതേതരമായ പോംവഴിയിലൂടെ പരിഹരിക്കാനോ സാധിച്ചില്ല. ഇത് തീർക്കാൻ പലരും നിർദേശിച്ച ഒരു പോംവഴി അയോധ്യയിലെ തർക്കഭൂമിയിൽ ഒരു മതേതര സ്ഥാപനം സൃഷ്ടിക്കുകയെന്നതായിരുന്നു. അങ്ങനെയൊരു കാഴ്ചപ്പാട് സുപ്രീം കോടതി കൈക്കൊണ്ടിരുന്നുവെങ്കിൽ തർക്ക ഭൂമി ഹിന്ദുക്കൾക്കോ മുസ്‌ലിംകൾക്കോ കൊടുക്കാതെ രാഷ്ട്രത്തിന് സമർപ്പിക്കാൻ സാധിക്കുമായിരുന്നു. ഇന്ത്യൻ മതേതരത്വത്തെ മുന്നോട്ടു കൊണ്ടുപോകാനുള്ള ഒരു വലിയ അവസരമാണ് സുപ്രീം കോടതി ഇതിലൂടെ നഷ്ടപ്പെടുത്തിയത്.