മദീന- സഹപാഠികളെ ഭയപ്പെടുത്തുന്നതിന് പാമ്പുമായി ക്ലാസിലെത്തിയ വിദ്യാർഥിനിക്കെതിരെ നടപടികൾ സ്വീകരിച്ചതായി തൈബ യൂനിവേഴ്‌സിറ്റി അറിയിച്ചു. വിഷരഹിത പാമ്പിനെയാണ് വിദ്യാർഥിനി ക്ലാസിൽ കൊണ്ടുവന്നത്. വിദ്യാർഥിനിയുടെ ബാഗിൽനിന്ന് പാമ്പ് പുറത്തിറങ്ങിയത് മറ്റു വിദ്യാർഥിനികളെ ഭയചകിതരാക്കിയിരുന്നു. പാമ്പ് കടിയേറ്റോ പാമ്പിനെ കണ്ട് പേടിച്ചരണ്ട വിദ്യാർഥിനകൾ വെപ്രാളപ്പെട്ട് പുറത്തിറങ്ങി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിലോ ആർക്കും പരിക്കേറ്റിട്ടില്ല.
കഴിഞ്ഞ ഞായറാഴ്ച ഉച്ചക്ക് 1.50 ന് ആണ് യൂനിവേഴ്‌സിറ്റിയിൽ വിദ്യാർഥിനികളുടെ വിഭാഗത്തിലെ കംപ്യൂട്ടർ ലാബിൽ പാമ്പിനെ കണ്ടതായി അധ്യാപിക യൂനിവേഴ്‌സിറ്റി സുരക്ഷാ വിഭാഗത്തെ അറിയിച്ചത്. പാമ്പിനെ കണ്ടയുടൻ ലാബിൽനിന്ന് വിദ്യാർഥിനികളെ ഒഴിപ്പിച്ചിരുന്നു.
വിദേശത്തുനിന്ന് ഇറക്കുമതി ചെയ്ത പാമ്പിനെ മദീനയിലെ സ്ഥാപനത്തിൽ നിന്നാണ് വിദ്യാർഥിനി വാങ്ങിയതെന്നും വിഷരഹിത പാമ്പാണെന്നും അന്വേഷണത്തിൽ വ്യക്തമായി. സംഭവത്തിൽ കുറ്റക്കാരിയായ വിദ്യാർഥിനിക്കെതിരെ മുഴുവൻ നിയമാനുസൃത നടപടികളും സ്വീകരിച്ചതായും തൈബ യൂനിവേഴ്‌സിറ്റി പ്രസ്താവനയിൽ പറഞ്ഞു.