ജിദ്ദ- വളർത്തു മൃഗങ്ങൾക്ക് പരിചരണങ്ങൾ നൽകുന്ന മേഖലയിൽ പ്രവർത്തിക്കുന്ന മൊബൈൽ യൂനിറ്റിന് ജിദ്ദ പരിസ്ഥിതി, ജല, കൃഷി മന്ത്രാലയ ഓഫീസ് ലൈസൻസ് നൽകി. വളർത്തുമൃഗങ്ങളുടെ ഉടമകളുടെ എണ്ണം വർധിച്ചുവരുന്നതും ഇത്തരം ജീവികൾക്ക് പരിചരണങ്ങൾ ലഭ്യമാക്കുന്നതിനുള്ള വലിയ ആവശ്യവും കണക്കിലെടുത്താണ് മൊബൈൽ യൂനിറ്റിന് ലൈസൻസ് നൽകിയത്. മക്ക പ്രവിശ്യയിൽ ഇത്തരത്തിൽ പെട്ട ആദ്യത്തെ മൊബൈൽ യൂനിറ്റ് ആണിത്.
വളർത്തു മൃഗങ്ങളെ വൃത്തിയാക്കൽ, കുളിപ്പിക്കൽ, രോമം വെട്ടൽ, നഖം വെട്ടൽ പോലുള്ള സേവനങ്ങളും പരിചരണങ്ങളും നൽകുന്ന മൊബൈൽ യൂനിറ്റുകൾ പുറത്തിറക്കാൻ ആഗ്രഹിക്കുന്നവർക്ക് ലൈസൻസ് അനുവദിക്കുന്ന നിയമം പരിസ്ഥിതി, ജല, കൃഷി മന്ത്രാലയം അംഗീകരിച്ചിട്ടുണ്ട്. ഉടമകളുടെ വീടുകളിലും വളർത്തു മൃഗങ്ങളെ സൂക്ഷിക്കുന്ന കേന്ദ്രങ്ങളിലും എത്തിയാണ് മൊബൈൽ യൂനിറ്റ് സേവനങ്ങളും പരിചരണങ്ങളും നൽകുക. ആവശ്യമായ പരിചരണങ്ങൾ ലഭിക്കുന്ന കേന്ദ്രങ്ങൾ അന്വേഷിച്ച് കണ്ടെത്തുന്നതിനും മൃഗങ്ങളുമായി വീടുകളിൽനിന്ന് പുറത്തുപോകുന്നതിനും ഉടമകൾ നേരിടുന്ന പ്രയാസങ്ങൾക്ക് മൊബൈൽ യൂനിറ്റുകൾ അറുതിയുണ്ടാക്കും. മറ്റു മൃഗങ്ങളുമായി കൂടിക്കലരാതെ നോക്കുന്നതിനാൽ മൃഗങ്ങളുടെ ആരോഗ്യ സുരക്ഷയും ഉടമകളുടെ ആരോഗ്യ സുരക്ഷയും സംരക്ഷിക്കുന്നതിനും ഇതിലൂടെ സാധിക്കും.
മൃഗങ്ങളുമായി നേരിട്ട് ഇടപഴകുന്ന മേഖലയിൽ പ്രവർത്തിക്കുന്നവർ മുൻകൂട്ടി ലൈസൻസ് നേടിയിരിക്കണമെന്ന് ജിദ്ദ പരിസ്ഥിതി, ജല, കൃഷി മന്ത്രാലയ ഓഫീസ് മേധാവി ആദിൽ ബിൻ മുത്‌ലഖ് അൽശൈഖ് പറഞ്ഞു. പ്രത്യേക പരീക്ഷ പാസാകുന്നവർക്കാണ് ലൈസൻസ് അനുവദിക്കുകയെന്നും അദ്ദേഹം പറഞ്ഞു.