ദുബായ്- യു.എ.ഇയുടെ വിവിധ ഭാഗങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത ശക്തമായ മഴയുടെ കാരണം ക്ലൗഡ് സീഡിംഗ് ആണെന്ന് യു.എ.ഇ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ക്ലൗഡ് സീഡിംഗ് ഓപ്പറേഷന്‍സ് വിഭാഗം തലവന്‍ ഖാലിദ് അല്‍ ഉബൈദി പറഞ്ഞു. കൂടുതല്‍ ക്ലൗഡ് സീഡിംഗ് പ്രവര്‍ത്തനം നടത്തിയതിനാല്‍ വരും ദിവസങ്ങളിലും മഴ പ്രതീക്ഷിക്കുന്നുവെന്ന് അദ്ദേഹം വെളിപ്പെടുത്തി. അറേബ്യന്‍ ഗള്‍ഫിലും അല്‍ ഐനിലും കൂടുതല്‍ മഴമേഘങ്ങള്‍ ദൃശ്യമായതിനെ തുടര്‍ന്ന് നിരവധി തവണ ക്ലൗഡ് സീഡിംഗ് നടത്തിയെന്നാണ് യു.എ.ഇ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചത്.
തണുപ്പുകാലത്തിന്റെ വരവറിയിച്ച് പെയ്ത മഴയില്‍ ലുവ്‌റ് അബുദാബി, ദുബായ് മാള്‍ എന്നിവിടങ്ങളിലടക്കം വെള്ളം കയറി. ശക്തമായ കാറ്റ് ചിലയിടങ്ങളില്‍ വന്‍ നാശം വിതച്ചു. കോര്‍ണിഷില്‍ ബ്രിട്ടിഷ് എംബസിക്കു സമീപം നിര്‍മാണ സ്ഥലത്തെ ക്രെയിന്‍ പൊട്ടിവീണ് ബഹുനില കെട്ടിടത്തിന്റെ ഗ്ലാസുകള്‍ തകര്‍ന്നു. നിര്‍ത്തിയിട്ട കാറുകള്‍ക്കുമുകളില്‍ കെട്ടിട നിര്‍മാണ സാമഗ്രികളും മരങ്ങളും വീണ് നിരവധി വാഹനങ്ങള്‍ കേടായി.
കൃത്രിമമഴ പെയ്യിക്കുന്നതില്‍ വന്‍മുന്നേറ്റം നടത്തിയ യു.എ.ഇ പുതിയ സാങ്കേതിക വിദ്യകളുമായി മുന്നേറുകയാണ്. കുറേ വര്‍ഷങ്ങളായി മഴക്ക് വേണ്ടി വ്യാപകമായി ക്ലൗഡ് സീഡിംഗ് നടത്തിവരുന്ന രാജ്യമാണ് യു.എ.ഇ.
എന്താണ് ക്ലൗഡ് സീഡിംഗ്?
കാലാവസ്ഥയില്‍ മാറ്റം വരുത്തുന്നതിനുപയോഗിക്കുന്ന സാങ്കേതിക വിദ്യയാണ് ക്ലൗഡ് സീഡിംഗ്. കൃത്രിമമായി മഴ പെയ്യിക്കുക, മഞ്ഞുണ്ടാക്കുക, മൂടല്‍ മഞ്ഞ് കുറയ്ക്കുക തുടങ്ങിയവയാണ് ക്ലൗഡ് സീഡിംഗ് ഉപയോഗിച്ച് ചെയ്യാവുന്ന കാര്യങ്ങള്‍. 1946 ല്‍ അമേരിക്കല്‍ ശാസ്ത്രജ്ഞനായ വിന്‍സെന്റ് ഷെയ്ഫറാണ് ആദ്യമായി ക്ലൗഡ് സീഡിംഗ് അവതരിപ്പിക്കുന്നത്. മഴമേഘങ്ങളില്‍ സ്വാഭാവികമായി നടക്കേണ്ട ഭൗതിക പ്രവര്‍ത്തനങ്ങള്‍ രാസവസ്തുക്കളുടെ സഹായത്തോടെ കൃത്രിമമായി സൃഷ്ടിക്കുകയാണ് ക്ലൗഡ് സീഡിംഗില്‍ ചെയ്യുന്നത്.
സില്‍വര്‍ അയഡൈഡ്, പൊട്ടാസ്യം അയഡൈഡ്, െ്രെഡ ഐസ് (ഖരാവസ്ഥയിലുളള കാര്‍ബണ്‍ ഡയോക്‌സൈഡ്), ലിക്വിഡ് പ്രൊപെയ്ന്‍ എന്നീ രാസവസ്തുക്കളാണ് ക്ലൗഡ് സീഡിംഗിന് ഉപയോഗിക്കുന്നത്.
എങ്ങനെയാണ് മഴ പെയ്യിക്കുന്നത്?
ചിതറിക്കിടക്കുന്ന മേഘങ്ങളെ ഒരുമിച്ച് കൂട്ടുകയാണ് ആദ്യം ചെയ്യുന്നത്. രാസവസ്തുക്കള്‍ ഉപയോഗിച്ചാണ് ഇത് ചെയ്യുന്നത്. മഴ പെയ്യിക്കേണ്ട പ്രദേശത്തിന് മുകളിലായി മേഘങ്ങളെ എത്തിക്കും. തുടര്‍ന്ന് സില്‍വര്‍ അയഡൈഡ്, െ്രെഡ ഐസ് എന്നിവ മേഘങ്ങളില്‍ വിതറും. വിമാനങ്ങള്‍ ഉപയോഗിച്ചാണ് മേഘങ്ങളില്‍ രാസവസ്തുക്കള്‍ വിതറുന്നത്. ഭൂമിയില്‍നിന്ന് ജനറേറ്ററുകള്‍ ഉപയോഗിച്ചും റോക്കറ്റുകള്‍ ഉപയോഗിച്ചും സീഡിംഗ് നടത്താറുണ്ട്.
മേഘങ്ങളില്‍ എത്തുന്ന രാസവസ്തുക്കള്‍ അവിടയെുളള നീരാവിയെ ഖനീഭവിപ്പിച്ച് വെളളത്തുളളികളാക്കി മാറ്റുകയാണ് ചെയ്യുന്നത്. ഭൂമിയില്‍നിന്ന് ഏകദേശം 12,000 അടി ഉയരത്തിലുളള മേഘങ്ങളാണ് ക്ലൗഡ് സീഡിംഗിന് കൂടുതല്‍ യോജ്യമായുളളത്. റഡാറുകള്‍ ഉപയോഗിച്ചാണ് യോജ്യമായ മേഘങ്ങളെ കണ്ടെത്തുന്നത്.
ദ്രവീക്യത പ്രൊപേയ്ന്‍ ആണ് മേഘങ്ങളില്‍ ഐസ് പാരലുകള്‍ സൃഷ്ടിക്കാന്‍ കൂടുതല്‍ ഫലപ്രദം. കറിയുപ്പ് ഉപയോഗിച്ചും ക്ലൗഡ് സീഡിംഗ് നടത്താറുണ്ട്. 2010 ല്‍ ജനീവ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകര്‍ സള്‍ഫര്‍ ഡയോക്‌സൈഡും നൈട്രജന്‍ ഡയോക്‌സൈഡും ഉപയോഗിച്ചുള്ള ക്ലൗഡ് സീഡിംഗ് പരീക്ഷണം നടത്തിയിരുന്നു.
അപകടമുണ്ടോ?
കാലാവസ്ഥയെ നിയന്ത്രിക്കുന്ന തരത്തിലുളള മനുഷ്യന്റെ ഇടപെടലുകള്‍ ആഗോളതാപത്തിനും പൊതുജനാരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നതിനും കാരണമാകുമെന്ന ആരോപണം നിലവിലുണ്ട്. എങ്കിലും കടുത്ത വരള്‍ച്ചയെ പ്രതിരോധിക്കാന്‍ ഇന്ന് ലോക രാഷ്ട്രങ്ങള്‍ ആശ്രയിക്കുന്നത് ക്ലൗഡ് സീഡിംഗിലൂടെയുളള കൃത്രിമ മഴയെ തന്നെയാണ്. അതിന് സാങ്കേതിക വിദ്യയുയെ ഫലപ്രദമായ ഉപയോഗം ആവശ്യമാണ്. കൂടാതെ അന്തരീക്ഷത്തില്‍ കുമുലോനിംബസ് മേഘങ്ങളുടെ സാന്നിധ്യവും അനിവാര്യമാണ്. ഇപ്പോഴത്തെ അവസ്ഥയില്‍ നല്ല പണച്ചെലവുളള പദ്ധതിയാണ് ക്ലൗഡ് സീഡിംഗ്.