തിരുവനന്തപുരം- ബി.ജെ.പിയുടെ സംസ്ഥാന കമ്മിറ്റി ഓഫീസിന് നേരെയുണ്ടായ ആക്രമണം തടയാതിരുന്ന പോലീസുകാർക്ക് സസ്‌പെൻഷൻ. ആക്രമണം നടത്തുന്നത് തടയാൻ ശ്രമിക്കാതെ നോക്കിനിന്ന രണ്ടു പോലീസുകാരെയാണ് സസ്‌പെന്റ് ചെയ്തത്. ബി.ജെ.പിയുടെ സംസ്ഥാന കമ്മിറ്റി ഓഫീസിന് നേരെ ഇന്ന് പുലർച്ചെയാണ് ആക്രമണമുണ്ടായത്. കമ്മിറ്റി ഓഫിസിന് മുന്നിൽ പൊലീസുകാർ കാവൽക്കാരായി ഉണ്ടായിരുന്നെങ്കിലും ഇവരെ തളളിമാറ്റിയും മർദിച്ചുമാണ് ആക്രമണം നടത്തിയത്. അക്രമികളെ തടയാൻ ഒരു പൊലീസുകാരൻ ശ്രമിച്ചെങ്കിലും മറ്റുള്ളവർ കാഴ്ച്ചക്കാരായി മാറിനിൽക്കുകയായിരുന്നു. ഇതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നു. ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റി അംഗവും കുന്നുകുഴി വാർഡ് കൗൺസിലറുമായ ബിനു ഐ.പി, എസ്.എഫ്.ഐ ജില്ലാ സെക്രട്ടറി പ്രജിൻ സാജ് കൃഷ്ണ എന്നിവരുടെ നേതൃത്വത്തിലാണ് ആക്രമണം നടന്നതെന്നും ഇവരെ സി.സി.ടി.വി ദൃശ്യങ്ങളിൽ കാണാമെന്നും ബിജെപി ആരോപിച്ചു. മൂന്ന് ബൈക്കുകളിലെത്തിയ സംഘമാണ് ആക്രമണം നടത്തിയത്. ആക്രമണം നടക്കുന്ന സമയത്ത് സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ ഓഫിസിലുണ്ടായിരുന്നു. കുമ്മനത്തിന്റെ വാഹനവും അടിച്ചുതകർത്തു.
ബി.ജെ.പി ഓഫീസ് ആക്രമിച്ചതിന് തൊട്ടുപിന്നാലെ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ വീടിന് നേരെയും ആക്രമണമുണ്ടായി. ആക്രമണ സമയത്ത് കോടിയേരിയുടെ മകൻ ബിനീഷ് കോടിയേരിയും കുടുംബവും വീട്ടിലുണ്ടായിരുന്നു. കല്ലും ബിയർകുപ്പികളും മറ്റും വീടിന് നേരെ എറിയുകയായിരുന്നുവെന്ന് കോടിയേരിയുടെ മകൻ ബിനീഷ് കോടിയേരി പറഞ്ഞു. പുലർച്ചെ നാലുമണിയോടെയാണ് അക്രമണമുണ്ടായതെന്നും ബിനീഷ് വ്യക്തമാക്കി. വീടിന് പുറത്ത് നിർത്തിയിട്ടിരുന്ന കാർ കല്ലേറിൽ തകർന്നു.
കൂടുതൽ സംഘർഷം ഉണ്ടാകാതിരിക്കാൻ നഗരത്തിൽ കർശന സുരക്ഷയാണ് പൊലീസ് ഏർപ്പെടുത്തിയിരിക്കുന്നത്. മൂന്ന് ദിവസത്തേക്ക് നഗരത്തിൽ പ്രകടനങ്ങൾക്ക് നിയന്ത്രണം ഏർപ്പെട്ടുത്തിയിട്ടുണ്ട്. രാഷ്ട്രീയ പാർട്ടികളുടെ ഓഫീസിന് മുന്നിലും പ്രധാന സ്ഥലങ്ങളിലും സുരക്ഷ വർദ്ധിപ്പിക്കുമെന്നും പോലീസ് അറിയിച്ചു. തിരുവനന്തപുരത്ത് മൂന്നു ദിവസത്തേക്ക് പ്രകടനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തി.ബിജെപിസിപിഐഎം സംഘർഷത്തെ തുടർന്ന് പൊലീസ് കനത്ത ജാഗ്രത നിർദേശം നൽകി. അഞ്ഞൂറിലധികം പൊലീസുകാരെയാണ് വിവിധയിടങ്ങളിലായി നിയോഗിച്ചിരിക്കുന്നത്. തിരുവനന്തപുരം റെയ്ഞ്ച് ഐജിയുടെ നിർദേശ പ്രകാരം എ.കെ.ജി സെന്ററിന് കാവൽ ഏർപ്പെടുത്തി. സംസ്ഥാനത്തെ ചില നേതാക്കൾക്ക് വധഭീഷണിയുണ്ടെന്നും പോലീസ് അറിയിച്ചു.