കോട്ടയം/നെടുമ്പാശേരി - നടിയെ അക്രമിച്ച കേസിൽ പിടിയിലായ നടൻ ദിലീപിന്റെ പേരിലുള്ള ഭൂമി കയ്യേറ്റം സംബന്ധിച്ച ആരോപണങ്ങളിൽ കഴമ്പില്ലെന്ന് റിപ്പോർട്ട്. കുമരകത്തും നെടുമ്പാശേരിയിലും ദിലീപ് ഭൂമി കയ്യേറിയിട്ടുണ്ടെന്ന പരാതിയിൽ റവന്യൂ വകുപ്പ് അന്വേഷണം നടത്തിയെങ്കിലും കയ്യേറ്റം സംബന്ധിച്ച തെളിവുകൾ ലഭിച്ചിട്ടില്ല.
കുമരകത്ത് ദിലീപ് ഭൂമി കയ്യേറിയിട്ടില്ലെന്നാണ് ജില്ലാ കലക്ടറുടെ റിപ്പോർട്ട്. ദിലീപ് വാങ്ങി മറിച്ച് വിറ്റ ഭൂമിയിൽ പുറമ്പോക്ക്് ഉണ്ടെന്ന് നേരത്തെ ആരോപണം ഉയർന്നു. എന്നാൽ ഈ ഭൂമിയിൽ നിർമ്മാണപ്രവർത്തനങ്ങൾ ഒന്നും നടന്നിട്ടില്ലെന്നും അതിനാൽ കയ്യേറ്റം നടന്നതായി കണ്ടെത്തനായിട്ടില്ലെന്നുമാണ് റിപ്പോർട്ടിൽ ഉള്ളത്. റിപ്പോർട്ട് റവന്യു മന്ത്രിക്ക് കൈമാറി.
ജില്ലാ കലക്ടറുടെ നിർദ്ദേശ പ്രകാരം റവന്യു വകുപ്പ് ഉദ്യോഗസ്ഥരും സർവ്വേ ഉദ്യോഗസ്ഥരും സ്ഥലത്ത് വിശദമായ പരിശോധന നടത്തി. കായൽ പുറമ്പോക്കിനോട് ചേർന്ന് കിടക്കുന്ന ഭൂമിയാണെങ്കിലും ഇവിടെ കയ്യേറ്റം നടന്നിട്ടില്ലെന്നാണ് കണ്ടെത്തിയത്. ദിലീപ് ഭൂമി മറിച്ച് വിറ്റിട്ടും നിർമ്മാണ പ്രവർത്തനങ്ങൾ ഒന്നും നടന്നിട്ടില്ല. ഏത് നിലയിലായിരുന്നുവോ ഭൂമി അതേ സ്ഥിതിയിലാണെന്നും കണ്ടെത്തി. ഇതേ തുടർന്നാണ് ദിലീപ് കയ്യേറ്റം നടത്തിയതായി കാണാൻ സാധിക്കില്ലെന്ന് ജില്ലാ കലക്ടർ റിപ്പോർട്ട് തയ്യാറാക്കിയത്. ഈ റിപ്പോർട്ട് റവന്യു മന്ത്രിക്ക് കൈമാറിയിട്ടുണ്ട്.
2007 ലാണ് കുമരകം വില്ലേജിലെ പന്ത്രണ്ടാം ബ്ലോക്കിൽ പെടുന്ന
190-ാം സർവ്വേ നമ്പറിലെ കായൽ ഭൂമി ദിലീപ് വാങ്ങിയത്. വൈകാതെ ഇത് മറിച്ചു വിൽക്കുകയും ചെയ്തു. ഇതിന്റെ രേഖകൾ നേരത്തെ തന്നെ നടിയെ ആക്രമിച്ച കേസ് അന്വേഷിക്കുന്ന സംഘത്തിന് ലഭിച്ചിരുന്നു. 2007ൽ സെന്റിന് 70,000 രൂപക്കാണ് ദിലീപ് സ്ഥലം വാങ്ങിയതെന്നാണ് കണ്ടെത്തിയത്.
കയ്യേറ്റം ഒഴിപ്പിക്കുന്നത് തടഞ്ഞ് ഹൈക്കോടതിയിൽ നിന്ന് ഇടക്കാല ഉത്തരവ് ദിലീപ് നേടിയിരുന്നു. കൈയ്യേറിയ ഭൂമി അടക്കം രണ്ടരയേക്കർ സ്ഥലം പിന്നീട് 4.80 ലക്ഷം രൂപക്ക് മറിച്ചു വിറ്റതായും പോലിസ് കണ്ടെത്തിയിരുന്നു. മറിച്ചുവിറ്റ സ്ഥലത്തിൽ സർക്കാർ ഭൂമിയുണ്ടെന്ന വിവരം ബന്ധപ്പെട്ടവർ കോടതിയെ അറിയിച്ചിരുന്നില്ലെങ്കിലും ഇതു സംബന്ധിച്ച ഫയലുകൾ പരിശോധിച്ച കോടതി കയ്യേറ്റ സ്ഥലം തിരിച്ചു പിടിക്കാൻ സ്‌പെഷ്യൽ തഹസീൽദാർക്ക് നിർദേശം നൽകി. എന്നാൽ ദിലീപ് ഭൂമി കയ്യേറിയിട്ടില്ലെന്ന കോട്ടയം ജില്ലാ കലക്ടർ റിപോർട്ട് നൽകിയതോടെ കുമരകത്തെ ഭൂമിയിടപാട് സംബന്ധിച്ച മന്ത്രിയുടെ നിലപാട് നിർണായകമാകും.
എന്നാൽ അന്ന് ഭൂമി ഇടപാട് നടത്താൻ ഇടനിലക്കാരനായി നിന്ന ജോസാണ് കയ്യേറ്റ ഭൂമി ഉണ്ടെന്ന് വെളിപ്പെടുത്തിയത്. ഇതേ തുടർന്ന് റവന്യുമന്ത്രി ജില്ലാ കലക്ടറോട് റിപ്പോർട്ട് ആവശ്യപ്പെടുകയായിരുന്നു.
നെടുമ്പാശ്ശേരിയിൽ ദിലീപ് കൈയേറിയെന്ന ആരോപിച്ച സ്ഥലം അളന്നപ്പോൾ കയ്യേറ്റം കണ്ടത്താനായില്ല. പുറപ്പിളളിക്കാവ് റെഗുലേറ്റർ കം ബ്രിഡ്ജിന് സമീപം ദിലീപ് പുഴ പുറംപോക്ക് കൈയേറിയെന്ന പരാതിയെ തുടർന്ന് നടത്തിയ പരിശോധനയിൽ റവന്യു അധികൃതർ നടത്തിയ പരിശോധനയിൽ കൈയേറ്റം കണ്ടെത്താനായില്ല. കരുമാല്ലൂർ വില്ലേജിന്റെ കീഴിലാണ് ദിലീപ് കൈയേറിയെന്ന് ആരോപിക്കപ്പെട്ട പ്രദേശം കിടക്കുന്നത് കരുമാല്ലൂർ പഞ്ചായത്തിന്റെയും ഇറിഗേഷൻ വിഭാഗത്തിന്റെയും കത്തിന്റെ അടിസ്ഥാനത്തിലാണ് റവന്യു അധികൃതർ പരിശോധന നടത്തിയത്. ഇന്നലെഉച്ചയോടെ ആരംഭിച്ച പരിശോധന വൈകുന്നേരത്തോടെ വളരെ വൈകിയാണ് അവസാനിച്ചത്.രണ്ട് താലുക്ക് സർവേയർമാരുടെയും വില്ലേജ് ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിലായിരുന്നു പരിശോധന നടന്നത്. പെരിയാറിന്റെ ഭാഗത്ത് ദിലീപിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്തോട് ചേർന്ന് പുറംപോക്ക് ഉണ്ടോയെന്നാണ് പരിശോധന നടത്തിയത് ഇതിനായി കണ്ണാടി കല്ല് കണ്ടെത്തിയ ശേഷം അവിടെ നിന്നും സർവ്വേ മാപ്പ് പ്രകാരം പുഴയിലേക്കുള്ള ദൂരം അളക്കുകയായിരുന്നു ആദ്യം ചെയ്തത്.പിന്നീട് മണിക്കൂറുകൾ നീണ്ട പരിശോധനകൾക്കൊടുവിലാണ് ഈ പ്രദേശത്ത് കൈയേറ്റമില്ലെന്ന കാര്യം സ്ഥിരീകരിച്ചത്. വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെയും നാട്ടുകാരുടെയും സാന്നിദ്ധ്യത്തിലായിരുന്നു അളന്നു പരിശോധന നടത്തിയത്. ഇതിനിടെ ദിലീപിന്റെ സ്ഥലത്തിനോട് ചേർന്ന് പെരിയാറിന്റെ തീരത്ത് ഇറിഗേഷൻ വിഭാഗത്തിന്റെ കരിങ്കൽകെട്ടിന് മുകളിൽ ദിലീപ് നിർമ്മിച്ചിരുന്ന മതിൽ പൊളിച്ചുനീക്കാൻ ചിലർ ശ്രമം നടത്തി. എന്നാൽ ചെങ്ങമനാട് പോലീസ് സബ് ഇൻസ്‌പെക്ടർ ഗോപകുമാറിന്റെ നേതൃത്വത്തിൽ പോലീസ് ഇടപെട്ട് ഇത് തടയുകയായിരുന്നു. താലൂക്ക് സർവയർമാർ നടത്തിയ പരിശോധന സംബന്ധിച്ച് ഇന്ന് ജില്ലാ കളക്ടർക്ക് വിശദമായ റിപ്പോർട്ട് കൈമാറും.