തീരുമാനം ഏകകണ്ഠമെന്ന് ഫെഡറേഷൻ
കോടതി കേന്ദ്രത്തിന്റെ വിശദീകരണം തേടി
ന്യൂദൽഹി - ഏഷ്യൻ ചാമ്പ്യൻ പി.യു ചിത്രയെ ലോക അത്‌ലറ്റിക് മീറ്റിനുള്ള ഇന്ത്യൻ ടീമിൽനിന്ന് തഴഞ്ഞതിനെതിരെ വ്യാപകമായ പ്രതിഷേധം ഉയർന്നെങ്കിലും തീരുമാനം പുനഃപരിശോധിക്കില്ലെന്ന് അത്‌ലറ്റിക്‌സ് ഫെഡറേഷൻ ഓഫ് ഇന്ത്യ. സോഷ്യൽ മീഡിയയിലും മാധ്യമങ്ങളിലും ഉയരുന്ന വിമർശനത്തിന് മറുപടിയെന്ന നിലയിൽ എ.എഫ്.ഐ പ്രസിഡന്റ് ആദിൽ സുമരിവാല പുറത്തുവിട്ട തുറന്ന കത്തിലാണ് തീരുമാനം സെലക്ഷൻ കമ്മിറ്റിയുടെ ഏകകണ്ഠമായ തീരുമാനമായിരുന്നുവെന്ന് വിശദീകരിച്ചത്. താൻ നിരീക്ഷക മാത്രമാണെന്നും സെലക്ടറല്ലെന്നുമുള്ള പി.ടി. ഉഷയുടെ വാദം ഖണ്ഢിക്കുന്നതു കൂടിയാണ് പ്രസിഡന്റിന്റെ കത്ത്. ജൂലൈ 20 ന് ചേർന്ന യോഗത്തിൽ ഉഷയും ചീഫ് കോച്ച് ബഹാദൂർ സിംഗും ഡെപ്യൂട്ടി ചീഫ് കോച്ച് രാധാകൃഷ്ണൻ നായരും ഉൾപ്പെടെയുള്ള അംഗങ്ങൾ പങ്കെടുത്തിരുന്നുവെന്നും തീരുമാനം ഏകകണ്ഠമായിരുന്നുവെന്നും സുമരിവാല വിശദീകരിച്ചു.
ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ സ്വർണം നേടിയാൽ മാത്രം പോരാ അതിനു ശേഷം നടന്ന അന്തർ സംസ്ഥാന മീറ്റിലെ പ്രകടനവും പരിഗണിച്ചേ ലോക മീറ്റിന് പരിഗണിക്കൂ എന്ന് എല്ലാ അത്‌ലറ്റുകളെയും അറിയിച്ചിരുന്നുവെന്ന് പ്രസിഡന്റ് വെളിപ്പെടുത്തി. മൂന്ന് ഏഷ്യൻ ചാമ്പ്യന്മാരെ ടീമിൽനിന്ന് മാറ്റിനിർത്തിയതിനും രണ്ടു പേരെ ഉൾപ്പെടുത്തിയതിനുമെതിരായ വിമർശനത്തിനും കത്തിൽ മറുപടി നൽകുന്നുണ്ട്.
ചിത്ര മത്സരിച്ച 1500 മീറ്ററിൽ ലോക മീറ്റിനുള്ള യോഗ്യതാ മാർക്ക് നാല് മിനിറ്റ് 7.50 സെക്കന്റാണ്. ചിത്ര ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ ജയിച്ചത് നാലു മിനിറ്റ് 17.92 സെക്കന്റിലാണ്. ഇന്ത്യൻ ജൂനിയർ റെക്കോർഡിനു (നാല് മിനിറ്റ് 17.29 സെ.) പോലും പിന്നിലാണ് ഈ സമയം. അജയ്കുമാർ സരോജ് (1500 മീ.), സുധാ സിംഗ് (3000 മീ. സ്റ്റീപ്പിൾചെയ്‌സ്) എന്നിവരുടെയും കാര്യത്തിൽ ഇതു തന്നെയാണ് അവസ്ഥ. ദീർഘദൂര ഡബ്ൾ നേടിയ ജി. ലക്ഷ്മണനും ലോക നിലവാരത്തിനടുത്തെങ്ങുമല്ലെങ്കിലും ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ രണ്ടു സ്വർണം നേടിയതു പരിഗണിച്ചാണ് ലോക മീറ്റിനയക്കുന്നതെന്ന് കുറിപ്പിൽ വിശദീകരിക്കുന്നു. ഇത്ര ചെറുപ്രായത്തിൽ പ്രയാസകരമായ കാലാവസ്ഥയിലാണ് ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ സ്വർണം നേടിയതെന്നു പരിഗണിച്ചാണ് ഹെപ്റ്റാത്തലണിൽ സ്വപ്‌ന ബർമനെ ടീമിലെടുത്തതെന്നും കത്തിൽ വിശദീകരിച്ചു. കോച്ചിംഗ് സ്റ്റാഫിനെ ഉൾപ്പെടുത്താനാണ് അത്‌ലറ്റുകളെ ഒഴിവാക്കിയതെന്ന വാദവും ശരിയല്ല. അത്‌ലറ്റുകളുടെ എണ്ണത്തിന്റെ 80 ശതമാനം കോച്ചുമാരെ അയക്കാമെന്നാണ് ചട്ടം. ഇന്ത്യൻ ടീമിൽ ഇത് 50 ശത്മാനമേ വരൂ. ഇവരുടെ യാത്രാ, താമസ സൗകര്യം നൽകുന്നത് ലോക മീറ്റ് സംഘാടകരാണ് -കത്തിൽ വിശദീകരിക്കുന്നു.
പ്രസിഡന്റിനെ ഖണ്ഡിച്ച് കേരളം
എന്നാൽ അസോസിയേഷൻ പ്രസിഡന്റ് ആദിൽ സുമരിവാലയെ കേരളാ അത്‌ലറ്റിക്‌സ് അസോസിയേഷൻ ഖണ്ഠിച്ചു. അന്തർ സംസ്ഥാന മീറ്റിൽ പങ്കെടുക്കണമെന്നത് നിർബന്ധമായിരുന്നുവെങ്കിൽ എന്തുകൊണ്ട് ലോക മീറ്റ് ടീമിലെ 24 പേരിൽ ഏഴു പേർ പങ്കെടുത്തില്ലെന്ന് കേരള അസോസിയേഷൻ ജനറൽ സെക്രട്ടറി പ്രൊഫ പി.ഐ ബാബു ചോദിച്ചു. ഇപ്പോൾ ടീമിലുൾപ്പെട്ട ജിസ്‌ന മാത്യു, സ്വപ്‌ന ബർമൻ അടക്കമുള്ള ഏഴു താരങ്ങൾ ഗുണ്ടൂർ മീറ്റിൽ പങ്കെടുത്തവരല്ല. മാനദണ്ഡങ്ങൾ ചില താരങ്ങൾക്ക് മാത്രം ബാധകമാവുന്നതെങ്ങനെയെന്ന് അദ്ദേഹം ചോദിച്ചു. ഉഷയുടെ ശിഷ്യയാണ് ജിസ്‌ന. ഉഷക്ക് ടീം തെരഞ്ഞെടുപ്പിൽ പങ്കുണ്ടെന്ന അഭിപ്രായം അസോസിയേഷനില്ലെന്നും എന്നാൽ സർക്കാർ നിരീക്ഷക എന്ന നിലയിൽ ഇരട്ടത്താപ്പ് ചൂണ്ടിക്കാട്ടേണ്ട ചുമതല ഉണ്ടായിരുന്നുവെന്നും അസോസിയേഷൻ ചൂണ്ടിക്കാട്ടി. സ്‌കൂൾ മീറ്റ് അടക്കമുള്ള വിവിധ കായിക മേളകൾ ഒന്നിച്ചു വരുന്നതിനാൽ സംസ്ഥാന ഇന്റർ ക്ലബ്ബ് മീറ്റ് സ്‌കൂൾ കായിക മേളകൾക്ക് ശേഷം നടത്താൻ യോഗം തീരുമാനിച്ചു. സംസ്ഥാന ജൂനിയർ മീറ്റ് സെപ്തംബർ 7,8,9 തീയതികളിൽ തിരുവനന്തപുരത്ത് നടത്താ നും ധാരണയായി.
കോടതി ഇടപെടുന്നു
ചിത്രയെ ഒഴിവാക്കിയതിനെതിരെ കോച്ച് എൻ.എസ്. സജിൻ നൽകിയ പരാതിയിൽ കേരളാ ഹൈക്കോടതി കേന്ദ്ര സർക്കാരിന്റെ വിശദീകരണം തേടി. ലോക മീറ്റിന് തെരഞ്ഞെടുക്കുന്നതിന്റെ മാനദണ്ഡവും ഇക്കാര്യത്തിൽ കേന്ദ്ര സർക്കാരിന് ഇടപെടാനാവുമോയെന്ന കാര്യവും 24 മണിക്കൂറിനകം അറിയിക്കാനാണ് ജസ്റ്റിസ് പി.ബി സുരേഷ് കുമാറിന്റെ നിർദേശം. അത്‌ലറ്റിക് ഫെഡറേഷന് നോട്ടീസ് അയച്ചിട്ടും പ്രതികരിക്കാത്തതിന്റെ സാഹചര്യവും കേന്ദ്ര സർക്കാർ അന്വേഷിച്ച് അറിയിക്കണമെന്ന് കോടതി നിർദേശിച്ചു. ചിത്രയെ ഒഴിവാക്കിയതിന് നീതീകരണമില്ലെന്ന് കേസിൽ കക്ഷിചേർന്ന സ്‌പോർട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ കോടതിയെ അറിയിച്ചു. കേസ് കോടതി ഇന്ന് പരിഗണിക്കും.