- സി.പി.എം നിലപാട് നിർണ്ണായകമാകും
ഈരാറ്റുപേട്ട - നഗരസഭാ ചെയർമാൻ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് നാളെ രാവിലെ 11 ന് നടക്കാനിരിക്കെ രാഷ്ട്രീയ നീക്കങ്ങൾ സജീവമായി. സി.പി.എം നിലപാട് തെരഞ്ഞെടുപ്പിൽ നിർണായകമാവും. പലവിധ രാഷ്ട്രീയ കൂട്ടുകെട്ടുകൾക്ക് നീക്കം നടക്കുമ്പോൾ സംഭവ ബഹുലമാകും നാളെത്തെ തെരഞ്ഞെടുപ്പ്. സി.പി.എം വിമതനു വേണ്ടി എൻ.ഡി.എയോടൊപ്പം നിൽക്കുന്ന പി.സി. ജോർജിന്റെ ജനപക്ഷവും എസ്.ഡി.പി.ഐയും ഒന്നിക്കുന്നു എന്നതും ശ്രദ്ധയമാണ്.
യു.ഡി.എഫ് സ്ഥാനാർഥിയായി മുസ്‌ലിം ലീഗിലെ വി.എം. സിറാജും എൽ.ഡി.എഫ് വിമതനായി മൽസരിച്ച ടി.എം. റഷീദുമാണ് മൽസരരംഗത്തുണ്ടാവുക.
കഴിഞ്ഞ മാസം 16ന് നടന്ന തെരഞ്ഞെടുപ്പിന്റെ തുടർനടപടികളാണ് ഉണ്ടാവേണ്ടതെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പങ്കെടുത്ത കൗൺസിൽ അംഗങ്ങൾക്ക് മാത്രമാവും ഇതുപ്രകാരം നാളെ വോട്ടവകാശം ഉണ്ടാവുക.
സി.പി.എം സ്ഥാനാർഥി ലൈലാ പരീത് പരാജയപ്പെട്ടതോടെ തെരഞ്ഞെടുപ്പിൽ സി.പി.എം നിലപാട് നിർണായകമാണ്. ഇടത് വിമതനായി മൽസരിച്ച ടി.എം. റഷീദ് എസ്.ഡി.പി.ഐയുമായി അടുത്ത ബന്ധം പുലർത്തുന്ന വ്യക്തിയാണ്. അതുകൊണ്ട് തന്നെ ടി.എം. റഷീദിനെ പരാജയപ്പെടുത്തണമെന്ന നിലപാടിലാണ് സി.പി.എം. തെരഞ്ഞെടുപ്പിൽ നിന്നും വിട്ടുനിൽക്കുമെന്നാണ് ഇടതുപക്ഷം വ്യക്തമാക്കുന്നതെങ്കിലും ടി.എം. റഷീദിനെ പരാജയപ്പെടുത്താൻ വി.എം. സിറാജിന് വോട്ട് ചെയ്‌തേക്കുമെന്നും സൂചനകളുണ്ട്.
അതേ സമയം നഗരസഭയിലെ ഏക സി.പി.ഐ അംഗത്തിന് സി.പി.ഐ ജില്ലാ സെക്രട്ടറി, ടി.എം. റഷീദിന് വോട്ട് നൽകണമെന്ന് വിപ്പ് നൽകിയിട്ടുണ്ട്. അതു കൂടാതെ നഗരസഭാ ചെയർമാൻ തിരഞ്ഞടുപ്പുമായി ബന്ധപ്പെട്ട് സി.പി.എമ്മിൽ നിന്ന് പുറത്താക്കിയവർക്ക് കഴിഞ്ഞ ദിവസം സി.പി.ഐ.യിൽ അംഗത്വം നൽകുകയും ചെയ്തിരുന്നു. ഈ രണ്ടു സംഭവങ്ങളും സി.പി.എം-സി.പി.ഐ ബന്ധം വഷളാക്കിയിട്ടുണ്ട്.
ടി.എം. റഷീദിനെ കഴിഞ്ഞ തവണ പിന്തുണച്ച എസ്.ഡി.പി.ഐയ്‌ക്കൊപ്പം ജനപക്ഷവും അണിചേരുമെന്നും സൂചനകളുണ്ട്. ജനപക്ഷത്തിനൊപ്പം ടി.എം. റഷീദിനെ പിന്തുണയ്ക്കാനുള്ള എസ്.ഡി.പി.ഐ നീക്കം രാഷ്ട്രീയകാപട്യമാണെന്ന് യു.ഡി.എഫ് ആരോപിച്ചു. പകൽ ജനപക്ഷ വിരോധം പുലർത്തുന്നവർ തേക്ക് മോഷണക്കേസിലെ ആരോപിതർക്കൊപ്പമാണ് അധികാരം പങ്കിടാനൊരുങ്ങുന്നതെന്നും യു.ഡി.എഫ് ആരോപിച്ചു.