തിരുവനന്തപുരം- സോഷ്യല്‍ മീഡിയയില്‍ നേരിടുന്ന ആക്രമണങ്ങള്‍ക്കെതിരെ ഡി.ജി.പിക്കു പരാതി നല്‍കി നടി സജിതാ മഠത്തില്‍. തന്നെ ശാരീരികമായും ലൈംഗികമായും ആക്രമിക്കാന്‍ ആഹ്വാനം ചെയ്യുന്ന പോസ്റ്റുകളും പ്രചരിപ്പിക്കപ്പെടുന്നുണ്ടന്നും തന്നെ വ്യക്തിപരമായി അപമാനിക്കുകയും അധിക്ഷേപിക്കുകയും ചെയ്യുന്ന തരത്തില്‍ ലൈംഗിക ചുവയുള്ളതും ജീവന് ഭീഷണി ഉയര്‍ത്തുന്നതുമായ പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ മനപ്പൂര്‍വം പ്രചരിപ്പിക്കുന്നുണ്ടെന്നും അതില്‍ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടാണ് പരാതി.
തന്നെ ശാരീരികമായി ആക്രമിക്കാന്‍ ആഹ്വാനം ചെയ്യുന്ന പോസ്റ്റുകളും പ്രചരിപ്പിക്കപ്പെടുന്നുണ്ടന്നും പൊതുസ്ഥലത്ത് വെച്ച് ആക്രമിക്കപ്പെടുമോ എന്ന ഭയമുണ്ടെന്നും പരാതിയില്‍ പറയുന്നു.
സ്ത്രീ പ്രവര്‍ത്തക എന്ന നിലയില്‍ സാമൂഹ്യ വിഷയങ്ങളില്‍ ഇടപെടാറുണ്ടെന്നും ഇതിന്റെ പശ്ചാത്തലത്തില്‍ തന്നെ അപമാനിക്കാനും അധിക്ഷേപിക്കാനും ഇല്ലാതാക്കാനും നടത്തുന്ന ശ്രമം രാജ്യത്തെ സ്ത്രീ സംരക്ഷണ നിയമങ്ങള്‍ക്ക് നേരെയുള്ള വെല്ലുവിളിയായി കണ്ട് നടപടി സ്വീകരിക്കണമെന്നും പരാതിയിലുണ്ട്. മാവോയിസ്റ്റ് ബന്ധമാരോപിച്ച് യു.എ.പിഎ ചുമത്തി അറസ്റ്റിലായ അലന്‍ ഷുഹൈബിനെക്കുറിച്ച് സജിത മഠത്തില്‍ ഫേസ്ബുക്കില്‍ ഒരു കുറിപ്പ് പോസ്റ്റ് ചെയ്തിരുന്നു. അതിനു ശേഷം രൂക്ഷമായ ആക്രമണമാണ് സോഷ്യല്‍ മീഡിയയില്‍ നിന്നും സജിത നേരിട്ടത്. അലന്റെ അമ്മയുടെ സഹോദരിയാണ് സജിത.