ജിദ്ദ-എയര്‍ ഇന്ത്യയുടെ ജിദ്ദ-കൊച്ചി വിമാനം മുടങ്ങിയതിനെ തുടര്‍ന്ന് യാത്രക്കാര്‍ പെരുവഴിയിലായി. ഞായറാഴ്ച ജിദ്ദയില്‍ നിന്ന് കൊച്ചിയിലേക്ക് പോകേണ്ട വിമാനത്തിന്റെ യാത്രയാണ് അവസാന നിമിഷം റദ്ദാക്കിയത്. അത്യാവശ്യ കാര്യത്തിന് നാട്ടില്‍ പോകുന്നവരും ഉംറ തീര്‍ഥാടകരുമാണ് ഗതികേടിലായത്. ഈ വിമാനം ബുധനാഴ്ച ഉച്ചയ്ക്ക് ജിദ്ദയില്‍ നിന്ന് കൊച്ചിയിലേക്ക് പുറപ്പെടുമെന്ന് വിമാന കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. സാങ്കേതിക തകരാര്‍ നിമിത്തമാണ് വിമാനം മൂന്ന് ദിവസമായി മുടങ്ങിയതെന്നാണ് പറയുന്നത്. നൂറ്റിയമ്പതിലേറെ യാത്രക്കാരാണ് നവംബര്‍ 10ന് രാത്രി കൊച്ചിയിലേക്ക് പറക്കാന്‍ പാകത്തില്‍ വിമാനത്താവളത്തിലെത്തിയത്. അവസാന നിമിഷം വിമാനം റദ്ദാക്കിയപ്പോള്‍ അത്യാവശ്യക്കാര്‍ മറ്റു വിമാനങ്ങളില്‍ നാട് പിടിച്ചു. 95 ഉംറ തീര്‍ഥാടകരും 25 യാത്രക്കാരും എയര്‍ ഇന്ത്യ ഏര്‍പ്പാടാക്കിയ രണ്ട് ബസുകളില്‍ സിത്തീന്‍ റോഡിലെ ഹോട്ടലിലേക്ക് തിരിച്ചു. ഇവരോട് ഇന്നലെ കാലത്ത് ബദല്‍ വിമാനത്തില്‍ നാട്ടിലേക്ക് തിരിക്കാമെന്നാണ് ആദ്യം വാക്ക് നല്‍കിയിരുന്നത്. ചൊവ്വാഴ്ച കാലത്ത് എയര്‍ ഇന്ത്യ ഓഫീസുമായി ബന്ധപ്പെട്ടപ്പോഴാണ് കൊച്ചിയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനം ബുധനാഴ്ച ഉച്ചയ്ക്കാണ് പുറപ്പെടുകയെന്ന അറിയിപ്പ് ലഭിച്ചത്. തൃശൂര്‍, തിരൂര്‍ ഭാഗങ്ങളില്‍ നിന്നുള്ളവരാണ് ഉംറ തീര്‍ഥാടകര്‍. രണ്ട് ഗ്രൂപ്പുകളിലുമായി 95 പേര്‍. വിദൂര ദിക്കുകളില്‍ നിന്ന് കൊച്ചി വിമാനത്താവളത്തിലെത്തി ബന്ധുക്കളെ സ്വീകരിക്കാനെത്തുന്നവര്‍ക്ക് വിമാനം റദ്ദാവുന്നതും എത്തുന്ന തീയതി മാറുന്നതും ഏറെ പ്രയാസം സൃഷ്ടിക്കുന്നുണ്ടെന്ന് മഹ്ദൂമിയ ഉംറ ഗ്രൂപ്പിന്റെ ലീഡര്‍ അമീര്‍ ഉസ്താദ് മലയാളം ന്യൂസിനോട് പറഞ്ഞു.