ഹരിപ്പാട്- ദേശീയ പാതയിൽ ഹരിപ്പാട് നങ്ങ്യാർകുളങ്ങര കവലയിൽ ഹ്യുണ്ടായ് വെർണ കാറിൽ എതിരെ വന്ന കെ.എസ്.ആർ.ടി.സി സൂപ്പർ ഡീലക്‌സ് (മിന്നൽ) ബസ് ഇടിച്ചു കയറി കാറിൽ സഞ്ചരിച്ചിരുന്ന നാലംഗ കുടുംബത്തിലെ യുവതി തൽക്ഷണം മരിച്ചു. നാട്ടുകാരും ഹൈവേ പോലീസും ഹെർട്ട് പ്രവർത്തകരും ചേർന്ന് കാർ വെട്ടിപ്പൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്. കരുനാഗപ്പള്ളി ഇടക്കുളങ്ങര നജീബ് മണ്ണേലിന്റെ മകൾ ഫാത്തിമ (20) ആണ് മരിച്ചത്. തിങ്കൾ രാത്രി 11.30 ഓടെയായിരുന്നു അപകടം. തിരുവനന്തപുരത്ത് നിന്നും എറണാകുളത്തേക്ക് പോയ ബസ് മുന്നിൽ പോയ ലോറിയെ മറി കടന്ന് എതിരേ വന്ന കാറിന്റെ വലതുഭാഗത്ത് ഇടിക്കുകയായിരുന്നു. അമിത വേഗത്തിലായിരുന്ന ബസ് തിരുവനന്തപുരം മുതൽ പ്രശ്‌നത്തിലായിരുന്നെന്നും ഡ്രൈവർക്ക് പരിചയക്കുറവ് തോന്നിച്ചുവെന്നും, വരുന്ന വഴി കായംകുളത്ത് വെച്ച് ഒരു ബൈക്കുകാരനെ തട്ടിയിട്ടെന്നും യാത്രക്കാരിലൊരാൾ പറഞ്ഞു. മുൻ ഓച്ചിറ ബ്ലോക്ക് പഞ്ചായത്തംഗവും ഡി.സി.സി അംഗവും റയിൽവേ കോൺട്രാക്ടറുമായ നജീബ് മണ്ണേൽ (52), ഭാര്യ സുജ (45), മകൻ മുഹമ്മദ് അലി (24), മകൾ ഫാത്തിമ (20) എന്നിവരാണ് കാറിലുണ്ടായിരുന്നത്. കാറിന്റെ മുൻഭാഗം നിശ്ശേഷം തകർന്നു. മുഹമ്മദ് അലിയാണ് കാർ ഓടിച്ചിരുന്നത്. ബസ് എതിരെ പാഞ്ഞു വരുന്നത് കണ്ട് കാർ പരമാവധി ഒതുക്കിയെങ്കിലും അപകടത്തിൽപ്പെടുകയായിരുന്നു. ടാർ ഭാഗത്തുനിന്ന് ഇറങ്ങിയാണ് കാർ കിടക്കുന്നത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ മുഹമ്മദ് അലിയും മാതാപിതാക്കളും എറണാകുളം ആസ്റ്റർ മെഡിസിറ്റി ഹോസ്പിറ്റലിൽ ചികിത്സയിലാണ്. കളമശ്ശേരി സ്‌കൂൾ ഓഫ് കമ്യൂണിക്കേഷൻ ആന്റ് മാനേജ്‌മെന്റ് സ്റ്റഡീസിലെ (എസ്.സി.എം.എസ്) ഫൈനൽ ഇയർ ബി.കോം വിദ്യാർഥിനിയായിരുന്നു മരിച്ച ഫാത്തിമ. ഏതാനും മാസങ്ങൾക്കു മുമ്പ് എറണാകുളം ലിസി ഹോസ്പിറ്റലിൽ ബൈപ്പാസ് സർജറിക്ക് വിധേയനായ നജീബ് ചെക്കപ്പിന് പോയി വരികയായിരുന്നു. വരുന്ന വഴി ഹോസ്റ്റലിൽ കയറി മകളേയും കൂട്ടി കരുനാഗപ്പള്ളിയിലെ വീട്ടിലേക്ക് വരുമ്പോഴാണ് അപകടം.