Sorry, you need to enable JavaScript to visit this website.

അപകടം വരുത്തിയില്ലെങ്കിൽ  ഇൻഷുറൻസ്  പോളിസിയിൽ ഇളവ്

റിയാദ്  - ചുരുങ്ങിയത് ഒരു വർഷമെങ്കിലും വാഹനാപകടങ്ങളുണ്ടാക്കാത്തവർക്ക് പോളിസി നിരക്കിൽ 10  മുതൽ 15  ശതമാനം വരെ പ്രത്യേക ഇളവ് നൽകുന്ന പദ്ധതി സൗദി അറേബ്യൻ മോണിട്ടറി അതോറിറ്റി (സാമ) പ്രഖ്യാപിച്ചു. 
അപകടങ്ങളിൽ നഷ്ടപരിഹാരം തേടി ക്ലെയിമുകൾ ഉന്നയിക്കാത്തവർക്കും ഒരേ കമ്പനിയുടെ പോളിസി തുടരുന്നവർക്കും പ്രത്യേക ഇളവ് നൽകുന്ന പദ്ധതി സാമ നേരത്തെ ആരംഭിച്ചിരുന്നു. ഇതിന്റെ ആനുകൂല്യം ലഭിക്കാത്തവരെ കൂടി ലക്ഷ്യമിട്ടാണ് അടുത്ത മാസം ഒന്നു മുതൽ ഡിസംബർ അവസാനം വരെ പ്രത്യേക പദ്ധതി നടപ്പാക്കുന്നത്. വാഹനങ്ങൾ പുതിയതായതിനാലോ പഴയ പോളിസി കൈവശമില്ലാത്തതിനാലോ പഴയ പോളിസിയുടെ കാലാവധി അവസാനിച്ച് ഒരു മാസത്തിലധികം പിന്നിട്ടതിനാലോ ഇളവിന് അവകാശമില്ലാത്തവരെയാണ് പുതിയ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. സാധ്യമായത്ര ഉപയോക്താക്കൾക്ക് ഇളവ് ലഭ്യമാക്കുന്നതിനാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് സാമ പറഞ്ഞു. 
അർഹരായ മുഴുവൻ സൗദി പൗരന്മാരും വിദേശികളും ഈ ഇളവ് പ്രയോജനപ്പെടുത്തണം. ഇളവ് നൽകുന്നതിന് കൂട്ടാക്കാത്ത ഇൻഷുറൻസ് കമ്പനികളെ കുറിച്ച് സാമ വെബ്‌സൈറ്റ് വഴിയോ ടോൾഫ്രീ നമ്പർ (8001256666) വഴിയോ പരാതി നൽകണമെന്ന് സാമ ആവശ്യപ്പെട്ടു. 

Tags

Latest News