തിരുവനന്തപുരം- കേരളത്തിൽ പബ്ബുകൾ ആരംഭിക്കുന്നതിനെക്കുറിച്ച് ഗൗരവമായി പരിശോധിച്ചുവരികയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മുഖ്യമന്ത്രിയുടെ പ്രതിവാര ടെലിവിഷൻ പരിപാടിയായ 'നാം മുന്നോട്ട്' സംവാദ പരിപാടിയിലാണ് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയത്. രാത്രി വൈകിയും പ്രവർത്തിക്കേണ്ടി വരുന്ന ഐ.ടി ഉദ്യോഗസ്ഥരെ പോലെയുള്ളവർക്ക് ജോലിക്ക് ശേഷം അൽപം ഉല്ലസിക്കണമെന്ന് തോന്നിയാൽ അതിന് സൗകര്യമില്ലെന്ന് പരാതിയുണ്ട്. ഈ സാഹചര്യത്തിൽ പബ്ബുകൾ ആരംഭിക്കുന്നത് പരിഗണനയിലാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ആളുകൾ ക്യൂനിൽക്കുന്നത് ഒഴിവാക്കി മികച്ച രീതിയിൽ സജ്ജീകരിച്ച ബിവറേജസ് വിൽപന കേന്ദ്രങ്ങൾ ഒരുക്കുന്നതും ആലോചനയിലുണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.