Sorry, you need to enable JavaScript to visit this website.

മൂക്കുകുത്തി ശ്രീലങ്ക

ഇന്ത്യ 600, ശ്രീലങ്ക അഞ്ചിന് 154
ഗാൾ - ഇന്ത്യക്കെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റിൽ ശ്രീലങ്ക ഫോളോഓണിലേക്ക്. ശിഖർ ധവാന്റെയും (190) ചേതേശ്വർ പൂജാരയുടെയും (153) സെഞ്ചുറികൾക്കു പിന്നാലെ അജിൻക്യ രഹാനെയും (57) അരങ്ങേറ്റക്കാരൻ ഹാർദിക് പാണ്ഡ്യയും (50) അർധ ശതകങ്ങൾ നേടിയതോടെ ഒന്നാം ഇന്നിംഗ്‌സിൽ 600 റൺസാണ് ഇന്ത്യ പടുത്തുയർത്തിയത്. ഏഴു മാസത്തിനിടെ ഇന്ത്യ അഞ്ചാം തവണയാണ് അറുനൂറിലെത്തുന്നത്. അതിനു മുമ്പുള്ള 47 ടെസ്റ്റിൽ ഒരിക്കൽ പോലും 600 റൺസെടുക്കാനായിരുന്നില്ല. നാലര റൺസ് ശരാശരിയിലായിരുന്നു ഇന്ത്യയുടെ കുതിപ്പ്. 
പിന്നീട് ഇന്ത്യൻ ബൗളർമാർ ആതിഥേയരുടെ മുൻനിര തകർത്തു. അഞ്ചിന് 154 ലാണ് രണ്ടാം ദിനം ശ്രീലങ്ക കളി നിർത്തിയത്. പരിക്കേറ്റ അസേല ഗുണരത്‌നക്ക് ബാറ്റ് ചെയ്യാനാവില്ലെന്നിരിക്കെ ഫലത്തിൽ ഇനി നാല് വിക്കറ്റേ ശേഷിക്കുന്നുള്ളൂ. ഫോളോഓൺ ഒഴിവാക്കാൻ അവർ 247 റൺസ് കൂടി നേടണം. ആറ് വിക്കറ്റെടുത്ത് പെയ്‌സ്ബൗളർ നുവാൻ പ്രദീപ് നിരാശാജനകമായ ശ്രീലങ്കൻ ബൗളിംഗിലെ രജത രേഖയായി.
വരണ്ട പിച്ചിൽ ഇന്ത്യൻ പെയ്‌സർമാർ സ്വിംഗും സീമും കണ്ടെത്തുകയും സ്പിന്നർ ഡിപ്പും ഡ്രിഫ്റ്റും ടേണും ബൗൺസുമായി ക്രീസ് വാഴുകയും ചെയ്തതോടെ ശ്രീലങ്കക്ക് ബാറ്റിംഗ് ദുഷ്‌കരമായി. ഒരറ്റത്ത് മനോഹരമായ ഷോട്ടിലൂടെ മുന്നേറുകയായിരുന്ന ഓപണർ ഉപുൽ തരംഗയെ (64) ഫോർവേഡ് ഷോട്‌ലെഗിലെ ചടുലമായ ഫീൽഡിംഗിലൂടെ അഭിനവ് മുകുന്ദ് റണ്ണൗട്ടാക്കുകയും ചെയ്തു. നിരോഷൻ ഡിക്‌വെലയെ (15) പുറത്താക്കാൻ മനോഹരമായ ക്യാച്ചെടുക്കുകയും ചെയ്തു മുകുന്ദ്. 
ഓപണർമാരായ ദിമുത് കരുണരത്‌നെയെ ഉമേഷ് യാദവും ധനുഷ്‌ക ഗുണതിലകയെയും കുശാൽ മെൻഡിസിനെയും മുഹമ്മദ് ഷാമിയും പുറത്താക്കിയ ശേഷം തുടർച്ചയായ പതിനെട്ടോവറിൽ അശ്വിൻ ശ്രീലങ്കൻ മധ്യനിരയെ വെള്ളം കുടിപ്പിച്ചു. രണ്ടാം ഓവറിൽ തന്നെ ഇന്ത്യക്ക് ബ്രെയ്ക്ത്രൂ ലഭിച്ചു. വ്യക്തമായിരുന്ന എൽ.ബി വിധിക്കെതിരെ ദിമുത് (2) ഡി.ആർ.എസും പാഴാക്കി. ഇടങ്കൈയന്മാരായ അരങ്ങേറ്റക്കാരൻ ധനുഷ്‌കയും തരംഗയും പിന്നീട് മത്സരിച്ച് ഷോട്ടുകൾ കളിച്ചു. അഞ്ചോവറിൽ 61 റൺസ് കൂട്ടുകെട്ടുണ്ടാക്കി അവർ. എന്നാൽ ഷാമിക്കെതിരെ വമ്പൻ ഷോട്ട് കളിക്കാനുള്ള ധനുഷ്‌കയുടെ ശ്രമം സ്ലിപ്പിൽ ശിഖറിന്റെ കൈയിലവസാനിച്ചു. ഷാമിയുടെ മറ്റൊരു മനോഹരമായ പന്ത് കുശാലിന്റെ (0) ബാറ്റിലുമ്മ വെച്ച് ശിഖറിന്റെ തന്നെ കൈയിലേക്കിറങ്ങി. 
തരംഗയും ഏഞ്ചലൊ മാത്യൂസും (54 നോട്ടൗട്ട്) 57 റൺസ് കൂട്ടുകെട്ടിലൂടെ ഇന്നിംഗ്‌സ് പാളത്തിൽ കയറ്റാൻ ശ്രമിക്കുമ്പോഴാണ് അപ്രതീക്ഷിതമായ റണ്ണൗട്ടുണ്ടായത്. അശ്വിനെ പ്രതിരോധിക്കാൻ ക്രീസ് വിട്ടിറങ്ങിയ തരംഗ തിരിച്ച് ക്രീസിലെത്തുമ്പോഴേക്കും സില്ലി പോയന്റിൽനിന്ന് മുകുന്ദിന്റെ ഏറ് കീപ്പറുടെ കൈയിലെത്തി. ബാറ്റ്‌സ്മാൻ ക്രീസിൽ ബാറ്റ് കുത്തിയെങ്കിലും വൃദ്ധിമാൻ സാഹ സ്റ്റമ്പ് തെറിപ്പിക്കുമ്പോൾ ബാറ്റ് നിലത്തുതട്ടി ഉയർന്ന അവസ്ഥയിലായിരുന്നു. ഡിക്‌വെലയെ പുറത്താക്കിയ അശ്വിന്റെ പന്തും മുകുന്ദിന്റെ ക്യാച്ചും ഒന്നിനൊന്ന് സുന്ദരമായിരുന്നു. 
മാത്യൂസ് തുടക്കത്തിൽ അശ്വിനെതിരെ പരുങ്ങി. 32 ലുള്ളപ്പോൾ എൽ.ബി.ഡബ്ല്യു അപ്പീലിൽനിന്ന് തലനാരിഴക്ക് രക്ഷപ്പെടുകയായിരുന്നു. ദിൽറുവാൻ പെരേരയാണ് (6) സ്റ്റമ്പെടുക്കുമ്പോൾ മാത്യൂസിന് കൂട്ട്.   
രാവിലെ മൂന്നിന് 399 ൽ ഇന്നിംഗ്‌സ് പുനരാരംഭിച്ച ഇന്ത്യയെ ഭേദപ്പെട്ട ബൗളിംഗിലൂടെ ശ്രീലങ്ക തുടക്കത്തിൽ ശ്രീലങ്ക തടുത്തുനിർത്തി. എന്നാൽ അശ്വിനും (47) ഹാർദിക്കും സ്‌കോർ അറുനൂറിലെത്തിച്ചു. ആദ്യ 11 ഓവറിനിടെ പൂജാരയെയും രഹാനെയെയും ആതിഥേയർ പുറത്താക്കി. നുവാൻ പ്രദീപിന്റെ എക്‌സ്ട്രാ ബൗൺസാണ് പൂജാരയെ കബളിപ്പിച്ചത്. ലാഹിരു കുമാരയുടെ ഫുൾബോൾ ഡ്രൈവ് ചെയ്ത രഹാനെയും സ്ലിപ്പിൽ പിടി കൊടുത്തു. ഒഴുക്കോടെ മുന്നേറിയ അശ്വിനും സാഹയും (16) ആറാം വിക്കറ്റിൽ 59 റൺസ് ചേർത്തു. ആറ് പന്തിനിടെ ഇരുവരും പുറത്തായി. ഏഴ് ബൗണ്ടറിയോടെ 60 പന്തിൽ 47 ലെത്തിയ അശ്വിനെ ബൗൺസറിലൂടെയാണ് നുവാൻ വീഴ്ത്തിയത്. 
നുവാന്റെ യോർക്കറിൽ രവീന്ദ്ര ജദേജയുടെ (15) സ്റ്റമ്പുകൾ കടപുഴകി. എന്നാൽ അവസാന രണ്ടു വിക്കറ്റിൽ ഇന്ത്യ 71 പന്തിൽ നിർണായകമായ 83 റൺസ് ചേർത്തു. മുഹമ്മദ് ഷാമി (30) രംഗന ഹെറാത്തിനെ മൂന്നു സിക്‌സറിന് ഉയർത്തി. ഹാർദിക്കും മൂന്നു സിക്‌സറുകൾ പായിച്ചു. ഒമ്പതാം വിക്കറ്റിൽ ഇരുവരും 62 റൺസ് കൂട്ടുകെട്ടുണ്ടാക്കി. പതിനൊന്നാമൻ ഉമേഷ് യാദവും (11 നോട്ടൗട്ട്) സിക്‌സറടിക്കാൻ കൂട്ടുചേർന്നു. 
ലാഹിരുവിനെ സിക്‌സറിനും രംഗനെയെ ബൗണ്ടറിക്കും ഉമേഷ് പായിച്ചതോടെയാണ് ഇന്ത്യ 600 ലെത്തിയത്. 48 പന്തിൽ അർധ ശതകം പിന്നിട്ട ഹാർദിക് അതേ ഓവറിൽ പുറത്തായതോടെ ഇന്നിംഗ്‌സ് അവസാനിച്ചു.

സ്‌കോർബോർഡ്
ഇന്ത്യ
ശിഖർ സി മാത്യൂസ് ബി പ്രദീപ് 190 (168, 4-31), അഭിനവ് സി ഡിക്‌വെല ബി പ്രദീപ് 12 (26, 4-2), പൂജാര സി ഡിക്‌വെല ബി പ്രദീപ് 153 (265, 4-13), കോഹ്‌ലി സി ഡിക്‌വെല ബി പ്രദീപ് 3 (8), രഹാനെ സി കരുണരത്‌നെ ബി കുമാര 57 (130, 4-3), അശ്വിൻ സി ഡിക്‌വെല ബി പ്രദീപ് 47 (60, 4-7), സാഹ സി പെരേര ബി ഹെറാത്ത് 16 (32, 4-3), ഹാർദിക് സി സബ് ബി കുമാര 50 (49, 6-3, 4-5), ജദേജ ബി പ്രദീപ് 15 (24, 4-2), ഷാമി സി തരംഗ ബി കുമാര 30 (30, 6-3), ഉമേഷ് നോട്ടൗട്ട് 11 (10, 6-1, 4-1)
എക്‌സ്ട്രാസ് - 16
ആകെ - 600
വിക്കറ്റ് വീഴ്ച: 1-27, 2-280, 3-286, 4-423, 5-432, 6-491, 7-495, 8-517, 9-579
ബൗളിംഗ്: പ്രദീപ് 30.1-2-132-6, ലാഹിരു കുമാര 25.1-3-131-3, ദിൽറുവാൻ 30-1-130-0 ഹെറാത് 40-6-159-1, ധനുഷ്‌ക 7-0-41-0
ശ്രീലങ്ക
കരുണരത്‌നെ എൽ.ബി ഉമേഷ് 2 (9), തരംഗ റണ്ണൗട്ട് (മുകുന്ദ്/സാഹ) 64 (93, 4-10), ഗുണതിലക സി ശിഖർ ബി ഷാമി 16 (37, 4-2), കുശാൽ സി ശിഖർ ബി ഷാമി 0 (4), മാത്യൂസ് നോട്ടൗട്ട് 54 (91, 6-1, 4-8), ഡിക്‌വെല സി മുകുന്ദ് ബി അശ്വിൻ 8 (15, 4-1), ദിൽറുവാൻ നോട്ടൗട്ട് 6 (15)
എക്‌സ്ട്രാസ് - 4
ആകെ (അഞ്ചിന്) - 154
വിക്കറ്റ് വീഴ്ച' 1-7, 2-68, 3-68, 4-125, 5-143
ബൗളിംഗ്: ഷാമി 9-2-30-2, ഉമേഷ് 8-1-50-1, അശ്വിൻ 18-2-49-1, ജദേജ 9-1-22-0

Latest News