കോഴിക്കോട്- ബാബരി മസ്ജിദ് കേസിൽ സുപ്രീം കോടതി വിധിയിൽ മുസ്്‌ലിം ലീഗ് നിലപാട് ചോദ്യം ചെയ്യുന്നവർക്ക് മറുപടിയുമായി യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ്. നിലവിലുള്ള സഹചര്യത്തിൽ രാജ്യത്ത് സമാധാനം നിലനിർത്തുന്നതിന് ആവശ്യമായ തീരുമാനമാണ് ലീഗ് സ്വീകരിച്ചതെന്ന് ഫിറോസ് വ്യക്തമാക്കി.
ഫിറോസിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്:
നവംബർ 9 വിധി വന്ന ദിവസം: കോടതി വിധി മാനിക്കുന്നു. സമാധാനം തകർക്കുന്ന പ്രവർത്തിയിൽ ആരും ഏർപ്പെടരുത്. വിധിയെ സംബന്ധിച്ച് കൂടുതൽ പഠിച്ചതിന് ശേഷം പ്രതികരിക്കാം
നവംബർ 11 ദേശീയ കമ്മിറ്റി യോഗം ചേർന്നതിന് ശേഷം: കോടതി വിധി മാനിക്കുന്നുവെങ്കിലും നിരാശാജനകമാണ് വിധി. ഒട്ടേറെ വൈരുധ്യങ്ങൾ കോടതി വിധിയിലുണ്ട്. തുടർ നടപടികൾക്കായി ഏഴംഗ സമിതിയെ ചുമതലപ്പെടുത്തി. മറ്റു സംഘടനകളുമായും ഈ സമിതി കൂടിയാലോചന നടത്തും.
ബാബരി മസ്ജിദ് വിധി വന്ന ശേഷം മുസ്‌ലിം ലീഗ് എടുത്ത നിലപാടാണ് മുകളിൽ കൊടുത്തത്. ഇതൊന്നുമായിരുന്നില്ല ലീഗ് സ്വീകരിക്കേണ്ടിയിരുന്നതെന്നും ഇനിയും സമാധാനത്തിനാഹ്വാനം ചെയ്ത് പരിഹാസ്യരാവരുതെന്നുമൊക്കെ ആക്ഷേപവുമായി ചിലർ രംഗത്തിറങ്ങിയിട്ടുണ്ട്. ശിഹാബ് തങ്ങൾ ആഹ്വാനം ചെയ്തില്ലായിരുന്നെങ്കിലും ഇവിടെ സമാധാനമുണ്ടാകുമായിരുന്നെന്ന് തട്ടി വിടുന്നവരുടെ കൂട്ടത്തിൽ വാട്സ് അപ്പ് ഹർത്താലിന്റെ പേരിൽ ജയിലിൽ കിടന്നവരുമുണ്ട് എന്നതാണ് രസകരമായ കാര്യം.
അതവിടെ നിൽക്കട്ടെ നമുക്ക് കാര്യത്തിലേക്ക് വരാം. വിധിയുമായി ബന്ധപ്പെട്ട് അറിഞ്ഞോ അറിയാതെയോ വസ്തുതാ വിരുദ്ധമായ കാര്യങ്ങളാണ് ചിലർ പ്രചരിപ്പിക്കുന്നത്.
1) ബാബരി മസ്ജിദ് പൊളിച്ചത് തെറ്റാണെന്ന് പറയുന്ന കോടതി കുറ്റക്കാർക്കെതിരെയുള്ള ശിക്ഷയുടെ കാര്യത്തിൽ മൗനം പാലിച്ചു.
ഉ: സുപ്രീം കോടതി പരിഗണിച്ചത് ബാബരി മസ്ജിദ് നിൽക്കുന്ന സ്ഥലത്തിന്റെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ടപ്പെട്ട വിവിധ കേസുകളാണ്. അത് പൂർണ്ണമായും സിവിൽ കേസ് ആണ്. പള്ളി തകർത്ത കേസ് ലഖ്നൗ സി.ബി.ഐ സ്പെഷൽ കോടതിയിൽ വിചാരണ നടന്നു കൊണ്ടിരിക്കുകയാണ്. ആ കോടതിക്ക് മാത്രമേ പ്രസ്തുത കേസിൽ വിധി പറയാൻ സാധിക്കുകയുള്ളൂ. വിധി ഉടനെ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
2) ഈ വിധി ഒരു കീഴ് വഴക്കമായി(Precedent) കണക്കാക്കുമെന്നും അങ്ങിനെ വന്നാൽ സംഘ് പരിവാർ അവകാശവാദമുന്നയിക്കുന്ന മറ്റനേകം പള്ളികളും മുസ്‌ലിംകൾക്ക് നഷ്ടപ്പെടുമെന്നും
ഉ: ഒരിക്കലുമില്ല. 1991ലെ Places of Worship Act പ്രകാരം 1947 ആഗസ്റ്റ് 15 നോ അതിനു ശേഷമോ ആരുടെ കൈവശമാണോ ആരാധനാലയങ്ങളുള്ളത് അത് ഒരു കാരണവശാലും മാറ്റാൻ പാടുള്ളതല്ല(Sec 3). ഇങ്ങിനെ ഒരു കട്ട് ഓഫ് ഡേറ്റ് തീരുമാനിക്കുന്നതിൽ മുസ്‌ലിം ലീഗ് നേതാവ് ബനാത് വാല സാഹിബിന്റെ പങ്ക് ചരിത്രപ്രധാന്യമുള്ളതാണ്. നിയമം നിർമ്മിക്കുമ്പോൾ ബാബരി മസ്ജിദ് കേസ് നിലനിന്നിരുന്നതിനാൽ ഈ നിയമത്തിൽ നിന്നും ഒഴിവാക്കിയത് കൊണ്ടാണ് ഈ ആക്ട് ബാബരി മസ്ജിദിന് ബാധകമാകാതിരുന്നത്.
3) ഇൻഡ്യൻ ജുഡീഷ്യറി പൂർണ്ണമായും സംഘികളുടെ കളിപ്പാവയായി മാറിക്കഴിഞ്ഞു.
ഉ: ബി.ജെ.പി ഭരണകൂടം ഫാഷിസ്റ്റ് ഭരണമാണെന്ന് സമ്മതിക്കാൻ പ്രകാശ് കരാട്ടിന്റെ പാർട്ടിക്ക് വൈമനസ്യമുണ്ടെങ്കിലും ജുഡീഷ്യറി സംഘ് വൽക്കരിക്കപ്പെട്ടു എന്ന് പറയാൻ സ്വരാജിനും കൂട്ടർക്കും യാതൊരു മടിയുമില്ല. മുസ്‌ലിംകൾക്ക് വെച്ചു നീട്ടിയ അഞ്ച് ഏക്കർ ഔദാര്യം വേണ്ടെന്നും അത് കുപ്പത്തൊട്ടിയിലെറിയണമെന്നുമൊക്കെ ഉവൈസിയെ പോലുള്ളവർക്കും എളുപ്പത്തിൽ പറയാം. അതിനാണ് കയ്യടി കൂടുതൽ കിട്ടുകയും ചെയ്യുക. അതേ സമയം മോദി ഭരണ കാലത്തെ സുപ്രീം കോടതി വിധികൾ പൂർണ്ണമായും സംഘികൾക്ക് അനുകൂലമോ ഭൂരിപക്ഷ സമുദായത്തെ തൃപ്തിപ്പെടുത്തുന്നതോ ആണെന്ന് പറയാനാവുമോ?
ശബരിമല കേസിലെ വിധി ഹിന്ദു മത വിശ്വാസികൾക്ക് സ്വീകാര്യമായിരുന്നോ? വിവാഹേതര ബന്ധം, സ്വവർഗ്ഗ വിവാഹം തുടങ്ങിയ കേസുകളിലെ വിധികൾ ഭൂരിപക്ഷ-ന്യൂനപക്ഷ സമുദായത്തിലെ വിശ്വാസികൾക്ക് ഉൾക്കൊള്ളാൻ കഴിയുന്നതായിരുന്നോ? സംഘികളും എൻ.ഐ.എ യും കിണഞ്ഞ് ശ്രമിച്ചിട്ടും ഹാദിയ കേസിൽ സുപ്രീം കോടതി ഭരണഘടന ഉയർത്തിപ്പിടിച്ച് വിധി പ്രസ്താവിച്ചത് ആർക്കാണ് മറക്കാൻ കഴിയുക!
സുപ്രീം കോടതിക്ക് തെറ്റ് പറ്റില്ല എന്നല്ല. തെറ്റായ വിധി പ്രസ്താവം ഉണ്ടാവില്ല എന്നുമല്ല. ഉണ്ടായിട്ടുണ്ട്. ഇനിയുമുണ്ടാവും. അത്തരം സന്ദർഭങ്ങളിൽ നീതി ന്യായ വ്യവസ്ഥിതിയിലുള്ള വിശ്വാസം ഉപേക്ഷിക്കുന്നതിനു പകരം നിയമപരമായ മാർഗ്ഗത്തിലൂടെ മുന്നോട്ടു പോവുകയാണ് വേണ്ടത്.
വൈകാരിക പ്രതികരണങ്ങൾ എളുപ്പമാണ്. ജുഡീഷ്യറിയും പക്ഷപാതപരമാണ് എന്നു വിധി പ്രസ്താവിക്കാനും എളുപ്പമാണ്. എല്ലാ പ്രതീക്ഷയും നഷ്ടപ്പെട്ടവരുടെ അവസാനത്തെ പ്രതീക്ഷയായ(last resort) ജുഡീഷ്യറിയിൽ ഇനിയും പ്രതീക്ഷക്ക് വകയുണ്ട് എന്നത് മുന്നോട്ടു നടക്കാൻ നമുക്ക് അത്യാവശ്യമാണ്. ആ പ്രതീക്ഷകൾ അസ്ഥാനത്തല്ല എന്ന വിശ്വാസം മുറുകെ പിടിച്ച് നമുക്ക് മുന്നോട്ട് നടന്നേ തീരൂ.