ഇസ്്‌ലാമാബാദ്- അയോഗ്യത കല്‍പിക്കാന്‍ സുപ്രീം കോടതി തീരുമാനിച്ചതിനു പിന്നാലെ പാക്കിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ശരീഫ് രാജിവെച്ചു. പാനമ പേപ്പറുകള്‍ ചോര്‍ന്നതിനെ തുടര്‍ന്ന് വെളിച്ചത്തുവന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ശരീഫിന്റേയും കുടുംബത്തിന്റേയും ആസ്തി അന്വേഷിച്ചതിന്റെ അടിസ്ഥാനത്തിലാണ് സുപ്രീം കോടതി ഉത്തരവ്. ശരീഫിന്റെ മക്കള്‍ക്ക് വിദേശത്തുള്ള കമ്പനികളെ കുറിച്ച് പാനമ പേപ്പറില്‍ വിവരങ്ങളുണ്ടായിരുന്നു.
തെറ്റായി ഒന്നും ചെയ്തില്ലെന്ന് ശരീഫ് വാദിച്ചുവെങ്കിലും സുപ്രീം കോടതിയുടെ അഞ്ചംഗ ബെഞ്ച് ഐകകണ്‌ഠ്യേനയാണ് അയോഗ്യത കല്‍പിക്കാന്‍ തീരുമാനമെടുത്തത്. ഉത്തരവിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി ചുമതലയില്‍നിന്ന് ശരീഫ് ഒഴിയുകയാണെന്ന് വക്താവാണ് പ്രസ്താവനയില്‍ അറിയിച്ചത്.
പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ പാക്കിസ്ഥാന്‍ തലസ്ഥാനത്ത് അതീവ സുരക്ഷാ സന്നാഹങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ആയിരക്കണക്കിന് സൈനികരേയും പോലീസിനേയും വിന്യസിച്ചിട്ടുണ്ട്.
സത്യസന്ധനായ ഒരു പാര്‍ലമെന്റംഗമാകാന്‍ ശരീഫിനു യോഗ്യതയില്ലെന്ന് ജഡ്ജിമാരില്‍ ഒരാളായ ഇജാസ് അഫ്‌സല്‍ ഖാന്‍ പറഞ്ഞു. ശരീഫിനും മകള്‍ മറിയം, മകളുടെ ഭര്‍ത്താവ് സഫ്ദര്‍, ധനമന്ത്രി ഇസ്്ഹാഖ് ദര്‍ തുടങ്ങി നിരവധി വ്യക്തികള്‍ക്കെതിരെ അഴിമതിക്കേസെടുക്കാന്‍ സുപ്രീം കോടതി നിര്‍ദേശിച്ചു.