കോട്ടയം- നഗരമധ്യത്തിൽ നാഗമ്പടം സീസർ പാലസ് ഹോട്ടലിലെ ബാറിനുള്ളിൽ വെച്ച് യുവാവിന് നേരെ കുരുമുളക് സ്‌പ്രേ പ്രയോഗിക്കുകയും ഹെൽമറ്റിന് തലയ്ക്കടിച്ച് വീഴ്ത്തുകയും ചെയ്ത കേസിൽ ഗുണ്ടാ സംഘത്തിലെ വിനീത് സഞ്ജയന്റെ കൂട്ടാളി പിടിയിൽ. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ വടവാതൂർ ശാന്തിഗ്രാം കോളനി പുത്തൻപറമ്പിൽ വീട്ടിൽ റഹിലാലിനെയാണ് (24) വെസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫീസർ എം.ജെ അരുണിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ആക്രമണത്തിൽ കലക്ടറേറ്റ് പുളിമൂട്ടിൽ ഹൗസിൽ പ്രവീൺ ജോസഫ് ചാക്കോക്കാണ് (29) പരിക്കേറ്റത്. ഇയാളുടെ രണ്ടേമുക്കാൽ പവൻ സ്വർണ മാലയും പ്രതി കവർന്നിട്ടുണ്ട്. നവംബർ ഒൻപതിനായിരുന്നു കേസിനാസ്പദമായ സംഭവം. റഹിലാലിന്റെ നേതൃത്വത്തിലുള്ള പത്തംഗ ഗുണ്ടാ സംഘമാണ്് ബാറിൽ എത്തിയത്. തുടർന്ന് മോഷണം നടത്തുന്നതിനായി ബാറിന് പുറത്ത് നിന്നിരുന്ന യുവാവിനെ ആക്രമിക്കുകയായിരുന്നു. ഇയാളുടെ മുഖത്തിന് നേരെ കുരുമുളക് സ്‌പ്രേ പ്രയോഗിക്കുകയും, ഹെൽമറ്റിന് തലയ്ക്കടിക്കുകയും ചെയ്തു. തലയ്ക്ക് അടിയേറ്റ് സാരമായി പരിക്കേറ്റ യുവാവിനെ ബാർ ജീവനക്കാരാണ് ആശുപത്രിയിൽ എത്തിച്ചത്.
സംഭവത്തിന് ശേഷം ഒളശ പരിപ്പ് ഭാഗത്ത് പടശേഖരങ്ങളിലാണ് പ്രതി ഒളിവിൽ കഴിഞ്ഞിരുന്നത്. ഗുണ്ടാ സംഘങ്ങളുടെ സഹായത്തോടെ, ഇവരുടെ സംരക്ഷണയിൽ പ്രതി ഒളിവിൽ കഴിയുന്നതായി ജില്ലാ പോലീസ് മേധാവിക്ക്്് രഹസ്യ വിവരം ലഭിച്ചു. തുടർന്ന് പ്രതിയെ പിടികൂടുന്നതിനായി ഡിവൈ.എസ്.പി ആർ.ശ്രീകുമാറിന്റെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെ നിയോഗിക്കുകയായിരുന്നു.
സ്ഥലത്ത് എത്തിയ പോലീസ് സംഘം അർധരാത്രി പുഴ നീന്തിക്കടന്ന് അക്കരെ എത്തുകയായിരുന്നു. പോലീസ് സംഘത്തെ കണ്ട് ഹിലാലിനൊപ്പമുണ്ടായിരുന്ന ഗുണ്ടകൾ ആറ്റിൽ ചാടി രക്ഷപ്പെട്ടു. ഡി.വൈ.എഫ്.ഐ മേഖലാ പ്രസിഡന്റ് അഖിൽ പ്രസാദിന്റെ അയ്മനത്തെ വീട് കയറി ആക്രമിച്ച കേസിൽ വിനീത് സഞ്ജയനൊപ്പം പ്രതിയാണ് റഹിലാൽ. പതിനാറാം വയസ്സ് മുതൽ വിവിധ കേസുകളിൽ റഹിലാൽ പ്രതിയായിട്ടുണ്ട്. ഈസ്റ്റ് , വെസ്റ്റ് മണർകാട് പൊലീസ് സ്‌റേഷനിൽ ഇയാൾക്കെതിരെ നിരവധി കേസുകൾ നിലവിലുണ്ട്. മൂന്ന് വധശ്രമം, മുന്ന് കവർച്ച കേസുകളും പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയതിന് പോക്‌സോ കേസും നാഗമ്പടം റെയിൽവേ, മാങ്ങാനം എന്നിവിടങ്ങളിലായി നാലോളം പെപ്പർ സ്‌പ്രേ ആക്രമണ കേസും ഹൈവേ കവർച്ചയും ഡ്യൂട്ടിയിലുള്ള പോലീസിനെ ആക്രമിച്ച കേസിലും ഇയാൾ പ്രതിയാണ്. ഇന്നു കോടതിയിൽ ഹാജരാക്കും.